'ഉള്ളം തുടിക്കണ്', മന്ദാകിനിയിലെ രണ്ടാം ഗാനം ഇന്നെത്തും
അല്‍ത്താഫ്, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന മന്ദാകിനിയിലെ രണ്ടാം ഗാനം ഇന്ന് വൈകുന്നേരമെത്തും. 'ഉള്ളം തുടിക്കണ്' എന്ന പ്രണയ ഗാനം വൈകുന്നേരം 6 മണിക്ക് ആണ് പുറത്തിറങ്ങുക. രമ്യത് രാമൻ രചന നിർവഹിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ബിബിൻ അശോക് ആണ്. രമ്യത് രാമൻ തന്നെയാണ് ഗാനം ആലപിച്ചത്.
വിനോദ് ലീല സംവിധാനം ചെയ്യുന്ന 'മന്ദാകിനി'യിലെ ആദ്യ ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ഹിറ്റായിരുന്നു. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉള്‍പ്പെടെയുള്ള സിനിമകളില്‍ പാട്ടുകള്‍ ചെയ്ത പാട്ടുകാരനും റാപ്പറുമായ ഡാബ്സീ ആണ് 'വട്ടേപ്പം' എന്ന ഗാനം തയ്യാറാക്കിയിരുന്നത്. ഈ മാസം ഒമ്പതിനാണ് ഗാനം പുറത്തിറക്കിയത്. ടൊവിനോ ചിത്രം 'തല്ലുമാല'യിലെ 'മണവാളൻ തഗ്' എന്ന ഗാനം ആലപിച്ച് പ്രേക്ഷകശ്രദ്ധ നേടിയ ഡബ്‌സീ ആലപിക്കുന്ന അഞ്ചാമത്തെ ഗാനമാണിത്. ഫഹദ് ഫാസില്‍ നായകനായ ആവേശം സിനിമയില്‍ ഡബ്‌സി പാടിയ 'ഇല്യൂമിനാണ്ടി' എന്ന ഹിറ്റ് പാട്ടിനു ശേഷമാണ് മന്ദാകിനിയിലെ 'വട്ടേപ്പ'വും സൂപ്പര്‍ ഹിറ്റായി മാറിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ 1.1 മില്യണ്‍ വ്യൂസാണ് യൂട്യൂബില്‍ മാത്രം 'വട്ടേപ്പത്തിന്' ലഭിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സായും ഗാനം ട്രെൻഡിങ്ങിൽ ആയിരുന്നു. ബിബിന്‍ അശോക് സംഗീത സംവിധാനം നിര്‍വഹിച്ച പാട്ടിന്റെ വരികൾ എഴുതിയത് വൈശാഖ് സുഗുണനായിരുന്നു.സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ ചിത്രമാണ് മന്ദാകിനി. ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ. ഷിജു എം ബാസ്കർ തന്നെയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. ഒരു കോമഡി എന്റർടൈനറാണ് ചിത്രം.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഉൾപ്പടെയുള്ള ചിത്രങ്ങളുടെ സംവിധായകനാണ് അൽത്താഫ് സലിം. അൽത്താഫിനൊപ്പം പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയും മന്ദാകിനിക്കുണ്ട്. ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് എത്തുമ്പോൾ അമ്പിളി എന്ന കഥാപാത്രമാണ് അനാർക്കലി അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഫൈനൽ മിക്സിങ് കഴിഞ്ഞ വിവരം സംവിധായകൻ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഈ മാസം 24 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.