ഗൗരിലക്ഷ്മിയിലുണ്ട് ആ പതിമൂന്നുകാരിയുടെ സ്നേഹം

ഗൗരിലക്ഷ്മിയിലുണ്ട് ആ പതിമൂന്നുകാരിയുടെ സ്നേഹം

പതിമൂന്നാം വയസ്സിൽ കാസനോവയ്ക്കുവേണ്ടി ഗൗരിലക്ഷ്മി എഴുതി ചിട്ടപ്പെടുത്തിയ ഗാനത്തെക്കുറിച്ച്
Updated on
2 min read

നമ്മൾ ഗവേഷണം നടത്തി തിരഞ്ഞെടുത്ത് റേഡിയോയിലൂടെ കേൾപ്പിക്കുന്ന പാട്ട് ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടും എന്നതൊരു സങ്കൽപം മാത്രം. ആ മധുരസങ്കൽപ്പമാണ് എഫ് എം റേഡിയോയിലെ മ്യൂസിക് ഷെഡ്യൂളിങ് മാനേജരുടെ കയ്യിലെ മാന്ത്രികവടി.

പക്ഷേ ഏത് നിമിഷവും പാളിപ്പോകാം ആ വടിവീശൽ. ആദ്യ കേൾവിയിൽ നമുക്ക് കൊള്ളാമെന്ന് തോന്നുന്ന പാട്ടുകൾ ജനം നിർദ്ദയം നിരാകരിക്കാം. നമുക്ക് തറയെന്ന് തോന്നുന്ന പാട്ടുകൾ ജനം ഏറ്റെടുത്തു സൂപ്പർഹിറ്റാക്കി മാറ്റുകയും ചെയ്യും. എല്ലാം വിധിയുടെ കളി. നിരവധി ഘടകങ്ങൾ ഒത്തു ചേരണം പാട്ടിന്റെ തലക്കുറി നിശ്ചയിക്കാൻ. "ഒത്താലൊത്തു, ഇല്ലെങ്കിൽ ചത്തു" എന്നതാണ് പല പാട്ടുകളുടെയും അവസ്ഥ. പരേതരുടെ എണ്ണം ഈയ്യിടെയായി കൂടിവരുന്നുവെന്ന് മാത്രം.

റേഡിയോയുടെ സംഗീതവിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ ഒരേ തരത്തിലുള്ള പാട്ടുകൾ കേട്ട് മുഷിയേണ്ടി വരും ചിലപ്പോൾ. രചന കൊണ്ടും ഈണം കൊണ്ടും ഓർക്കസ്‌ട്രേഷൻ കൊണ്ടുമൊക്കെ ശ്രോതാവിന്റെ ക്ഷമ പരീക്ഷിക്കുന്നവ. എന്നാലും പുതിയ പാട്ടുകളൊന്നും മുഴുവനായി കേൾക്കാതെ ഉപേക്ഷിക്കാൻ പറ്റില്ല ഷെഡ്യൂൾ ചെയ്യുന്ന വിദ്വാന്. കാർമേഘപടലത്തിനിടയിൽ വല്ല രജതരേഖയും മിന്നിമറഞ്ഞാലോ? തുടരെത്തുടരെ നിലവാരം കുറഞ്ഞ പാട്ടുകൾ കേട്ട് സ്വയം ശപിച്ചുപോയ അവസരങ്ങൾ ധാരാളമുണ്ട്. പ്രക്ഷേപണയോഗ്യമായ ഒരു പാട്ടിനുവേണ്ടിയുള്ള അക്ഷമവും അനന്തവുമായ ആ കാത്തിരിപ്പിന്റെ "സുഖം" (അതോ ദുഃഖമോ) എന്നേക്കാൾ അനുഭവിച്ചറിഞ്ഞവരാണ് ഒപ്പം ജോലി ചെയ്‌തിരുന്ന മ്യൂസിക് ഷെഡ്യൂളർമാരായ പ്രശാന്തും രാധാകൃഷ്ണനും ബാലുവും ബൽരാജൂം ദീപക്കും നിതിനും അജിത്തും ബിന്ദുവും റിജുവും വിശ്വജിത്തും അഭിലാഷുമൊക്കെ.

ഗൗരിലക്ഷ്മിയിലുണ്ട് ആ പതിമൂന്നുകാരിയുടെ സ്നേഹം
ഗൗരി പാടുന്നു; ചിലര്‍ പാടുപെടുന്നു

അങ്ങനെയൊരു കാത്തിരിപ്പിനിടയിലാണ് ഒരു നാൾ 'കാസനോവ'യിലെ "സഖിയേ" എന്ന ഗാനം വന്ന് അത്ഭുതപ്പെടുത്തിയത്. പൊതുവെ സിനിമയിൽനിന്ന് മെലഡികളും ഭാവഗീതികളും മാഞ്ഞുതുടങ്ങിയ കാലം. യുവജനതയ്ക്കുവേണ്ടത് ഘടാഘടിയൻ സൗണ്ടിങ്ങും കാതടപ്പൻ ശബ്ദഘോഷവുമാണെന്ന ധാരണയായിരുന്നിരിക്കണം അത്തരമൊരു ട്രെൻഡിനു പിന്നിൽ. ശബ്ദകോലാഹലങ്ങൾക്കും അപശ്രുതികൾക്കുമിടയിൽ വരികൾ ഞെരിഞ്ഞമരുന്നു. ആർക്കും വേണ്ടെന്നായി, ആഴമുള്ള അർത്ഥതലങ്ങളുള്ള രചനകൾ. പാട്ടു കേൾക്കൽ എന്നാൽ പാട്ടു സഹിക്കൽ കൂടിയായി മാറിയ കാലമായിരുന്നു അത്.

ആ കോലാഹലത്തിനിടയിലേക്ക് അതാ ഒഴുകിവരുന്നു വിജയ് യേശുദാസും ശ്വേതയും പാടിയ 'കാസനോവ'യിലെ ലളിതസുന്ദരമായ മെലഡി. അതേ സിനിമയിലെ മറ്റു പാട്ടുകളിൽനിന്നെല്ലാം വ്യത്യസ്തമായ കെട്ടും മട്ടും. വർഷം 2012 ആണെന്നോർക്കണം. ജോൺസണും രവീന്ദ്രനുമൊക്കെ കഥാവശേഷരായിക്കഴിഞ്ഞു. പാട്ടുകളിൽ പൊതുവെ വരികൾക്കു പ്രാധാന്യം കുറഞ്ഞു. എന്നാൽ ഈ പാട്ടിൽ വരികൾക്കുമുണ്ടൊരു ലാളിത്യമാർന്ന ചന്തം. "സഖിയേ നിൻ കണ്മുനകളിൽ പാൽപ്പുഞ്ചിരിയിൽ ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം, നിൻ ഹൃദയതാളത്തിൽ പൊൻവാക്കുകളിൽ ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം." കൊള്ളാം. നിഷ്കപടമായ ഒരു കാമുകമനസ്സുണ്ട് ആ വരികളിൽ. വലിയ പൊടിപ്പും തൊങ്ങലുമൊന്നുമില്ല. പറയാനുള്ളതു നേരെ പറഞ്ഞിരിക്കുന്നു. പരസ്പര ബന്ധമുള്ള വാക്കുകൾ വരുന്നതുതന്നെ പാട്ടുകളിൽ അപൂർവതയായിക്കഴിഞ്ഞ കാലമായിരുന്നല്ലോ അത്.

ചരണവും മോശമല്ല. ലളിതമായ ഈണം കൂടി ചേർന്നപ്പോൾ പാട്ടിനു കേൾവിസുഖം കൂടിയ പോലെ. പ്രത്യേകിച്ച് 'സ്നേഹം' എന്ന വാക്കിന്റെ ട്രീറ്റ്മെന്റ്. സംഗീത സംവിധായികയുടെ സ്വന്തം ശബ്ദത്തിൽ പിന്നീടൊരിക്കൽ ആ പാട്ട് മ്യൂസിക് മോജോയിൽ കേട്ടപ്പോൾ ആ 'സ്നേഹം' കുറേക്കൂടി ആർദ്രമായപോലെ.

രചയിതാവിന്റെ പേരറിയാൻ കൗതുകം. ഗൗരിലക്ഷ്മി. സംഗീത ശില്പിയുടെ പേരോ? അതും ഗൗരിലക്ഷ്മി. പ്രശാന്തിനും എനിക്കും ഒരുപോലെ അത്ഭുതം. ആരാണീ നവാഗത പ്രതിഭ? പാട്ടുകാരിയായ ഒരു ഗൗരിലക്ഷ്മിയെക്കുറിച്ച് കേട്ടിട്ടുണ്ട്. ചെറിയ കുട്ടിയാണ്. പക്ഷേ ആ കുട്ടിയിൽ ഒരു കവിയും സംഗീത സംവിധായികയും ഉണ്ടെന്നറിയില്ല. ഇനി ഇത് വേറൊരു ഗൗരിലക്ഷ്മിയാണെന്ന് വരുമോ? കാസനോവ പോലൊരു മെഗാ പ്രൊജക്റ്റിൽ സഹകരിക്കണമെങ്കിൽ ആൾ ചില്ലറക്കാരി ആവില്ലല്ലോ.

വലിയ ഹിറ്റായി എന്ന് പറഞ്ഞുകൂടാ. എങ്കിലും ആ നാളുകളിൽ എഫ് എം ശ്രോതാക്കൾക്കിടയിൽ ധാരാളം ആവശ്യക്കാരുണ്ടായിരുന്ന പ്രണയഗാനങ്ങളിലൊന്ന് 'സഖിയേ' ആയിരുന്നു. ജനപ്രിയ പ്രോഗ്രാമായിരുന്ന 'ലവ് ബൈറ്റ്സി'ൽ സ്ഥിരമായി വന്നുകൊണ്ടിരുന്ന ഗാനം. പാട്ട് പടത്തിൽ ഇല്ലെന്നറിഞ്ഞത് പിന്നീടാണ്. അത്ഭുതം തോന്നി. നന്നായി ചിത്രീകരിക്കാവുന്ന ഒന്നായിരുന്നു.

''സഖിയേ" എഴുതി ചിട്ടപ്പെടുത്തുമ്പോൾ ഗാനശില്പിക്ക് പതിമൂന്ന് വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്നറിഞ്ഞത് ഈയിടെയാണ്; യൂട്യൂബിൽ ഗൗരിലക്ഷ്മിയുടെ അഭിമുഖം കണ്ടപ്പോൾ. ഏകാകിയായ ഒരു സ്കൂൾ കുട്ടി. പത്തു വയസ്സ് മുതലേ ഒറ്റയ്ക്കിരുന്ന് പാട്ടുകൾ കുത്തിക്കുറിക്കുമായിരുന്നത്രെ ഗൗരി. ആത്മാവിഷ്കാരത്തിനുള്ള ഉപാധിയാണ് തനിക്ക് കവിതയും റാപ്പുമൊക്കെയെന്ന് പറയുന്നു ഈ ഗായിക. പാട്ടുകൾ പാടി അവതരിപ്പിക്കുന്നതിൽ, അത് കഥകളിപ്പദമോ വിപ്ലവഗാനമോ സിനിമാപ്പാട്ടോ റാപ്പോ ആവട്ടെ, ഒരു സവിശേഷ ശൈലിയുണ്ട് ഗൗരിക്ക്. നിങ്ങൾക്കത് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം.

എന്റെയുള്ളിൽ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നത് "സഖിയേ" എഴുതി ചിട്ടപ്പെടുത്തിയ ആ പഴയ ഗൗരിയാണ്. കൂടുതൽ സർഗാത്മക സംഭാവനകൾ നൽകാനാകും ഈ ഓൾറൗണ്ടർക്ക്. സിനിമയിലെ പാട്ടുകൾ കാലഹരണപ്പെട്ടു തുടങ്ങിയ കാലത്ത് സിനിമേതര സംഗീതത്തിന്റെ വിശാലമായ ലോകത്ത് ഇനിയും വ്യാപരിക്കുക. കുച്ഛ് തോ ലോഗ് കഹേംഗേ, ലോഗോം കാ കാം ഹേ കെഹനാ...

logo
The Fourth
www.thefourthnews.in