വധഭീഷണി സന്ദേശമെത്തിയത് കർണാടകയിൽ നിന്ന്; ഫോർ ടയർ സുരക്ഷാ വലയത്തിൽ സൽമാൻ ഖാന്റെ ഹൈദരാബാദിലെ ഷൂട്ടിങ്
സൽമാൻ ഖാന് നേരെ ഉയർന്ന വധഭീഷണികളുടെ പശ്ചാത്തലത്തില്‍ താരത്തിന് കനത്ത സുരക്ഷയൊരുക്കി ബോളിവുഡ്. പുതിയ ചിത്രമായ സിക്കന്ദറിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലെത്തിയ സൽമാൻ ഖാന് ഫോര്‍ ടയര്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷയ്ക്ക് പുറമേ താരം താമസിക്കുന്ന ഹോട്ടലിലും ഷൂട്ടിങ് സെറ്റിലുമെല്ലാം സ്വകാര്യ ഏജന്‍സികളും നടന് സുരക്ഷ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശമയച്ച നമ്പർ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ സന്ദേശം എത്തിയിരിക്കുന്നത് കർണാടകയിൽ നിന്നാണെന്ന് കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വെങ്കിടേഷ് എന്ന വ്യക്തിയുടെ പേരിലാണ് നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർണാടക കേന്ദ്രീകരിച്ചുളള അന്വേഷണം പുരോഗമിക്കുകയാണ്.
താജ് ഫലക്നുമ പാലസ് ഹോട്ടലാണ് സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷൻ. ഹോട്ടലിന്റെ ഒരു ഭാഗത്ത് മാത്രമാണ് ചിത്രീകരണം നടക്കുന്നതെങ്കിലും ഹോട്ടലിൽ മുഴുവനായി സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ താമസിക്കുന്ന ഹോട്ടലില്‍ മറ്റുള്ളവര്‍ക്ക് മുറികള്‍ ബുക്ക് ചെയ്യുന്നതിന് തടസ്സമില്ല. എന്നാല്‍ ഹോട്ടലില്‍ പ്രവേശിക്കുന്നവര്‍ വിവിധ സുരക്ഷാപരിശോധനകളോട് സഹകരിക്കണമെന്ന മുന്നറിയിപ്പുണ്ട്. സിനിമയുടെ ചിത്രീകരണസമയം നിശ്ചിത സ്ഥലങ്ങളിലേക്ക് പുറമെ നിന്നുളളവർക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഹോട്ടലിലേക്ക് കടക്കാൻ മുന്‍കൂട്ടി അനുമതി ആവശ്യമാണ്. ഐ.ഡി കാര്‍ഡുകളുള്‍പ്പെടെ പരിശോധനക്കായി നൽകണം. ഹോട്ടലുകാരുടെ പരിശോധനക്ക് പുറമേ സല്‍മാന്റെ സുരക്ഷയ്ക്കായെത്തിയ പ്രത്യേക ഏജന്‍സികളുടെ പരിശോധനയുമുണ്ടാകും. ഇത്തരം 4 ഘട്ടങ്ങളിലായി നടക്കുന്ന സുരക്ഷാപരിശോധനകള്‍ക്ക് വിധേയരായ ശേഷമേ ഹോട്ടലിലെ ജീവനക്കാർക്ക് ഉൾപ്പെടെ പ്രവേശനം സാധ്യമാകൂ.
എഴുപതോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് സല്‍മാൻ ഖാന് 24 മണിക്കൂർ തുടർച്ചയായ സംരക്ഷണം ഒരുക്കുന്നത്. ഒരു മുന്‍ പാരാമിലിട്ടറി ഉദ്യോഗസ്ഥനുള്‍പ്പെട്ട പ്രൈവറ്റ് സെക്യൂരിറ്റി, സല്‍മാന്റെ ബോഡിഗാര്‍ഡായ ഷെറ തിരഞ്ഞെടുത്ത സുരക്ഷാസംഘം എന്നിവര്‍ക്ക് പുറമേ ഹൈദരാബാദ് പോലീസും മുംബൈ പോലീസും സുരക്ഷാ സംഘത്തിലുണ്ട്. കഴിഞ്ഞ ദിവസം ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ട് മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്സാപ്പ് നമ്പറിലേക്ക് സല്‍മാന്‍ ഖാനെതിരേ വധഭീഷണി സന്ദേശമെത്തിയിരുന്നു. അടുത്ത ദിവസങ്ങളിലായി സല്‍മാൻ ഖാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയായിരുന്നു ഇത്. രണ്ടുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബര്‍ 30നും സമാനമായ വധഭീഷണി സന്ദേശം എത്തിയിരുന്നു.