കന്നഡ സിനിമ മേഖലയിലും സ്ത്രീ സുരക്ഷാ ഉറപ്പാക്കണം, പഠിക്കാന്‍ കമ്മിറ്റി രുപീകരിക്കണം; മുഖ്യമന്ത്രിയെ കണ്ട് സഞ്ജന ഗൽറാണി
മലയാള സിനിമ മേഖലയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് തീർത്ത റിപ്പോർട്ടിന് പിന്നാലെ കർണാടകയിലും സമാനമായ കമ്മിറ്റി വേണമെന്ന് ആവശ്യം. നടി സഞ്ജന ഗൽറാണിയാണ് കന്നഡ സിനിമ മേഖലയിലും ഹേമ കമ്മിറ്റി പോലൊരു കമ്മിറ്റി വേണമെന്ന ആവശ്യം ഉയർത്തിയത്. മുഖ്യമന്ത്രി സിദ്ദരാമയ്യയെ കണ്ട് സഞ്ജന ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. സിനിമ മേഖലയിലെ സ്ത്രീകളുടെ സുരക്ഷാ ഉറപ്പാക്കാൻ സ്ത്രീകളുടെ ഒരു കമ്മിറ്റി രുപീകരിക്കണം എന്നായിരുന്നു സഞ്ജന ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഒരു കത്തും സഞ്ജന മുഖ്യമന്ത്രിക്ക് കൈമാറി.
കന്നഡ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് എഴുതിയ കത്ത് സാമൂഹ്യ മാധ്യമമായ എക്‌സിലും ഇൻസ്റ്റാഗ്രാമിലും സഞ്ജന പങ്കിട്ടുണ്ട്. " #metoo മുന്നേറ്റത്തിന് പിന്നാലെ, മുൻകാല പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെടാതെ പരിഹാരങ്ങൾ തേടേണ്ട സമയമാണിത്. ഞങ്ങളുടെ കന്നഡ ചലച്ചിത്ര വ്യവസായത്തിൽ ഇതുവരെ നിലവിൽ വന്നിട്ടില്ലാത്ത ഒരു വനിതാ കമ്മിറ്റി രൂപീകരിക്കുന്നത് എത്ര പ്രധാനമാണെന്ന് വിവരിക്കുന്ന എൻ്റെ അഭ്യർത്ഥന കത്ത് ഇതാ," എന്ന അടിക്കുറിപ്പോടെയാണ് സഞ്ജന കത്ത് പങ്കുവെച്ചിരിക്കുന്നത്. സാൻഡൽവുഡ് വുമൺ ആർട്ടിസ്റ്റ് അസോസിയേഷൻ അഥവാ SWAA എന്ന ബോഡി രൂപീകരിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും സഞ്ജന സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി സംസ്ഥാനങ്ങളിലെ സിനിമ മേഖലകളിൽ സമാനമായ കമ്മിറ്റി രൂപീകരിക്കണം എന്ന തരത്തിൽ ആവശ്യം ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ തെറ്റായ പ്രവണതകള്‍ തടയാന്‍ തമിഴ് അഭിനേതാക്കളുടെ കൂട്ടായ്മയായ നടികർ സംഘം കഴിഞ്ഞ ദിവസം സ്വീകരിച്ച നടപടികൾ വലിയ തോതിൽ ചർച്ചയായിരുന്നു. കുറ്റം തെളിഞ്ഞാല്‍ വിലക്ക് ഉള്‍പ്പെടെ കടുത്ത നടപടികളാണ് നടികകര്‍ സംഘം ശുപാര്‍ശ ചെയ്തത്. ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാൻ ആഭ്യന്തര പ്രശ്ന പരിഹാര സെൽ ഉൾപ്പടെ ശക്തിപ്പെടുത്താനാണ് തീരുമാനം.
സിനിമയിലെ സ്ത്രീസുരക്ഷയെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിന് ശേഷമായിരുന്നു നടികർ സംഘത്തിന്റെ പ്രഖ്യാപനങ്ങൾ.സിനിമയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ലൈംഗികാതിക്രമം നടത്തി എന്ന് തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ വിലക്ക് ഉണ്ടാകും എന്നതാണ് ഏറ്റവും സുപ്രധാനമായ തീരുമാനം. ഒപ്പം ബാധിക്കപ്പെട്ട ഇരകൾക്ക് നിയമസഹായത്തിനുള്ള എല്ലാ പിന്തുണനയും സംഘടനാ നൽകും. അതിക്രമങ്ങൾ അറിയിക്കാൻ ആഭ്യന്തര പരിഹാര സെല്ലിനായി പ്രത്യേക ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടാക്കും. ഇരകൾക്ക് ഈ നമ്പറിലൂടെയും ഇമെയിൽ വഴിയും പരാതികൾ അറിയിക്കാം.
ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതുപോലെ തമിഴിലും വേണമെന്ന് നടനും തമിഴ് സിനിമാതാരങ്ങളുടെ കൂട്ടായ്‌മയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമായ വിശാൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ട നടപടികൾ സംഘടന ഉടൻ തന്നെ കൈക്കൊള്ളുമെന്നും വിശാൽ പ്രതികരിച്ചിരുന്നു. തമിഴിലെ മിക്ക താരങ്ങളും വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ളത്. ബിജെപി നേതാവും നടിയുമായ രാധിക ശരത്കുമാർ അടക്കമുള്ള പലരും ഹേമ കമ്മിറ്റി പോലൊരു കമ്മിറ്റി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും ആവശ്യം ഉന്നയിച്ചിരുന്നു.