'നക്കീരൻ ഗോപാലൻ പറയാത്ത' വീരപ്പന്റെ കഥ; വിവാദങ്ങൾക്ക് മറുപടിയുമില്ലാതെ ദ ഹണ്ട് ഫോർ വീരപ്പൻ
''ഞങ്ങള്‍ അങ്ങനെ പറയാന്‍ പാടില്ല , എന്നാലും വീരപ്പനെ ചിലഘട്ടങ്ങളിലെങ്കിലും അംഗീകരിച്ചേ മതിയാകൂ, ഇത്രമേല്‍ ബുദ്ധിമാനായ, ധൈര്യശാലിയായ ഒരു കുറ്റവാളിയെ കണ്ടിട്ടേയില്ല, അവസാനിച്ചു എന്ന് തോന്നിയിടത്ത് നിന്നെല്ലാം അയാള്‍ തിരിച്ചടിച്ചു, അസാധാരണമായി... കാട്ടില്‍ വച്ച് ഒരിക്കലും അയാളെ ഒരു ദൗത്യസംഘത്തിനും പിടികൂടാനാകുമായിരുന്നില്ല, പിടികൂടാനായില്ല , കാടായിരുന്നു അയാള്‍ക്ക് വീട് ...'' ദൗത്യസംഘത്തിലെ ഒന്നിലേറെ പേര്‍ പലകുറി ഒരേപോലെ പറയുന്ന വാചകങ്ങള്‍. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്‌ററിയുടെ ആകെ തുകയും ഇതാണ്.
കാട്ടുകള്ളന്‍ വീരപ്പനെ ദൗത്യസംഘം എങ്ങനെ നാട്ടിലെത്തിച്ചുവെന്നതും കാട്ടിലെ അയാളുടെ ജീവിതത്തെക്കുറിച്ച് ഗോപിനാഥം എന്ന ഗ്രാമത്തിലുള്ളവർക്കും ഭാര്യയ്ക്കും അറിയാവുന്ന കാര്യങ്ങളുമാണ് ഡോക്യുമെന്ററി പറയുന്നത്. പക്ഷേ ഇതായിരുന്നോ വീരപ്പന്‍, അതോ ഇതുമാത്രമോ...? ഡോക്യുമെന്‌ററി കണ്ട് അവസാനിച്ചാലും ഉത്തരം ലഭിക്കാനിടയില്ല.
മുത്തുലക്ഷ്മിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ് വീരപ്പനെ ആദ്യമായി കാണുന്നത്. തോളില്‍ തോക്കുമേന്തി കൂട്ടാളികള്‍ക്കൊപ്പം കാടിറങ്ങിവരുന്ന മുപ്പിത്തിഒൻപതുകാരനായ വീരപ്പന്‍... സിനിമയെ വെല്ലുന്ന ആ സീനിനൊടുവില്‍ മുത്തുലക്ഷ്മി എങ്ങനെ വീരപ്പന്‌റെ ഭാര്യയായെന്ന് പറയുന്നിടത്താണ് ഡോക്യുമെന്‌ററിയുടെ തുടക്കം. ഒപ്പം ഗോപിനാഥം എന്ന വീരപ്പന്‌റെ ജന്മനാട്ടിൽനിന്ന് സുനാഡ് എന്ന മാധ്യമപ്രവര്‍ത്തകന്‍ നടത്തുന്ന അന്വേഷണവും.
വീരപ്പനെ തളര്‍ത്തിയും തകര്‍ത്തും തീര്‍ക്കാമെന്നായിരുന്നു ദൗത്യസംഘത്തിന്‌റെ കണക്കുകൂട്ടല്‍
കാട്ടിലെ ചന്ദനമരങ്ങള്‍ കൊള്ളയടിക്കുന്ന, കൊമ്പിനായി ആയിരത്തിലധികം ആനകളെ കൊലപ്പെടുത്തിയ കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാന്‍ കര്‍ണാടക സര്‍ക്കാര്‍ 1989 ല്‍ ദൗത്യസംഘം രൂപീകരിക്കുന്നു. 15,000 ചതുരശ്ര കിലോമീറ്റര്‍ കാടിന്‌റെ അധിപനായി വാഴുന്ന, പക്ഷികളുടെ ശബ്ദത്തില്‍നിന്ന് പോലും കാടിനെ തിരിച്ചറിയുന്ന വീരപ്പനെ പിടിക്കാന്‍ 200 പേരുള്ള ദൗത്യസംഘം പോരെയെന്ന് സര്‍ക്കാര്‍ ചോദിച്ചെന്ന് കര്‍ണാടക ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന ബി കെ സിങ് പറയുന്നു. വീരപ്പനെയോ കാടിനെയോ കുറിച്ച് ധാരണയില്ലാത്ത സര്‍ക്കാരിന്‌റെ ചോദ്യമെന്നേ സിങ്ങിനും കരുതാനുള്ളൂ... തുടങ്ങാന്‍ പോകുന്ന മിഷന്‌റെ വ്യാപ്തി വെളിവാക്കുന്ന വാക്കുകള്‍.
അതൊഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മുള്ളിനെ മുള്ളു കൊണ്ടേ എടുക്കാനാകൂ എന്നാണ് മുത്തുലക്ഷ്മിയുടെ മറുപടി
ചന്ദനക്കൊള്ളയിലൂടെ പടുത്തുയര്‍ത്തിയ സാമ്രാജ്യത്തിന്‌റെ പതനത്തിലൂടെ വീരപ്പനെ തളര്‍ത്തിയും തകര്‍ത്തും തീര്‍ക്കാമെന്നായിരുന്നു ദൗത്യസംഘത്തിന്‌റെ കണക്കുകൂട്ടല്‍. ലോഡുമായി പോയ 65 മെട്രിക് ടണ്‍ ചന്ദനമരം പിടിച്ചെടുത്താണ് ദൗത്യസംഘം ആ മിഷന്‍ ആരംഭിച്ചത് . സാമ്രാജ്യത്തിന്‌റെ പതനം ആരംഭിച്ചെന്ന് കണക്കുകൂട്ടിയ ദൗത്യസംഘത്തെ ബോബ് കൊണ്ട് നേരിട്ടു വീരപ്പന്‍. 22 പോലീസുകാരന്‍ കൊല്ലപ്പെട്ട വീരപ്പന്‌റെ പ്രത്യാക്രമണം സംഘത്തിലുള്ളവര്‍ പോലും അറിഞ്ഞില്ലെന്ന് പറയുന്നു ഭാര്യ മുത്തുലക്ഷ്മി... ഈ രഹസ്യാത്മകത തന്നെയായിരുന്നു അയാളുടെ ധൈര്യവും വിജയവും.
കാട്ടിനുള്ളില്‍ കടന്ന് പിടിക്കാനാകില്ലെന്ന തിരിച്ചറിവില്‍ വീരപ്പനെ നാട്ടിലെത്തിക്കാനുള്ള ശ്രമമായി പിന്നീട്. ഡിഎഫ്ഒ ശ്രീനിവാസ് അതിനായി സ്വീകരിച്ചതോ വീരപ്പന്‌റെ അതേ വഴിയും. ചതി മനസിലാക്കിയ വീരപ്പന്‍ മറ്റൊരു ചതിയിലൂടെ, മൃഗീയമായി അങ്ങേയറ്റം ക്രൂരമായി ശ്രീനിവാസിനെ കൊലപ്പെടുത്തി. വീരപ്പന്‌റെ കഥയിലെ രക്തരൂക്ഷിത സംഭവങ്ങളുടെ തുടക്കം അവിടെനിന്നായിരുന്നു ... അതൊഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മുള്ളിനെ മുള്ളുകൊണ്ടേ എടുക്കാനാകൂയെന്നാണ് മുത്തുലക്ഷ്മിയുടെ മറുപടി.
വീരപ്പന് അടിപതറി തുടങ്ങിയ നീക്കമായിരുന്നു അതെന്ന് ദൗത്യസംഘം തന്നെ പറയുന്നു.
തുടര്‍ന്നങ്ങോട്ട് അടിച്ചും തിരിച്ചടിച്ചും വീരപ്പനും ദൗത്യസംഘവും തമ്മില്‍ തുറന്ന പോരാണ് ... ഹരികൃഷ്ണ, ഷക്കീല്‍ അഹമ്മദ് , വീരപ്പനാല്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടി, ദൗത്യസംഘത്തിന്‌റെയും വീരപ്പന്‌റെയും പകയും... ചിലപ്പോള്‍ അതിശക്തനായി തിരിച്ചടിച്ചും പ്രവചനാതീതമായ നിശബ്ദതകൊണ്ടും വീരപ്പന്‍ ദൗത്യസംഘത്തെ വലച്ചുകൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ തമിഴ്‌നാട് സര്‍ക്കാരും ദൗത്യസംഘത്തിനൊപ്പം ചേരുന്നു.
അതിനിടെയാണ് വീരപ്പന്‍ എന്ന പേരിനപ്പുറം ഒന്നും അറിയാതെ ഇരുന്ന ദൗത്യസംഘത്തിന് മുന്നിലേക്ക് വീരപ്പന്‌റെയും ദൗത്യസംഘത്തിലെ മുഴുവന്‍ പേരുടെയും ദൃശ്യങ്ങളും അഭിമുഖങ്ങളും വരുന്നത്. അഭിമുഖത്തിനായി മാധ്യമപ്രവര്‍ത്തകരായ രണ്ടുപേരെ വീരപ്പന്‍ തന്നെയാണ് കാട്ടിലേക്ക് കൊണ്ടുപോകുന്നത്. സത്യത്തില്‍ വീരപ്പന് അടിപതറി തുടങ്ങിയത് അവിടെയാണെന്ന് ദൗത്യസംഘം തന്നെ പറയുന്നു.
കര്‍ണാടക പോലീസ് ഓഫീസര്‍ ശങ്കര്‍ മഹാദേവ് ബിദരി ദൗത്യസംഘത്തിനൊപ്പം ചേരുന്നു. എംഎം ഹില്‍സിന്‌റെ സുപ്രീംകോടതിയെന്നാണ് കര്‍ണാടക ടാസ്‌ക് ഫോഴ്‌സിലെ പുട്ടമലാച്ചാര്‍ തന്നെ ബിദരിയെ വിശേഷിപ്പിക്കുന്നത്. ഫോട്ടോകളില്‍ കണ്ടവരുടെ ബന്ധുക്കളെ മാത്രമല്ല , ഗ്രാമവാസികളെ മുഴുവന്‍ ബിദരിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം വേട്ടയാടി. വര്‍ക് ഷോപ്പ് എന്ന് പേരിട്ടൊരു കെട്ടിടത്തിലായിരുന്നു ബിദരിയുടെ ചോദ്യം ചെയ്യല്‍. നൂറിലേറെ പേരെ ജയിലില്‍ അടച്ചു. സ്ത്രീകളും കുട്ടികളും ലൈംഗിക പീഡനത്തിനിരയായി. പുറത്തുപറയാനാകാതെ പലരും ജീവനൊടുക്കി. വീരപ്പനെന്ന കാട്ടുകള്ളനെ പിടിക്കാനുള്ള വലിയ മിഷനുവേണ്ടി ഈ അരാജകത്വത്തോട് സർക്കാരും മറ്റ് ദൗത്യസംഘാംഗങ്ങളും കണ്ണടച്ചുവന്ന് വരികള്‍ക്കിടയില്‍ വ്യക്തം.
കൊല്ലപ്പെട്ടത് വീരപ്പന്‍ ആണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? വീരപ്പന്‍ കൊല്ലപ്പെടാന്‍ കാരണം ദൗത്യസംഘമാണെന്ന കാര്യത്തില്‍ സംശയമുണ്ടോ ?
ഇതിനിടിയില്‍ നിരവധി പേരെ വീരപ്പന്‍ തട്ടികൊണ്ടുപോയെങ്കിലും സര്‍ക്കാര്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല. ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയെ വരെ ഞെട്ടിച്ചുകൊണ്ട് സിനിമാതാരം രാജ് കുമാറിനെയും മറ്റ് മൂന്നുപേരെയും വീരപ്പന്‍ തട്ടിക്കൊണ്ടുപോയി വിലപേശുന്നു. ടാഡ ചുമത്തി ജയിലില്‍ അടച്ചവരെ തമിഴ്‌നാട് സര്‍ക്കാര്‍ വിട്ടയയ്ക്കണെമന്നതുള്‍പ്പെടെ 10 ആവശ്യങ്ങള്‍ മുന്നില്‍ വച്ചായിരുന്നു വിലപേശൽ. പ്രത്യക്ഷത്തില്‍ ഈ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ തന്നെ 108-ാം ദിവസം വീരപ്പന്‍ രാജ് കുമാറിനെ വിട്ടയയ്ക്കുന്നു, 1000 കോടി മുതല്‍ പത്തുകോടി വരെ പലഘട്ടത്തിൽ വിലപേശല്‍ നടന്നെന്ന് ദൗത്യസംഘം പറയുന്നുണ്ടെങ്കിലും പണം കൊടുത്തോയെന്ന് വ്യക്തമല്ല... സർക്കാരും രാജ് കുമാറിന്റെ കുടുംബവും പണം കൊടുത്തെന്നായിരുന്നു അന്ന് ഉയർന്ന ആരോപണം.
2003 ല്‍ തമിഴ്‌നാട് എഡിജിപി വിജയകുമാറിന്‌റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നു, വീരപ്പനെ വിശ്വസിപ്പിച്ച് നാട്ടിലിറക്കുക, 60 ശതമാനം കാഴ്ച നഷ്ടപ്പെട്ട വീരപ്പന് ചികിത്സ ലഭ്യമാക്കാമെന്നും ശ്രീലങ്കയില്‍ എല്‍ടിടി പ്രഭാകരനെ കാണാന്‍ വഴിയൊരുക്കാമെന്നും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ശേഷിക്കുന്ന കാലം ജീവിക്കാമെന്നുമായിരുന്നു വാഗ്ദാനം. എല്‍ടിടി സംഘത്തിലെ അംഗമെന്ന നിലയില്‍ ദൗത്യസംഘത്തിലെ ഒരാള്‍ വീരപ്പനുമായി ബന്ധം സ്ഥാപിച്ചു. ആ തിരക്കഥയ്‌ക്കൊടുവില്‍ ധര്‍മപുരി ആശുപത്രിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ പാടി എന്ന സ്ഥലത്തുവച്ച് രാത്രിയില്‍ ദൗത്യസംഘം ആ മിഷന്‍ പൂര്‍ത്തിയാക്കിയെന്നാണ് ഡോക്യുമെന്‌ററിയും പറഞ്ഞുവയ്ക്കുന്നത്.
വീരപ്പന്‌റെ മരണം ഉയര്‍ത്തിയ ചോദ്യങ്ങള്‍ അപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നു , ചതിയിലൂടെയാണോ കൊലപ്പെടുത്തിയത്? വിഷം കൊടുത്ത് കൊലപ്പെടുത്തിയിട്ട് വെടിവച്ചതാണോ?, പോലീസ് വാനില്‍ ക്യാമറയുണ്ടായിരുന്നെന്ന് പറയുന്നുണ്ട്, ആ ദ്യശ്യങ്ങള്‍ എവിടെ? അതോ ആയുധങ്ങൾ കൈയിൽ കരുതിയ വീരപ്പൻ പോലീസിനെ കണ്ട് സ്വയം വെടിവച്ചതാണോ ?
ഈ ചോദ്യങ്ങള്‍ക്കെല്ലാം രണ്ടേ രണ്ടേ വാചകങ്ങളില്‍ മറുപടി പറയുന്നു ദൗത്യസംഘാംഗം എസ്പി സെന്താമരക്കണ്ണന്‍
കൊല്ലപ്പെട്ടത് വീരപ്പന്‍ ആണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ?
വീരപ്പന്‍ കൊല്ലപ്പെടാന്‍ കാരണം ദൗത്യസംഘമാണെന്ന കാര്യത്തില്‍ സംശയമുണ്ടോ ?
ഇത് രണ്ടും അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിനിടയിലുള്ള എന്തും നിങ്ങള്‍ക്ക് തീരുമാനിക്കാം, ഞങ്ങള്‍ അതിനോട് പ്രതികരിക്കില്ല.
മരണം ഉയര്‍ത്തിയ ഒരു ചോദ്യത്തിനും ഉത്തരമില്ലാതെ, വീരപ്പന്‌റെ പേരില്‍ മറ്റ് പലരും ഉദ്യോഗസ്ഥരടക്കം ചന്ദനക്കൊള്ള നടത്തിയെന്ന ആരോപണങ്ങള്‍ക്ക് വിശദീകരണമില്ലാതെ, ദൗത്യസംഘത്തിന്‌റെ മിഷനിലേക്ക് മാത്രം ചുരുങ്ങുന്നതാണ് ദ ഹണ്ട് ഫോര്‍ വീരപ്പന്‍. വീരപ്പനുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള എല്ലാവരുടെയും വാക്കുകള്‍ ഡോക്യുമെന്‌ററിയിലുണ്ടെങ്കിലും വീരപ്പനെ പലകുറി നേരില്‍ കണ്ട , രാജ് കുമാറിന്‌റെ മോചനത്തിനായി അനുനയ ചര്‍ച്ച നടത്തിയ നക്കീരന്‍ ഗോപാലനെയും ഡോക്യുമെന്‌ററിയില്‍ കാണാനില്ല. ത്രില്ലർ സിനിമകളെ വെല്ലുന്ന മെയ്ക്കിങ്ങും ബാക്ക് ഗ്രൗണ്ട് സ്‌കോറും ... ഡോക്യുമെന്‌ററി എന്ന നിലയില്‍ പുതിയ വിവരങ്ങളൊന്നുമില്ലെന്ന പോരായ്മ നിലനില്‍ക്കുമ്പോഴും ഇതുവരെ കേട്ട വീരപ്പന്‍ കഥകളുടെ മികച്ച ദൃശ്യാവിഷ്‌കാരമാണ് ഈ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി എന്നതിൽ തർക്കമില്ല, അതുമാത്രമാണ് ദ ഹണ്ട് ഫോർ വീരപ്പന്റെ പ്ലസും