അധികാരഘടനയുടെ നേര്‍ച്ചിത്രമായി ഓട്ടോബയോഗ്രഫി
നിരൂപകനും പ്രഭാഷകനും ആയ മക്ബുല്‍ മുബാറക്കിന്റെ ആദ്യ സിനിമയാണ് ഓട്ടോബയോഗ്രഫി. 1996 മുതല്‍ 1998 വരെ ഇന്തോനേഷ്യയില്‍ നീണ്ടുനിന്ന സ്വേച്ഛാധിപത്യത്തിന്റെ അവസാന നാളുകളിലായിരുന്നു മുബാറകിന്റെ കുട്ടിക്കാലം. അതുകൊണ്ടായിരിക്കണം തന്റെ ആദ്യ സിനിമയ്ക്ക് പ്രമേയമായി തിരഞ്ഞെടുത്തത് ഇന്തോനേഷ്യയിലെ ആ കറുത്ത കാലത്തെ തന്നെയാണ്. സാമ്പത്തിക അസമത്വത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത അധികാരത്തിന്റെ കഥയാണ് മുബാറക് ഓട്ടോബയോഗ്രഫിയിലൂടെ പറയുന്നത്.
റിട്ടയേര്‍ഡ് ജനറലായ പൂര്‍ണയുടെ (അര്‍സ്വെന്‍ഡി ബെനിംഗ് സ്വര) വീട്ടിലെ കാര്യങ്ങള്‍ നോക്കിനടത്തുന്ന റാക്കിബിന്റെ (കെവിന്‍ അര്‍ഡിലോവ) വീക്ഷണകോണില്‍ നിന്നാണ് ഓട്ടോബയോഗ്രഫിയുടെ കഥ വികസിക്കുന്നത്. റാക്കിബിന്റെ കുടുംബം തലമുറകളായി പൂര്‍ണ്ണയുടെ പൂര്‍വ്വികര്‍ക്ക് സേവനമനുഷ്ഠിച്ച് വന്നവരാണ്. പക്ഷേ പിതാവ് അമീര്‍ ജയിലിലാവുകയും സഹോദരന്‍ സിംഗപ്പൂരില്‍ കുടിയേറ്റക്കാരനായി പോവുകയും ചെയ്തതോടെ റാക്കിബ് തന്റെ അച്ഛന്‍ ചെയ്തിരുന്ന പണിയെടുക്കേണ്ടി വരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയ്ക്ക് പ്രമേയം.
സിനിമ എന്നത് പ്രേക്ഷകനെ രസിപ്പിക്കുന്നതലുപരി ഒരു കാലത്തിന്റെ നേര്‍ചിത്രത്തെ സത്യസന്ധമായി അടയാളപ്പെടുത്താനാണ് മക്ബുല്‍ ഓട്ടോബയോഗ്രഫിയിലൂടെ ശ്രമിച്ചത്. കഥ നടക്കുന്നത് 2017 ലാണ്. ഇന്തോനേഷ്യയില്‍ നീണ്ടുനിന്ന സ്വേച്ഛാധിപത്യത്തെ സിനിമാറ്റിക്ക് ആക്കിയപ്പോള്‍ അതില്‍ അധികാരത്തിന്റെ ശക്തിയും സാമൂഹിക-രാഷ്ട്രീയ ശ്രേണിയും പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വര്‍ഗ്ഗ വിഭജനവും ഒക്കെ കടന്നു വന്നു എന്നതാണ് മക്ബുല്‍ എന്ന യുവ സംവിധായകനെ വ്യത്യസ്‌നാക്കുന്നത്. അതുകൊണ്ടുതന്നെ സിനിമ പ്രേക്ഷകനെയും കൂട്ടി സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്.
റാക്കിബിന്റെ ജീവിതത്തോടുളള പോരാട്ടത്തിന്റെ കഥയില്‍ നിന്നും താന്‍ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ തിന്മകള്‍ക്കെതിരെ പ്രതികരിക്കാനുളള റാക്കിബിന്റെ നീക്കങ്ങളിലേക്ക് സിനിമ കടക്കുന്നതിലൂടെ ഓട്ടോബയോഗ്രഫി ഒരു ത്രില്ലറായി മാറുന്നു. ഒടുവില്‍ അത് പ്രതികാരത്തിന്റെയും നീതിയുടെയും കഥയായി അവസാനിക്കുമ്പോള്‍ തീയേറ്ററില്‍ കൈയ്യടി മുഴങ്ങുന്നു.
സിനിമയുടെ തുടക്കത്തില്‍, നിര്‍മ്മാണ തൊഴിലാളിയായി സിംഗപ്പൂരിലേക്ക് പോകാനുള്ള ഓഫര്‍ കിബ് നിരസിക്കുന്നു. തുടര്‍ന്ന് പൂര്‍ണയുടെ ഡ്രൈവറായി ജോലി ചെയ്യാനാണ് കിബ് തീരുമാനിക്കുന്നത്. ഒടുവില്‍, പൂര്‍ണ കിബിനെ അധികമായി സ്‌നേഹിക്കുകയും അധികാരത്തിന്റെയും ബഹുമാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ബോധം അവനില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
ജനറല്‍ പൂര്‍ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളിലൊന്ന് നശിപ്പിച്ച അഗസ് എന്ന ചെറുപ്പക്കാരനെ പൂര്‍ണ കൊല്ലുമ്പോഴാണ് കിബ് പൂര്‍ണയ്ക്കെതിരെ തിരിയുന്നത്. വാസ്തവത്തില്‍, അധികാരമോഹിയും പ്രതികാരദാഹിയുമാണ് പൂര്‍ണ. പട്ടണത്തിന്റെയും ജനങ്ങളുടെയും മേല്‍ പൂര്‍ണയുടെ അധികാരം സ്ഥാപിക്കുന്നതിനായി നിരവധി രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെ അവസാന ഘട്ടത്തില്‍, പൂര്‍ണയും റാക്കിബും ഏറ്റുമുട്ടുകയും പൂര്‍ണ റാക്കിബിനെ പഠിപ്പിച്ച ഷൂട്ടിങ് പൂര്‍ണയ്‌ക്കെതിരെ തന്നെ പ്രയേഗിക്കുകയും ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
ചാര, നീല, പച്ച എന്നീ നിറങ്ങള്‍ കൊണ്ട് സമ്മിശ്രമായ അന്തരീക്ഷത്തില്‍ ക്ലോസ്-അപ്പ്, മിഡ്-ലെങ്ത് ഷോട്ടുകള്‍ക്ക് പുറമെ മിക്ക രംഗങ്ങളിലും ക്യാമറ ജനല്‍ പാളികളിലൂടെ പ്രേക്ഷകന് കാഴ്ച പകര്‍ന്നു നല്‍കുന്നു. നിശബ്ദതയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ സംഗീതം ബാനി ഹൈക്കലാണ് നിര്‍വഹിച്ചിരിക്കുന്നത്. വോജിക് സ്റ്റാറോണിന്റെ ക്യാമറയും കാര്‍ലോ ഫ്രാന്‍സിസ്‌കോ മണതാടിന്റെ എഡിറ്റിംഗും സിനിമയെ റിയലിസത്തോട് കൂടുതല്‍ അടുപ്പിച്ച് നിര്‍ത്തുന്നു. കൂടാതെ, കേന്ദ്ര കഥാപാത്രങ്ങളായി വന്ന കെവിന്‍ അര്‍ഡിലോവയും അര്‍സ്വെന്‍ഡി ബെനിംഗ് സ്വരയും മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചതിന് ശേഷമുളള മക്ബുല്‍ മുബാറക്കിന്റെ ആദ്യഫീച്ചര്‍ ഫിലിമാണ് ഓട്ടോബയോഗ്രഫി. ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവലിലും ഇടം പിടിച്ചിരുന്നു.