'ഈ രൂപം ഒരു കുറവായിട്ട് തോന്നിയിട്ടില്ല, എന്റെ സിനിമയില്‍ ബോഡി ഷെയ്മിങ് തമാശകളെ പ്രോത്സാഹിപ്പിക്കില്ല': ആനന്ദ് മധുസൂദനൻ

നിലവിലെ സാമൂഹ്യ ചുറ്റുപാടിനെയും ചില നാട്ടുനടപ്പുകളെയും പ്രതിപാദിക്കുന്ന സിനിമയാണ് ആനന്ദ് തിരക്കഥ എഴുതി പ്രധാന വേഷത്തിലെത്തിയ 'വിശേഷം'.

ഒരിക്കൽ പോലും തന്റെ രൂപം ഒരു കുറവായിട്ട് തോന്നിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നടനുമായ ആനന്ദ് മധുസൂദനൻ. ബോഡി ഷെയ്മിങ് കോമഡികളിലെ ഹാസ്യം മനസിലാകാറില്ലെന്നും അതിനാൽ താൻ എഴുത്തുകാരനാവുന്ന സിനിമയിൽ ഒരിക്കലും അത്തരം തമാശകളെ പ്രോത്സാഹിപ്പാൻ ഉദ്ദേശിക്കുന്നില്ലെന്നും ആനന്ദ് ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നിലവിലെ സാമൂഹ്യ ചുറ്റുപാടിനെയും ചില നാട്ടുനടപ്പുകളെയും പ്രതിപാദിക്കുന്ന സിനിമയാണ് ആനന്ദ് തിരക്കഥ എഴുതി പ്രധാന വേഷത്തിലെത്തിയ 'വിശേഷം'. ചിന്നു ചാന്ദ്നി ആണ് ചിത്രത്തിലെ നായിക. പലപ്പോഴും സമൂഹത്തിൽ നിന്നുയരുന്ന ചില അനാവശ്യ ചോദ്യങ്ങൾക്കു മുന്നിൽ പെട്ടുപോകുന്ന മനുഷ്യരുടെ പ്രതിനിധികളാണ് ഷിജു-സജീത ദമ്പതികൾ. മനുഷ്യരുടെ വ്യക്തിപരമായ കാര്യങ്ങളിലുളള സാമൂഹ്യ ഇടപെ‌ടലുകളെ ചോദ്യം ചെയ്യുമ്പോഴും രണ്ട് കഥാപാത്രങ്ങൾ രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് എന്നല്ലാതെ രൂപത്തെ ചൂണ്ടിയുളള വർത്തമാനങ്ങൾ ചിത്രത്തിൽ നന്നേ കുറവാണ്. ആ ചോദ്യങ്ങൾ പോലും സമൂഹത്തിന്റെ റെപ്രസന്റേഷന് വേണ്ടി പിന്നീട് എഴുതിച്ചേർക്കപ്പെട്ടവയാണെന്നും അവിടംകൊണ്ട് അത് അവസാനിപ്പിക്കണം എന്നതുമായിരുന്നു തിരക്കഥാകൃത്തെന്ന നിലയിൽ തന്റെ തീരുമാനമെന്നും ആനന്ദ് പറയുന്നു...

സിനിമയുടെ പ്രമേയത്തെ കുറിച്ച് തിരക്കഥാകൃത്ത് പറയുന്നത് ഇങ്ങനെ,

''കല്യാണമായില്ലേ! ജോലിയായില്ലേ! വിശേഷമായില്ലേ! ഈ ചോദ്യങ്ങള്‍ സമൂഹത്തില്‍നിന്ന് എളുപ്പം ഇല്ലാതാവില്ല. നാളെ മുതല്‍ മാറ്റം വരുമെന്ന പ്രതീക്ഷയൊന്നും ഈ സിനിമകൊണ്ട് ഉദ്ദേശിക്കുന്നുമില്ല. മറിച്ച്, ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കേണ്ടിവരുന്നവരെ ഇതെത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് ഒരാളെങ്കിലും തിരിച്ചറിഞ്ഞാല്‍ അതുമതിയാകും,''

ചിത്രത്തിലെ ഒരു പ്രധാനരം​ഗത്തിന് വേണ്ടി എഴുതിയ ഡയലോ​ഗ് എഴുതാൻ പ്രേരിപ്പിച്ച തോന്നൽ എന്തെന്ന് ആനന്ദ് പറയുന്നതിങ്ങനെ,

''ഭര്‍ത്താവ് മരിച്ചുപോയാല്‍ വിഷമം തോന്നും, സ്വഭാവികമാണ്. അതിനര്‍ഥം അവള്‍ക്ക് ഒറ്റയ്ക്കു ജീവിക്കാന്‍ പറ്റില്ല എന്നല്ല. പലപ്പോഴും പുരുഷന്മാര്‍ക്ക് അതിനു കഴിയണമെന്നില്ല. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ശക്തരാണ്. പുരുഷന്മാർ ഒരു പരിധിവരെ സ്ത്രീയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. പക്ഷെ അത് സമ്മതിച്ചുതരാൻ 'സോ കോൾഡ് ഈ​ഗോ' അവരെ അനുവദിക്കാറില്ല. നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മറ്റൊരാളെ ആശ്രയിക്കേണ്ടി വരുമ്പോൾ സ്വയം ദുർബലരാവുകയാണ്. ആ ചിന്തയില്‍നിന്ന് എഴുതിയ ഡയലോഗാണ് 'പെണ്ണൊരുത്തി ഇട്ടിട്ടുപോയാല്‍ മതി ആണിന്റെ ജീവിതം കുഴയാന്‍...''

Related Stories

No stories found.
logo
The Fourth
www.thefourthnews.in