കഥ, തിരക്കഥ മുത്തുവേല്‍ കരുണാനിധി; സംവിധാനം കൊച്ചിന്‍ ഹനീഫ
ഇതൊരു അസാധാരണ കഥയാണ്. മലയാളികളെ ഏറ്റവും രസിപ്പിച്ച ഹാസ്യനടനും യഥാര്‍ത്ഥ ജീവിതത്തില്‍ തമാശക്കാരനല്ലാത്ത, മലയാളത്തില്‍ രണ്ട് സൂപ്പര്‍ ഹിറ്റ് കഥയെഴുതി സംവിധാനം ചെയ്ത കൊച്ചിന്‍ ഹനീഫയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരംവയ്ക്കാനില്ലാത്ത തമിഴ് ചലച്ചിത്രരംഗത്തെ അതികായനായ മുത്തുവേല്‍ കരുണാനിധിയുമായുള്ള അപൂര്‍വ ബന്ധത്തിന്റെ കഥ. അത്ര പ്രശസ്തമല്ലാത്ത കഥ; അതിങ്ങനെ വായിക്കാം!
മുപ്പത്തഞ്ച് കൊല്ലം മുന്‍പാണ്, ചെന്നൈയിലെ ഹോട്ടല്‍ മുറിയിലിരുന്ന് ആരോടോ ഡയലോഗ് അടിച്ച് രസിച്ചിരിക്കുമ്പോള്‍ കൊച്ചിന്‍ ഹനീഫക്ക് ഒരു ഫോണ്‍ വന്നു. പ്രശസ്ത തമിഴ് ചലച്ചിത്ര ബാനറായ പൂമ്പുഹാറിന്റെ ചെന്നെ ഓഫീസില്‍നിന്നാണ്.
വിളിച്ചയാള്‍ പറഞ്ഞു: ''ഉങ്കളെ ഉടനെ പാക്കണം.''
ഹനീഫ ഉടനെ ചോദിച്ചു: ''യാര്‍ക്ക് പാക്കണം?''
അയാള്‍ പറഞ്ഞു: ''കലൈഞ്ജര്‍ക്ക്.''
മലയാള ചിത്രമായ 'പഞ്ചാബി ഹൗസി'ല്‍ മീനിനുപകരം മനുഷ്യശരീരം കണ്ട ബോട്ട് മുതലാളി ഗംഗാധരന്‍ അന്തംവിട്ട പോലെ കൊച്ചിന്‍ ഹനീഫ വായ്പൊളിച്ചുപോയി. കരുണാനിധിയാണ് കാണണമെന്ന് പറയുന്നത്. വിളിച്ചത് അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയില്‍നിന്നും.
കരുണാനിധിയുടെ ശത്രുവായ എം ജി ആറാണ് അപ്പോള്‍ തമിഴ്‌നാട് ഭരിക്കുന്നത്. കരുണാനിധി അറിയപ്പെടുന്ന തമിഴ് സിനിമ തിരക്കഥകൃത്താണ്. അദ്ദേഹത്തിന്റെ തിരക്കഥയായ 'പരാശക്തി'യിലാണ് ശിവാജി ഗണേശന്‍ ആദ്യം നടിച്ചത്. അഭിനയം ശരിയാവുന്നില്ലെന്ന് പറഞ്ഞ് സംവിധായകന്‍ ശിവാജിയെ തിരിച്ചയക്കാന്‍ നോക്കിയപ്പോള്‍ അതുതടഞ്ഞ്, ശിവാജിയെ തന്നെ തന്റെ തിരക്കഥയിലെ ഡയലോഗ് പറയിപ്പിച്ച് പടം ഹിറ്റാക്കിയ ആളാണ്. ഇതൊക്കെ അറിയാവുന്ന ഹനീഫ പൂമ്പുഹാറിന്റെ ഓഫീസിലെത്തി. ദാ ഇരിക്കുന്നു കലൈഞ്ജര്‍. ഒരു ചിരിയോടെ ഹനീഫയെ സ്വീകരിച്ചിരുത്തി. കാര്യം പറഞ്ഞു. ഹനീഫ പുളകമണിഞ്ഞു.
സംഭവം ഇതാണ്. കൊച്ചിന്‍ ഹനീഫ എഴുതി സംവിധാനം ചെയ്ത മലയാളത്തില്‍ വന്‍ വിജയം നേടിയ 'മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്' എന്ന ചിത്രം തമിഴില്‍ കലൈഞ്ജര്‍ നിര്‍മിക്കുന്നു. അത് ഹനീഫ തന്നെ സംവിധാനം ചെയ്യണം. രണ്ട് മണിക്കൂര്‍ സംസാരിച്ചുകഴിഞ്ഞപ്പോള്‍ ധാരണയായി. കരാറില്‍ ഒപ്പുവച്ചു. വര്‍ഷങ്ങള്‍ക്കുശേഷമാണ് കലൈഞ്ജര്‍ ഒരു സിനിമക്കുവേണ്ടി തിരക്കഥയെഴുതുന്നത്. 'പാശപ്പറവകള്‍' എന്ന ചിത്രത്തോടെ കൊച്ചിന്‍ ഹനീഫയെന്ന മലയാളി കരുണാനിധിയുടെ അടുത്ത ആളായി മാറി.
കഥാചര്‍ച്ച നടക്കുന്ന അവസരത്തില്‍ ഹനീഫ തമിഴില്‍ പേശാന്‍ ശ്രമിക്കുമ്പോള്‍ ഗ്രാമര്‍ തെറ്റും. ഉടനെ കലൈഞ്ജര്‍ പറയും, ''ഹനീഫ് മലയാളത്തിലെ പേസ്‌ങ്കോ എനിക്ക് തെരിയും ഞാനും എം ജി ആറും നാല്‍പ്പതു വര്‍ഷം ഒന്നാക പഴകിയതു താനെ.''
ആ സമയത്ത് കൊച്ചിന്‍ ഹനീഫ കലൈഞ്ജറും എം ജി ആറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലതും ചോദിച്ചു. തമിഴര്‍ക്ക് പോലും അറിയാത്ത സംഭവങ്ങള്‍ കലൈഞ്ജര്‍ ഹനീഫയോട് പറഞ്ഞു. ഒരു എഴുത്തുകാരനും മിമിക്രിക്കാരനും നടനുമായതിനാല്‍ സംസാരത്തില്‍ അസാമാന്യകഴിവുള്ള വ്യക്തിയാണ് ഫനീഫ. അതോടെ കലൈഞ്ജറുമായി അപൂര്‍വ സൗഹാര്‍ദ ബന്ധത്തിലായി.
എം ജി ആറുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത സംഭവം ഏതെന്ന് ഹനീഫ ചോദിച്ചു. കലൈഞ്ജര്‍ പറഞ്ഞത് ഇങ്ങനെ: ''ഒരുപാടുണ്ട്. ഹനീഫയോടായതുകൊണ്ടു മാത്രം ഒന്നു പറയാം. 1965 ലെ ഹിന്ദിവിരുദ്ധസമരത്തില്‍ ജയില്‍ ശിക്ഷയനുഭവിച്ച് തിരികെ ഞാന്‍ വന്ന ട്രെയിൻ എഗ്മൂറില്‍ എത്തുമ്പോള്‍ ജനപ്രളയമായിരുന്നു. മണ്ണിട്ടാല്‍ താഴെവീഴാത്ത മാതിരി ജനം തടിച്ചുകൂടി മുദ്രവാക്യം മുഴക്കുകയാണ്. പോലീസിനെ വെട്ടിച്ച് ജനക്കൂട്ടം ട്രെയിനിനടുത്തേക്ക് ഓടിവന്നു. വാതില്‍ തുറന്ന് ആദ്യം പുറത്തിറങ്ങിയ എം ജി ആര്‍ എന്നെ തോളിലേറ്റി ജനമധ്യത്തിലൂടെ നടന്ന് കാറില്‍ കയറ്റി വിടുകയായിരുന്നു.''
പല മലയാള സംവിധായകരും തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും കലൈഞ്ജരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത മലയാളി സംവിധായകര്‍ കൊച്ചിന്‍ ഹനീഫയും സുരേഷ് കൃഷ്ണയും മാത്രമാണ്. 'പാശപ്പറവകളില്‍' കലൈഞ്ജര്‍ നിര്‍ദ്ദേശിച്ച നായക നടന്‍ സത്യരാജ് ആയിരുന്നു. പക്ഷേ, കഥാപാത്രത്തിന് യോജിച്ച നടന്‍ ശിവകുമാറും. ഇപ്പോഴത്തെ താരങ്ങളായ സൂര്യയുടെയും കാര്‍ത്തിയുടെയും പിതാവാണ് നടന്‍ ശിവകുമാര്‍.
ശിവകുമാറിന്റെ പടങ്ങളെല്ലാം പരാജയപ്പെട്ട സമയമാണ്. സത്യരാജിന്റെ രണ്ട് ചിത്രങ്ങള്‍ നന്നായി ഓടുന്നു. സംവിധായകനായ ഹനീഫയുടെ നിര്‍ദേശത്തിനു വഴങ്ങി ശിവകുമാറിനെ തന്നെ നായകനാക്കാൻ കലൈഞ്ജര്‍ നിശ്ചയിച്ചു. അന്ന് ഒരു മലയാളി സംവിധായകനോടുള്ള ആദരവ് മാത്രമായിരുന്നില്ല കലൈഞ്ജര്‍ പ്രകടിപ്പിച്ചത്, ഹനീഫയെന്ന എഴുത്തുകാരനോടുള്ള ബഹുമാനം കൂടിയാണ്.
'പാശപ്പറവകള്‍' നൂറ്റമ്പത് നാള്‍ ഓടി. ചരിത്രം സൃഷ്ടിച്ച ഹിറ്റായി. 150-ാം ദിവസം ചെന്നെയില്‍ ഒരു തിയറ്ററിന്റെ മുന്നില്‍ സ്റ്റേജ് കെട്ടി ഡി എം കെയുടെ പൊതുയോഗം പോലെ ആഘോഷം നടത്തി. മൈലുകളോളം ട്യൂബ് ലൈറ്റുകള്‍ മിന്നിയ പരിപാടി.
തമിഴ്‌നാട് നിയമസഭ ഇലക്ഷന്‍ അടുത്ത സമയമായിരുന്നു. പ്രസംഗത്തിനെത്തിയ സംവിധായകന്‍ കൊച്ചിന്‍ ഹനീഫ തട്ടിവിട്ടു, ''അടുത്ത തമിഴ്‌നാട് മുതല്‍വര്‍ ഡോ.കലൈഞ്ജര്‍ തന്നെ!''അത് ജനം കയ്യടിച്ച് സ്വീകരിച്ചു. അടുത്ത ദിവസം പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഹനീഫയുടെ പ്രസംഗം ഫോട്ടോ സഹിതം വാര്‍ത്തയാക്കി.
മാസങ്ങള്‍ക്കുശേഷം തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഹനീഫ പങ്കെടുത്തു. ഫലപ്രഖ്യാപനം വന്നപ്പോള്‍ ഡി എം കെയ്ക്ക് വന്‍ വിജയം. ഹനീഫ നേരെ ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിലേക്ക് ചെന്നു. നേരിട്ട് കലൈഞ്ജറെ അഭിനന്ദിച്ചു. കലൈഞ്ജര്‍ ഹനീഫയെ അവിടെ പിടിച്ചിരുത്തി. 13 കൊല്ലത്തിനുശേഷം ഡി എം കെ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. ജയിച്ച പാര്‍ട്ടി എം എല്‍ എമാരും അണികളും വന്ന് ഗോപാലപുരം ജനസമുദ്രമായി മാറി.
ഫലപ്രഖ്യാപനം കേട്ടുകൊണ്ടിരിക്കെ ഊണുകഴിക്കാനിരുന്നു. അവര്‍ കലൈഞ്ജറും ഹനീഫയും മാത്രം ആ ഊണുമുറിയില്‍. അപ്പോള്‍ കലൈഞ്ജര്‍ ഹനീഫയോട് പറഞ്ഞു: ''ഈ മുറിയില്‍ എന്നോടൊപ്പം രണ്ട് മലയാളികളേ ഇരുന്നിട്ടുള്ളൂ. ഒന്ന് എം ജി ആര്‍, ഇപ്പോള്‍ ഹനീഫ്!'' ഒരു മലയാള സിനിമാക്കാരനും ലഭിക്കാത്ത ചരിത്രനിമിഷം തന്നെ!
പിന്നീട് ഡി എം കെ അധികാരത്തില്‍ വന്നപ്പോള്‍ കരുണാനിധി മുഖ്യമന്ത്രിയായി. 'സന്ദര്‍ഭം' എന്ന മലയാള പടം തമിഴില്‍ എടുക്കാന്‍ പൂമ്പുഹാര്‍ പ്രൊഡക്ഷന്‍സ് തീരുമാനിച്ചു. മുഖ്യമന്ത്രി കലൈഞ്ജര്‍ തന്നെ തിരക്കഥയെഴുതും. അങ്ങനെ ഒരു മുഖ്യമന്ത്രിയെഴുതുന്ന തിരക്കഥ സംവിധാനം ചെയ്യാന്‍ കൊച്ചിന്‍ ഹനീഫക്ക് ഭാഗ്യമുണ്ടായി. 'സന്ദര്‍ഭം' എന്ന പടത്തോടെ തമിഴ്‌നാട്ടില്‍ എവിടെ ചെന്നാലും പൊന്നാടയും സല്യൂട്ടും കിട്ടും. ഒരു മലയാളി സൂപ്പര്‍ താരത്തിനുപോലും കിട്ടാത്ത ബഹുമതി.
അതോടെ കൊച്ചില്‍ ഹനീഫ 'പഞ്ചാബി ഹൗസി'ലെ ഗംഗാധരന്‍ മുതലാളി പറയുംപോലെ 'പടക്കുറുപ്പന്മാരുടെ ഫാമിലി' അംഗം തന്നെയായി!