ഒരിക്കൽ കൂടി ചിത്രീകരിക്കാൻ സിബി മോഹിച്ച പാട്ട്
ഒരിക്കൽ കൂടി ചിത്രീകരിക്കാൻ അവസരം കിട്ടിയാൽ സ്വന്തം സിനിമകളിലെ ഏത് ഗാനമാകും അതിനായി തിരഞ്ഞെടുക്കുക? സിബി മലയിലിന് സംശയമില്ല; "സദയ"ത്തിലെ അറബിക്കഥയിലെ രാജകുമാരീ എന്ന പാട്ട്.
കൈതപ്രം എഴുതി ജോൺസൺ ഈണമിട്ട ആ ഗാനം "സദയ"ത്തിൽ മിന്നി മറയുന്നത് ഒരു ഗാനശകലമായാണ്. തടവുപുള്ളിയായ ശ്രീനിവാസന്റെ കഥാപാത്രത്തിന് വേണ്ടി ആ വരികൾ പാടുന്നത് ജോൺസൺ മാഷ് തന്നെ. അഴികൾക്കപ്പുറത്ത് വികാരാധീനനായി നിന്ന് പാട്ട് കേൾക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തെ ഓർമകളിലൂടെ ബാല്യത്തിലേക്ക് തിരികെ നടത്തുന്നുമുണ്ട് ആ ആലാപനം. എം ടി കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ക്ലാസിക് ചിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിൽ ഒന്ന്.
യഥാർഥത്തിൽ "സദയ"ത്തിന് വേണ്ടി മാർക്കോസിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്തതാണ് "അറബിക്കഥയിലെ രാജകുമാരീ". പടത്തിന്റെ കാസറ്റിൽ ഇടം നേടിയെങ്കിലും സിനിമയിൽ ആ പാട്ട് ഉൾപ്പെടുത്താത്തതെന്ത് എന്ന ചോദ്യത്തിന് സിബിയുടെ മറുപടി ഇങ്ങനെ: "ഗാനരംഗം നേരത്തെ മുഴുവനായി ഷൂട്ട് ചെയ്തതാണ്. പക്ഷേ പടം കണ്ടുനോക്കിയപ്പോൾ പൂർണ പശ്ചാത്തല വാദ്യവിന്യാസത്തോടെ ഹമ്മിങ് ഒക്കെയുള്ള ഒരു പാട്ട് ആ ഘട്ടത്തിൽ കടന്നുവരുന്നത് അഭംഗിയാകും എന്ന് തോന്നി. ജയിലിൽ ഇരുന്ന് തടവുപുള്ളി പാടുന്ന പാട്ടാണ്. രാകിമിനുക്കപ്പെടാത്ത, കുറച്ച് റോ ആയ ഒരു ശബ്ദമാണ് അവിടെ യോജിക്കുക. അങ്ങനെയാണ് ജോൺസന്റെ ശബ്ദത്തിൽ അതുപയോഗിക്കാൻ തീരുമാനിക്കുന്നത്."
സിനിമയിൽ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിൽ മാർക്കോസിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പാട്ടുകളിൽ ഒന്നായി മാറിയേനെ "അറബിക്കഥയിലെ രാജകുമാരീ". ശാസ്ത്രീയ സ്പർശമുള്ള, വ്യത്യസ്തമായ ആ ഗാനം കാസറ്റിൽ വന്നിട്ടും പ്രതീക്ഷിച്ച ജനശ്രദ്ധ നേടാതെ പോയത് മാർക്കോസിന്റെ ഭാഗ്യദോഷം. സുജാതയുടെ ശബ്ദത്തിൽ "വാസന്തരാവിൻ പനിനീർ പൊയ്കയിൽ" എന്നൊരു പാട്ട് കൂടി റെക്കോർഡ് ചെയ്തിരുന്നെങ്കിലും അതും സിനിമയിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു. "പരമ്പരാഗത ശൈലിയിലുള്ള പാട്ടുകളുടെ അഭാവം സിനിമയുടെ ഒഴുക്കിനെ ബാധിച്ചിട്ടേയില്ല എന്ന് മാത്രമല്ല കഥയുടെ കെട്ടുറപ്പ് കൂട്ടിയിട്ടേയുള്ളൂ." -- സിബി.
എങ്കിലും "അറബിക്കഥയിലെ രാജകുമാരീ" എന്ന പാട്ടിനോടുള്ള ഇഷ്ടം മറച്ചുവെക്കുന്നില്ല സിബി. മലയാളത്തിലെ എക്കാലത്തെയും മികച്ച പല പാട്ടുകളും ചിത്രീകരിക്കാൻ ഭാഗ്യമുണ്ടായ സംവിധായകന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്. "ഇന്നാണെങ്കിൽ കുറച്ചുകൂടി നന്നായി ചിത്രീകരിച്ച് സിനിമയിൽ ഔചിത്യപൂർവം ഉൾപ്പെടുത്താൻ കഴിഞ്ഞേനെ ആ ഗാനം എന്ന് തോന്നാറുണ്ട്. വെറുതെ ഒരു മോഹം."
ജോൺസൺ മാസ്റ്റർക്കും ഏറെ പ്രിയപ്പെട്ട ട്യൂൺ ആയിരുന്നു അത്. "പീലു രാഗത്തിന്റെ സ്പർശമുള്ള പാട്ടാണ്. ആ രാഗത്തിൽ അധികം പാട്ടുകൾ വന്നിട്ടില്ല മലയാളത്തിൽ. പിന്നീട് ചെങ്കോൽ എന്ന സിനിമയ്ക്ക് വേണ്ടി മധുരം ജീവാമൃതബിന്ദു എന്ന പാട്ട് ചിട്ടപ്പെടുത്തുമ്പോൾ അറബിക്കഥയിലെ രാജകുമാരി ആയിരുന്നു മനസ്സിൽ. ആദ്യത്തെ പാട്ടിന്റെ ഹമ്മിംഗ് ചെറിയ വ്യത്യാസങ്ങളോടെ ഈ പാട്ടിൽ ഉപയോഗിച്ചപ്പോൾ അത് സൂപ്പർ ഹിറ്റായി മാറി."
ജോൺസന്റെ ഔചിത്യമാർന്ന പശ്ചാത്തല സംഗീതമായിരുന്നു "സദയ"ത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന്. റീറെക്കോർഡിങ് വേളയിൽ പല രംഗങ്ങളും കണ്ട് കണ്ണുനിറഞ്ഞു പോയിട്ടുണ്ടെന്ന് ജോൺസൺ തന്നെ പറഞ്ഞുകേട്ടതോർക്കുന്നു. "നിശബ്ദതയുടെ സാധ്യതകൾ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയതു കൊണ്ടാണ് പല രംഗങ്ങളും ഹൃദയസ്പർശിയായത്. തൂക്കുമരത്തിലേക്ക് നടന്നു നീങ്ങി മരണം ഏറ്റുവാങ്ങുന്ന നിമിഷങ്ങളിൽ ഘടികാരത്തിന്റെ മിടിപ്പുകൾ മാത്രമേ കേൾക്കൂ പശ്ചാത്തലത്തിൽ. മരണത്തിന്റെ മുഴക്കം അതിലും ഹൃദയഭേദകമായി അവതരിപ്പിക്കാൻ പറ്റുമോ എന്ന് സംശയം." -- സിബിയുടെ വാക്കുകൾ.
പുറത്തുവന്ന് മൂന്ന് ദശകങ്ങൾക്കിപ്പുറവും "സദയ"ത്തെ ഹൃദയത്തെ തൊടുന്ന അനുഭവമാക്കി നിലനിർത്തുന്നതിൽ ജോൺസന്റെ സംഗീതത്തിനുള്ള പങ്ക് അനുപമം. ഭാവഗീതത്തിന്റെ തലത്തിലേക്കുയർന്ന ഒരു സിനിമയെ സംഗീതത്തിന്റെ തൂവൽ സ്പർശത്താൽ അധികദീപ്തമാക്കുകയായിരുന്നു ജോൺസൺ.