'ഒരു സർക്കാർ ഉൽപ്പന്നം' സിനിമയുടെ രചയിതാവ് നിസാം റാവുത്തർ അന്തരിച്ചു; അന്ത്യം ചിത്രം മറ്റന്നാൾ റീലീസാകാനിരിക്കെ
'ഒരു സർക്കാർ ഉൽപ്പന്നം' സിനിമയുടെ രചയിതാവ് നിസാം റാവുത്തർ (49) അന്തരിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസാകാനിരിക്കുകയായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന നിസാം സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിട്ടായി തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഡോക്യുമെന്ററി മേഖലയിലും സജീവമായിരുന്നു.
ടി വി രഞ്ജിത്തിന്റെ സംവിധാനത്തിൽ 'ഒരു സർക്കാർ ഉത്പന്നം' തിയേറ്ററുകളിൽ എത്തുന്നത്. നേരത്തെ 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' എന്നായിരുന്നു ചിത്രത്തിന്റെ പേര്. 'ഭാരത' എന്ന വാക്കിന് സീസർ ബോർഡ് അനുമതി നിഷേധിച്ചതോടെ ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു.
ഭാരത എന്ന വാക്കിന് വിലക്കേർപ്പെടുത്തിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. എന്തുകൊണ്ടാണ് പേര് പിൻവലിക്കാൻ ആവശ്യപ്പെട്ടതെന്നതു സംബന്ധിച്ച്‌സി യാതൊരു വിശദീകരണവും സെൻസർ ബോർഡ് നൽകിയിരുന്നില്ല. കേരളം എന്നോട് തമിഴ്‌നാടെന്നോ ഉപയോഗിച്ചോളാനും എന്നാൽ ഭാരത് എന്ന് ഉപയോഗിക്കരുതെന്നുമായിരുന്നു സെൻസർ ബോർഡ് നിർദേശം.
എന്നാൽ സിനിമ റിലീസ് അടുത്തിരിക്കുന്ന സാഹചര്യമായതിനാൽ നിയമയുദ്ധത്തിനില്ലെന്ന് നിർമാതാക്കൾ തീരുമാനിക്കുകയും പേര് മാറ്റുകയുമായിരുന്നു. ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്ന സുബീഷ് സുബി ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ കറുത്ത സ്റ്റിക്കർ ഉപയോഗിച്ച് 'ഭാരത' എന്ന വാക്ക് മറയ്ക്കുന്ന വീഡിയോ പങ്കിട്ടുകൊണ്ടാണ് ചിത്രത്തിന്റെ പേര് മാറ്റിയ വിവരം അറിയിച്ചത്.