മറവിയിൽ മറഞ്ഞ ആദ്യ പിന്നണിഗായിക

മറവിയിൽ മറഞ്ഞ ആദ്യ പിന്നണിഗായിക

നിർമ്മല എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യ പിന്നണി ഗായകരായി ചരിത്രത്തിൽ ഇടം നേടിയ സരോജിനി മേനോനെയും ഡോ ടി കെ ഗോവിന്ദറാവുവിനേയും ഓർത്തെടുക്കുകയാണ് രവി മേനോൻ
Updated on
3 min read

മലയാള സിനിമയിൽ പിന്നണിഗാന സമ്പ്രദായത്തിന് തുടക്കമിട്ട "നിർമ്മല" (1948) എന്ന ചലച്ചിത്രത്തിന് എഴുപത്തഞ്ചു  വയസ്സ് തികയുമ്പോൾ ചരിത്രത്തിന്റെ പുറമ്പോക്കിൽ ഒതുങ്ങിപ്പോയ ഒരു ഗായികയുടെ മുഖം വീണ്ടും ഓർമ്മയിൽ തെളിയുന്നു; മലയാളത്തിലെ ആദ്യ പിന്നണി ഗായിക സരോജിനി മേനോന്റെ. 

ആരോർക്കുന്നു, ഒരൊറ്റ സിനിമയിൽ പാടി മാഞ്ഞുപോയ ഈ തൃപ്പൂണിത്തുറക്കാരിയെ?

കാൽ നൂറ്റാണ്ട് മുൻപായിരുന്നു ദൂരദർശൻ പരമ്പരയായ 'ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരി' ക്ക് വേണ്ടി സരോജിനി ടീച്ചറുമായുള്ള കൂടിക്കാഴ്ച. സംവിധായകനായ എം എസ് നസീമുമുണ്ട് ഒപ്പം. പതിറ്റാണ്ടുകൾ പലതു കഴിഞ്ഞിരുന്നെങ്കിലും ആദ്യ ഗാനത്തിന്റെ ശബ്ദലേഖനം ചെറുചിരിയോടെ ഓർത്തെടുക്കാൻ കഴിഞ്ഞു  അവർക്ക്; അന്ന് പാടിയ ഗാനത്തിന്റെ  പല്ലവി ഓർമ്മയിൽ നിന്ന്  മൂളിത്തരാനും.

 "സേലത്ത് മോഡേൺ സ്റ്റുഡിയോയിൽ വെച്ചായിരുന്നു റെക്കോർഡിംഗ്. പാട്ട് പഠിപ്പിച്ചത്  സംഗീത സംവിധായകൻ ഇ ഐ വാര്യർ. നല്ലൊരു വീണാ വാദകനായിരുന്നു അദ്ദേഹം. ആഴ്ചകൾ നീണ്ട പരിശീലനം വേണ്ടിവന്നു പാട്ട് പഠിച്ചെടുക്കാൻ.  നിരവധി തവണ  റിഹേഴ്‌സ് ചെയ്യിച്ചത് ഓർമ്മയുണ്ട്. എന്നാൽ  ഇടയ്ക്കിടെ വാര്യരെ  കാണാതാകും. ആർക്കുമറിയില്ല എങ്ങുപോയെന്ന്.  അങ്ങനെയാണ് പി എസ് ദിവാകറിനെ കൂടി സംഗീത സംവിധായകനായി വെച്ചത്. 

മഹാകവി ജി ശങ്കരക്കുറുപ്പ് എഴുതിയ 'കരുണാകര പീതാംബര ഗോപാലബാല' എന്ന് തുടങ്ങുന്ന ഗാനം അങ്ങനെ മലയാളത്തിലെ ആദ്യ പിന്നണി ഗാനമാകുന്നു

''റെക്കോർഡിംഗിന്റെ ചുമതല വഹിച്ചത്  സാക്സഫോൺ ആർട്ടിസ്റ്റ് ആയ ദിവാകർ ആയിരുന്നു എന്നാണ്  ഓർമ്മ..." മഹാകവി ജി ശങ്കരക്കുറുപ്പ് എഴുതിയ 'കരുണാകര പീതാംബര ഗോപാലബാല' എന്ന് തുടങ്ങുന്ന ഗാനം അങ്ങനെ മലയാളത്തിലെ ആദ്യ പിന്നണി ഗാനമാകുന്നു. പാട്ടിൽ സരോജിനിയുടെ ശബ്ദത്തെ  അനുഗമിച്ച ശിഷ്യകളിൽ ഒരാളായ ആറാം ക്ലാസുകാരി വിമല വർമ്മക്ക്  ഇന്ന്  പ്രായം 85. 'നിർമ്മല'യുടെ അണിയറ പ്രവർത്തകരിൽ ഇന്ന് നമുക്കൊപ്പം വിമല മാത്രമേയുള്ളു. സരോജിനി മേനോൻ ഓർമ്മയായത് രണ്ടു പതിറ്റാണ്ടു മുൻപ്.

"ഇന്നത്തെ പോലെ കുറ്റമറ്റ സൗണ്ട് പ്രൂഫ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഭഗീരഥ പ്രയത്‌നം തന്നെയാണ് അന്നത്തെ റെക്കോർഡിംഗ്" -- സരോജിനിയുടെ ഓർമ്മ. "എത്ര സൂക്ഷ്മത പുലർത്തിയാലും പുറത്തു നിന്നുള്ള ശബ്ദവീചികൾ അകത്തു കടന്നുവരും. ഇതൊഴിവാക്കാൻ അധികവും രാത്രിയിലാണ് പാട്ടുകൾ റെക്കോർഡ് ചെയ്യുക. ശബ്ദ ക്രമീകരണത്തിനായി ഹാളിന്റെ മുകളിൽ നിന്ന്  മൺകലങ്ങൾ തൂക്കിയിട്ടിരുന്നത് ഓർമ്മയുണ്ട്." അതേ സിനിമയിൽ 'അയേ ഹൃദയാഭരജനനാ' എന്നൊരു പാട്ടുകൂടി പാടിയെങ്കിലും പിന്നീട് സിനിമയിലേക്ക് തിരിച്ചുചെന്നതേയില്ല സരോജിനി.

സരോജിനി മേനോന്‍ കുടുംബത്തോടൊപ്പം
സരോജിനി മേനോന്‍ കുടുംബത്തോടൊപ്പം

 തൃപ്പൂണിത്തുറ കണ്ണാമ്പള്ളിൽ പദ്‌മനാഭമേനോന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകളായ സരോജിനി ആർ എൽ വി ഫൈൻ ആർട്ട്സ് സ്‌കൂളിൽ നിന്ന് സംഗീത കോഴ്‌സ് പാസായ ശേഷമാണ് അധ്യാപന രംഗത്തെത്തിയത്. തൃപ്പൂണിത്തുറ സ്കൂളിൽ സംഗീതാധ്യാപികയായി വിരമിച്ചു. തൃപ്പൂണിത്തുറ റീജണൽ ഡെപ്യൂട്ടി ഡയറക്റ്റർ ഓഫിസിലെ സൂപ്രണ്ടായിരുന്ന നാരായണമേനോൻ ആണ് ഭർത്താവ്.  "സിനിമയിൽ പാടുക എന്നത് അന്നൊന്നും അത്ര വലിയ ആകർഷണമായിരുന്നില്ല. പിന്നെ ശാസ്ത്രീയ സംഗീത മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം എന്നായിരുന്നു വീട്ടുകാരുടെയും ആഗ്രഹം."

- എന്തുകൊണ്ട് കൂടുതൽ സിനിമയിൽ പാടിയില്ല എന്നതിന് സരോജിനി മേനോന്റെ മറുപടി.

വിമലാ വർമ
വിമലാ വർമ

ആദ്യ പിന്നണി ഗാനത്തിൽ സരോജിനി മേനോനോടൊപ്പം പങ്കാളിയായ വിമലാ വർമ്മ "നിർമ്മല"യിൽ പിന്നീട് വേറെയും രണ്ടു കുട്ടിപ്പാട്ടുകൾ പാടി - ഏട്ടൻ വരും ദിനമേ, വാഴുക സുരുചിരം. പിൽക്കാലത്ത് ആകാശവാണിയിൽ സ്റ്റാഫ് അനൗൺസറായി ചുമതലയേറ്റ  വിമല നൂറു കണക്കിന് ലളിതഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്. 'നിർമ്മല'യിലെ ശുഭലീല എന്ന ഗാനത്തിലൂടെ മലയാളത്തിലെ ആദ്യ പിന്നണിഗായകനായി മാറിയ ഡോ ടി കെ ഗോവിന്ദറാവുവും പിന്നീട് സിനിമയിൽ പാടുകയുണ്ടായില്ല.  ശാസ്ത്രീയ സംഗീതവിശാരദനായി പേരെടുത്ത ഡോ  റാവു 2011 ലാണ് അന്തരിച്ചത്. ഡൽഹി ആകാശവാണിയിൽ ചീഫ് പ്രൊഡ്യൂസർ ആയിരുന്നു അദ്ദേഹം.

ഇ ഐ വാര്യർ  പലകാരണങ്ങളാലും സിനിമയിൽ തുടർന്നില്ലെങ്കിലും ദിവാകർ  പിൽക്കാലത്ത് നിരവധി മലയാള ചിത്രങ്ങൾക്ക് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കി

ഗോവിന്ദ റാവു
ഗോവിന്ദ റാവു

"പാട്ടുകൾ പഠിപ്പിച്ചത് ഇ ഐ വാര്യർ ആയിരുന്നെങ്കിലും റെക്കോർഡിംഗ് സമയത്ത് അദ്ദേഹം അപ്രത്യക്ഷനായി. നേരത്തെ തന്നെ നൊട്ടേഷൻ എഴുതിവെച്ചിരുന്നതിനാൽ നിശ്ചയിച്ച സമയത്തുതന്നെ പാടിത്തീർക്കാൻ കഴിഞ്ഞു എനിക്ക്." --  ഗോവിന്ദറാവുവിന്റെ വാക്കുകൾ. പി ലീല, പി കെ രാഘവൻ, ചേർത്തല വാസുദേവക്കുറുപ്പ് തുടങ്ങിയവരും ഉണ്ടായിരുന്നു നിർമ്മലയിൽ ഗായകരായി. ഇ ഐ വാര്യർ  പലകാരണങ്ങളാലും സിനിമയിൽ തുടർന്നില്ലെങ്കിലും ദിവാകർ  പിൽക്കാലത്ത് നിരവധി മലയാള ചിത്രങ്ങൾക്ക് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കി. വിശപ്പിന്റെ വിളി, മരുമകൾ, പുത്രധർമ്മം, ഇത്തിക്കര പക്കി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. 

logo
The Fourth
www.thefourthnews.in