'പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയുടെ ഉപസംഘടന, നിലകൊള്ളുന്നത് താരങ്ങൾക്കൊപ്പം'; നേതൃത്വത്തിൽ മാറ്റം വരണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്, സംഘടനയിൽ ഭിന്നത

'പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയുടെ ഉപസംഘടന, നിലകൊള്ളുന്നത് താരങ്ങൾക്കൊപ്പം'; നേതൃത്വത്തിൽ മാറ്റം വരണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്, സംഘടനയിൽ ഭിന്നത

സാന്ദ്ര മുന്നോട്ടുെവച്ച കാര്യങ്ങളില്‍ നടപ്പിലാക്കാവുന്നവ പരിഗണിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ബി രാകേഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു.
Updated on
2 min read

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഭിന്നത. തലപ്പത്ത് മാറ്റം ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും നേതൃത്വത്തിന് കത്ത് നല്‍കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിർമ്മാതാവ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ് എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്. സംഘടനാ നേതൃത്വത്തിലുള്ളവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അമ്മയുടെ ഉപസംഘടന ആക്കുകയാണെന്നും സാന്ദ്ര തോമസിന്റെ കത്തിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മൗനത്തിലായിരുന്ന നിർമാതാക്കളുടെ സംഘടന നിവിൻ പോളിക്കെതിരെ പീഢനാ രോപണം വന്നപ്പോൾ ഉടനടി പത്രക്കുറിപ്പ് പുറത്തിറക്കിയെന്നും സംഘടന താരങ്ങൾക്കൊപ്പമാണെന്നാണെന്നും സാന്ദ്ര ആരോപിക്കുന്നു. നിര്‍മാതാക്കളുടെ സംഘടന ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. നിലവിലെ ഭരണസമിതി വ്യക്തിതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. ഈ സാഹചര്യത്തിനു മാറ്റം വരണമെങ്കില്‍ പുതിയ കമ്മിറ്റി ഭരണം ഏറ്റെടുക്കണമെന്നും അതിനായി അടിയന്തര ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കണമെന്നുമാണ് ആവശ്യം.

'പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയുടെ ഉപസംഘടന, നിലകൊള്ളുന്നത് താരങ്ങൾക്കൊപ്പം'; നേതൃത്വത്തിൽ മാറ്റം വരണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്, സംഘടനയിൽ ഭിന്നത
വില്ലനായി സെയ്‌ഫ് അലി ഖാൻ, അവസാന 40 മിനിറ്റ് അമ്പരപ്പിക്കുമെന്ന് ജൂനിയർ എൻടിആർ; 'ദേവര പാർട്ട് 1' 27 ന് തിയേറ്ററുകളിൽ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായതിനുപിന്നാലെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നേതൃത്വത്തിനു കത്ത് നല്‍കിയത്. സാന്ദ്ര ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതൃത്വം ഇടപെട്ട് യോഗവും വിളിച്ചിരുന്നു. ഈ യോഗം പ്രഹസനമായിരുന്നെന്നും സംഘടനയുടെ സമീപനം വനിതാ നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര കുറ്റപ്പെടുത്തി.

എന്നാല്‍ സാന്ദ്ര മുന്നോട്ടുവെച്ച കാര്യങ്ങളില്‍ നടപ്പിലാക്കാവുന്നവ പരിഗണിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ബി രാകേഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു. ഇന്റേണല്‍ കംപ്ലയിന്‌റ് കമ്മിറ്റിയില്‍ നിര്‍മാതാവിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് സാന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സാങ്കേതിക തടസമുണ്ടെന്ന കാര്യം സാന്ദ്രയെ അറിയിച്ചതാണെന്നും സെക്രട്ടറി പ്രതികരിച്ചു.

വനിതാ നിർമാതാക്കളുടെ പരാതി

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം മലയാള സിനിമ ലോകം സംഭവ ബഹുലമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഈ വേളയിൽ ഞങ്ങളുടെ നിരന്തരമായ സമ്മർദങ്ങളെത്തുടർന്ന് സെപ്റ്റംബർ ആറിന് ഉച്ചയ്ക്കു രണ്ടിനുഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്ത്രീ നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികളും അതിന്റെ പരിഹാരങ്ങളും ചർച്ച ചെയ്യുന്നതിന് വേണ്ടി സ്ത്രീ നിർമ്മാതാക്കളുടെ ഒരു യോഗം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഓഫീസിൽ വെച്ച് നടക്കുകയുണ്ടായി, തികച്ചും പ്രഹസനമായിരുന്നു ആ യോഗം. സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങളൊരു ചർച്ച നടത്തിയെന്ന ഒരു മിനുട്സ് ഉണ്ടാക്കുക എന്നതിലപ്പുറം യോഗത്തിന് ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല. പ്രസിഡന്റ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല, സെക്രട്ടറി യോഗത്തിന്റെ മിനുട്സിൽ ഒപ്പിട്ടതിനു ശേഷം ഇറങ്ങി പോവുകയും ചെയ്‌തു.

സ്വന്തം പേരിൽ രണ്ട്‌ സിനിമകൾ സെൻസർ ചെയ്യപ്പെട്ട വ്യക്തികൾക്കു മാത്രമേ പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ അംഗത്വം ലഭിക്കൂ എന്നിരിക്കെ സ്വന്തം പേരിൽ ഒരു പടം പോലും സെൻസർ ചെയ്യാത്ത ഒരു പടത്തിന്റെ കോ പ്രൊഡ്യൂസർ മാത്രമായിട്ടുള്ള ഒരു വ്യക്തിയും ആ യോഗത്തിൽ സന്നിഹിതയായിരുന്നു. മെമ്പർ അല്ലാത്ത വ്യക്തി എങ്ങനെയാണ് ഈ യോഗത്തിൽ പങ്കെടുത്തതെന്ന് അസോസിയേഷൻ വിശദീകരിക്കണം. ഇനി അവർ മെമ്പർ ആണെങ്കിൽ എങ്ങനെയാണ് അവർക്ക് മെമ്പർഷിപ്പ് കിട്ടിയതെന്നും അസോസിയേഷൻ വിശദീകരിക്കണം.

പ്രസ്തുത യോഗത്തിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ ഒരു കത്ത് വായിക്കുകയുണ്ടായി, ആ കത്തിലെ ഉള്ളടക്കത്തെക്കുറിച്ച് വിയോജിപ്പ് അറിയിച്ചപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അനിൽ തോമസ് ഞങ്ങളോട് പറഞ്ഞത് മുഖ്യമന്ത്രിക്ക് കത്ത് അയച്ചുകഴിഞ്ഞുവെന്നാണ്. ജനറൽ ബോഡി കൂടിയിട്ടില്ലെങ്കിൽ പോലും എക്സിക്യുട്ടീവിലെങ്കിലും ചർച്ച ചെയ്ത് വേണമായിരുന്നു അത്തരമൊരു കത്ത് തയ്യാറാക്കാൻ. എന്നാൽ ഞങ്ങൾ മനസ്സിലാക്കിയിടത്തോളം ഇങ്ങനെയൊരു കത്തിനെക്കുറിച്ചു ഒരു വിവരവും എക്സിക്യൂട്ടീവിലെ ഭൂരിഭാഗം അംഗങ്ങൾക്കും ഉണ്ടായിരുന്നില്ലെന്നാണ്. അതിൽനിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നത് പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ചില നിക്ഷിപ്ത താല്പര്യക്കാരുടെ ഇംഗിതങ്ങൾ മാത്രമാണ് എന്നതാണ്. അസോസിയേഷന്റെ ഇത്തരം സമീപനങ്ങൾ സ്ത്രീനിർമാതാക്കളെ പ്രത്യേകിച്ച് സിനിമ മേഖലയിലെ മറ്റ്‌ സ്ത്രീകളെയും കളിയാക്കുന്നതിനു തുല്യമാണ്. ഇത്തരം പ്രഹസനങ്ങളിൽനിന്ന് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയെന്ന നിലയിൽ മാറിനിൽക്കുകയും ഗൗരവത്തോടെ വിഷയങ്ങളിൽ സമീപിക്കുകയും വേണം.

അതിന്‌ മറ്റൊരു ഉദാഹരണം കൂടി പറയാൻ ആഗ്രഹിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം മൗനത്തിലായിരുന്ന പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നിവിൻ പോളിക്കെതിരെ ആക്ഷേപം ഉണ്ടായപ്പോൾ മണിക്കൂറുകൾക്കകം അസോസിയേഷൻ പത്രക്കുറിപ്പ് ഇറക്കി. ഇതിൽനിന്നു തന്നെ വളരെ വ്യക്തമാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത് ചിലരുടെ താൽപ്പര്യങ്ങൾക്കുവേണ്ടി മാത്രമാണ് എന്ന്. ഈയിടെ അസോസിയേഷന്റെ ഫണ്ട് സമാഹരണത്തിനുവേണ്ടി പ്രൊഡ്യൂസഴ്സ് അസോസിയേഷനും എഎംഎംഎ എന്ന സംഘടനയും മഴവിൽ മനോരമയുമായി സഹകരിച്ചു ഒരു സ്റ്റേജ് ഷോ നടത്തുകയുണ്ടായല്ലോ ഈ പരിപാടിയിലേക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പടെ 95 ശതമാനം നിർമാതാക്കളെയും ക്ഷണിച്ചിരുന്നില്ല. പുറമെ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതിൽ അമ്മയുടെ ഭാഗത്തു നിന്നും വിലക്കുണ്ടായിരുന്നു എന്നാണ്. അങ്ങനെ ഒരു വിലക്ക് 'അമ്മ എന്ന സംഘടനയുടെ ഉപ സംഘടനയാണോ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ?

അസോസിയേഷന്റെ ഈ നടപടിയിലൂടെ ഞങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നത് ബാഹ്യശക്തികളാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷനെ നിയന്ത്രിക്കുന്നതെന്നാണ്. ഈ ഒരു സാഹചര്യത്തിന് മാറ്റം വന്നേ കഴിയൂ. അതിന്‌ ഒരു ജനറൽ ബോഡി വിളിച്ചു ചർച്ച ചെയ്ത് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയല്ലാതെ മറ്റ്‌ മാർ​ഗങ്ങളില്ല. ഇപ്പോഴുള്ള കമ്മിറ്റി കുറച്ചു വ്യക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. അതിന്‌ ഒരു മാറ്റം വന്നേ പറ്റൂ. അതുകൊണ്ട് അടിയന്തിരമായി ജനറൽ ബോഡി വിളിച്ചു വിഷയങ്ങൾ സവിസ്തരം ചർച്ച ചെയ്ത് എല്ലാവരുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ട് ഒരു പുതിയ കമ്മിറ്റിയെ തിരെഞ്ഞെടുത്ത് പുതിയ സാഹചര്യത്തെയും പുതിയ കാലത്തെയും അഭിമുഖീകരിക്കണമെന്ന് ഞങ്ങൾ വിനീതമായി ആവശ്യപ്പെടുന്നു.

logo
The Fourth
www.thefourthnews.in