ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ ഓർമയായിട്ട് രണ്ട് വർഷം

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ ഓർമയായിട്ട് രണ്ട് വർഷം

അനുകരണങ്ങൾക്ക്പിന്നാലെ പോകാതെ, ആലാപനത്തിൽ സ്വന്തം വഴി കണ്ടെത്തിയ ആളായിരുന്നു ലതാജി
Updated on
2 min read

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ ഓർമയായിട്ട് രണ്ട് വർഷം. 2022 ഫെബ്രുവരി ആറിന് 92-ാമത്തെ വയസിലാണ് ഇന്ത്യൻ സിനിമയുടെ വാനമ്പാടി ലത മങ്കേഷ്‌കർ വിട പറയുന്നത്. കോവിഡും ന്യൂമോണിയയും ബാധിച്ചായിരുന്നു മരണം. ഏഴരപതിറ്റാണ്ടു നീണ്ട തന്റെ സംഗീതം അവസാനിപ്പിച്ച് ലതാജി മടങ്ങിയപ്പോൾ ഇന്ത്യൻ സിനിമയിൽ രൂപപ്പെട്ടത് ഇനിയൊരിക്കലും നികത്തനാവാത്ത വിടവാണ്. ആ ഈണങ്ങൾ മനസിലേറ്റാത്ത ഒരു സംഗീതാസ്വാദകൻ പോലും ഉണ്ടാവില്ല. ആ മനോഹര ശബ്‍ദം കൊണ്ട് ലോകത്താകമാനമുള്ള സംഗീതാസ്വാദകരെ ലതാജി അനുഗ്രഹീതരാക്കി.

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ ഓർമയായിട്ട് രണ്ട് വർഷം
ശില്‍പ്പത്തിന് വസ്ത്രമില്ല; ലത മങ്കേഷ്‌ക്കര്‍ നിഷേധിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം

ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങളാണ് ലതാജി പാടിയിട്ടുള്ളത്. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ട ഗായകരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. നർഗീസ്, നിമ്മി, മാലാ സിൻഹ, നന്ദ, ശർമിള ടാഗോർ, വൈജയന്തിമാല, പദ്മിനി, ഹെലൻ, വഹീദ റഹ്മാൻ, ബീനാറായി, ഗീതാ ബാലി, സീനത്ത് അമൻ തുടങ്ങി നിരവധി നായികമാരുടെ ശബ്ദമായി നിറഞ്ഞ് നിന്നിരുന്നു ലതാജി. പക്ഷേ മലയാളത്തിൽ ആ ശബ്ദത്തിനൊപ്പം ചലിക്കാൻ സാധിച്ചത് ജയഭാരതിക്ക് മാത്രമാണ്. നെല്ല് എന്ന സിനിമയിലെ ‘കദളി കൺകദളി ചെങ്കദളി പൂ വേണോ... ’ എന്ന ഗാനമാണ് ലത മങ്കേഷ്‌കർ ആലപിച്ച ഏക മലയാള ഗാനം.

1929 സെപ്തംബര്‍ 28 ന് മധ്യപ്രദേശിലാണ് ജനനം. പിതാവില്‍ നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്. അഞ്ചാം വയസിൽ സംഗീത നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങിയിരുന്നു. 13 വയസുള്ളപ്പോൾ അച്ഛൻ മരിച്ചതോടെയാണ് പാട്ടുപാടാനുള്ള കഴിവ് വരുമാനത്തിനായി ചിട്ടപ്പെടുത്തിയെടുക്കുന്നത്. 1942 ലാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ലതാ മങ്കേഷ്‌കറുടെ വരവ്. 1949 ല്‍ ഉഠായേ ജാ ഉന്‍കി സിതം എന്ന ഹിറ്റ് ഗാനത്തോടെ ശ്രദ്ധിക്കപ്പെട്ടു. അനവധി പ്രതിബന്ധങ്ങളെ ഒറ്റയ്ക്ക് നേരിട്ടാണ് ഇന്ത്യയുടെ വാനമ്പാടി എന്ന വിശേഷത്തിലേക്ക് ലത എത്തുന്നത്.

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ ഓർമയായിട്ട് രണ്ട് വർഷം
കപിലിന്റെ മാത്രമല്ല, ലതാജിയുടേയും ലോകകപ്പ്

ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലതാജിയെ തേടി വന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടി. ഏതാനും ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്കർ നാലു ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവും ഒപ്പം ഇഷ്ടമായിരുന്നു.

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ ഓർമയായിട്ട് രണ്ട് വർഷം
സച്ചിന് വേണ്ടി മാത്രം ലതാജി പാടിയ പാട്ട്

അനുകരണങ്ങൾക്ക്പിന്നാലെ പോകാതെ, ആലാപനത്തിൽ സ്വന്തം വഴി കണ്ടെത്തിയ ആളായിരുന്നു ലതാജി. അനവധി പേർക്ക് പ്രചോദനം നൽകിയ ഇതിഹാസഗായിക ഇന്നും അനശ്വരഗാനങ്ങളിലൂടെ നമുക്കിടയിലുണ്ട്.

മരണവും വിവാദമാക്കിയവർ

ലത മങ്കേഷ്‌കർ മരിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ലതാജിയുടെ ശവസംസ്കാര ചടങ്ങിൽ ഷാരൂഖാൻ ദുആ ചെയ്തതാണ് ചിലരെ ചൊടിപ്പിച്ചത്. ദുആക്ക് ശേഷം ഇസ്ലാമിക ആചാരമനുസരിച്ച് തിന്മ ഒഴിവാക്കാൻ നടൻ വായുവിലേക്ക് ഊതുകയായിരുന്നു. എന്നാൽ ഷാരൂഖ് മൃതദേഹത്തിലേക്ക് തുപ്പി എന്ന തരത്തിലാണ് പ്രചാരണം ഉണ്ടായത്.

ഷാരൂഖ് ഖാനെതിരെ രൂക്ഷമായ സൈബർ ആക്രണങ്ങളാണ് അന്നുണ്ടായത്. നിരവധി താരങ്ങൾ ഷാരൂഖ് ഖാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഒപ്പം നിരവധി സാമൂഹ്യ മാധ്യമ ഉപയോക്താക്കളും ഷാരൂഖിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഞായറാഴ്ച നടന്ന ശവസംസ്കാര ചടങ്ങിൽ ഷാരൂഖ് തൻ്റെ ദുആ ചൊല്ലുന്നതിൻ്റെയും മാനേജർ പൂജ ദദ്‌ലാനിയുടെ കൈകൾ ചേർത്ത് പ്രാർഥനയിൽ പങ്കെടുക്കുന്നതിൻ്റെയും ചിത്രം ഇന്ത്യയുടെ വൈവിധ്യം എന്ന ആശയത്തെ ഉൾകൊണ്ട് വൈറൽ ആവുകയും ചെയ്തു.

logo
The Fourth
www.thefourthnews.in