ശശികുമാർ വീണ്ടും സംവിധാനത്തിലേക്ക്; മടങ്ങി വരവ് 13 വർഷത്തിന് ശേഷം
13 വർഷത്തിനു ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്താനൊരുങ്ങി ശശികുമാർ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ. അനുരാഗ് കശ്യപാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് . തമിഴ് താരം വിജയകാന്തിന്റെ മകൻ ഷൺമുഖ പാണ്ഡ്യനും ചിത്രത്തിന്റെ ഭാഗമാകുമെന്ന റിപ്പോർട്ടുകളും തമിഴകത്ത് നിന്ന് വരുന്നുണ്ട് .
ശശികുമാർ സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തകൾ 2022 ലും പുറത്തുവന്നിരുന്നു. ഷൺമുഖ പാണ്ഡ്യനെ നായകനാക്കി ഒരു വെബ് സീരീസ് ചിത്രീകരിക്കുന്നു എന്നായിരുന്നു വാർത്തകൾ. നീണ്ടകാലത്തിനു ശേഷം സുഹൃത്തായ അനുരാഗ് കശ്യപിനോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതായിരുന്നു ചർച്ചകൾക്കിടയാക്കിയത്
ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന പുതിയ ചിത്രം ഒരു എന്റർടെയ്നർ ആണെന്നാണ് റിപ്പോർട്ടുകൾ. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഈ വർഷം ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2024 ൽ തീയേറ്ററുകളിലെത്തും.
2008 ൽ പുറത്തിറങ്ങിയ സുബ്രഹ്മണ്യപുരമാണ് ശശികുമാറിന്റെ ആദ്യ ചിത്രം. ശശികുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. അതുവരെ തമിഴ് സിനിമയിൽ കണ്ട് ശീലിച്ച കാഴ്ചകൾക്കപ്പുറം റിയലിസ്റ്റിക് ചലച്ചിത്രാനുഭവത്തിന് തുടക്കം കുറിക്കുകയായിരുന്നു സുബ്രഹ്മണ്യപുരം . ചിത്രത്തിലെ കൺകൾ ഇരണ്ടാൽ എന്ന പാട്ടും സൂപ്പർ ഹിറ്റായിരുന്നു . തുടർന്ന് അഭിനയത്തിൽ സജീവമായെങ്കിലും സംവിധാനത്തിൽ നിന്ന് ഇടവേള എടുത്തു. സുബ്രഹ്മണ്യപുരത്തിനു ശേഷം 2010 ൽ പുറത്തിറങ്ങിയ ഈശനാണ് ശശികുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അവസാന ചിത്രം.