'ശരശയ്യ, നീരജ, കല്ല്യാണിയുടെയും ദാക്ഷാണിയുടെയും കത', സാഹിത്യത്തിലെയും സിനിമയിലെയും 'ലൈംഗിക ശൂന്യത'യുടെ ആവിഷ്കാരങ്ങൾ

'ശരശയ്യ, നീരജ, കല്ല്യാണിയുടെയും ദാക്ഷാണിയുടെയും കത', സാഹിത്യത്തിലെയും സിനിമയിലെയും 'ലൈംഗിക ശൂന്യത'യുടെ ആവിഷ്കാരങ്ങൾ

ലൈംഗിക ശൂന്യത അനുഭവിക്കുന്ന പുരുഷനെയും സ്ത്രീയെയും മലയാള സിനിമയും സാഹിത്യവും എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പരിശോധിക്കുന്നു
Updated on
4 min read

തോപ്പില്‍ ഭാസിയുടെ ശരശയ്യയിലെ ഡോ. തോമസാണ് ഏറ്റവും അനിവാര്യമായ നേരത്ത്, ഒരു പെണ്ണിനോട് ഏറ്റവും നിഷ്‌കളങ്കമായി, നേരിട്ട് ലൈംഗികാഭ്യര്‍ഥന നടത്തിയ വെള്ളിത്തിരയിലെ ആദ്യ കഥാപാത്രമെന്നു തോന്നുന്നു മലയാളത്തില്‍.

തോപ്പില്‍ ഭാസിയുടെ തന്നെ അശ്വമേധത്തിന്റെ രണ്ടാം ഭാഗമാണ് ശരശയ്യ. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പേരാമ്പ്ര സംഗം തിയേറ്ററിലാണ് ശരശയ്യ കാണുന്നത്. അശ്വമേധവും ശരശയ്യയും അക്കാലത്തെ മഹാമാരിയായ കുഷ്ഠരോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ സിനിമകളാണ്. അതുകൊണ്ടാകും യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളെ മാഷമ്മാരും ടീച്ചര്‍മാരും ചേര്‍ന്നു തിയേറ്ററില്‍ കൊണ്ടു പോയി ആ സിനിമ കാണിച്ചത്. സിനിമ കണ്ടിറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ തങ്ങിനിന്നത് വയലാറിന്റെ വരികളാണ്, ''ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ, മനസ്സിന്‍ പാതി പകുത്തു തരൂ. മെയ്യിന്‍ പാതി പകുത്തു തരൂ...''

നിലാവ് പെയ്യുന്ന രാത്രിയില്‍, കാമുകനെ ഓര്‍ക്കുന്ന കാമലോലുപയായ സരോജത്തിന്റെ കാമോദ്ദീപകമായ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അശരീരിയായി വരുന്ന ആ ഗാനം കുറേക്കാലം എന്റെ മനസ്സ് മൂളിക്കൊണ്ടിരുന്നു. കൂടെ പഠിക്കുന്ന ഷാഹിദയേയും സുഹ്റയേയും സ്മിതയേയുമൊക്കെ കാണുമ്പോള്‍ എന്റെയുള്ളിലെ കുഞ്ഞുകാമുകന്‍ ആ പാട്ട് മൂളും.

സരോജമായി വരുന്നത് ഷീലയാണ്. സരോജത്തിന്റെ കാമുകന്‍ ഡോ. ഹരിയായി മധുവും. അവരുടെ പ്രണയമല്ലാതെ, സിനിമയുടെ രാഷ്ട്രീയ സാമൂഹിക മാനങ്ങളൊന്നും ഞാന്‍ ഉള്‍ക്കൊണ്ടില്ല. അതൊന്നും മനസ്സിലാക്കാനുള്ള പ്രായവുമല്ലല്ലോ.

ഒറ്റയ്ക്കായിപ്പോകുന്ന മനുഷ്യരില്‍ ലൈംഗികതയുടെ അഭാവം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും അതുവഴി ശാരീരികപ്രശ്നത്തിലേക്കും ആ അവസ്ഥ മനുഷ്യനെ നയിക്കും. അതിനെ പക്ഷേ, സദാചാര പ്രശ്നമായി കൈകാര്യം ചെയ്യാനാണ് സമൂഹത്തിന് താല്‍പ്പര്യം

പിന്നീട്, ടെലിവിഷനില്‍ ശരശയ്യ പലവട്ടം കണ്ടു. അങ്ങനെ ആവര്‍ത്തിച്ചു കണ്ടപ്പോഴാണ് ഡോ. തോമസ് മാനസികമായും ശാരീരികമായും അനുഭവിക്കുന്ന ഏകാന്തമായ ദുരവസ്ഥ ശ്രദ്ധിച്ചത്. സത്യനാണ് ഡോ. തോമസിന്റെ വേഷത്തില്‍. കുഷ്ഠരോഗത്തിന്റെ അണുക്കളെ കണ്ടെത്താനും അതിലൂടെ, മാറാരോഗത്തിന് മരുന്നു കണ്ടെത്താനുമുള്ള തീവ്ര പരിശ്രമത്തിലാണ് ഡോ. തോമസ്. മാനവരാശിയെ മാറാരോഗത്തില്‍നിന്ന് രക്ഷിക്കാനുള്ള ചരിത്രപരമായ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടറെ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ അദ്ദേഹത്തിന്റെ ഭാര്യ ഗേളിക്ക് (കെ.പി.എ.സി ലളിത) കഴിയുന്നില്ല. അവര്‍ വിട്ടുപോകുന്നു. ഡോക്ടറില്‍നിന്ന് വിവാഹമോചനം നേടാനാണ് ഗേളിയെ അച്ഛനും ബന്ധുക്കളും ഉപദേശിക്കുന്നത്. വിവാഹമോചനമോ മരണമോ സംഭവിക്കുമ്പോള്‍ ഒറ്റയ്ക്കായിപ്പോകുന്ന പങ്കാളി അനുഭവിക്കുന്ന ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് ലൈംഗികതയാണ്. ലൈംഗികത ശരീരത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നു തന്നെയാണല്ലോ, സാധാരണ മനുഷ്യര്‍ക്ക്.

ഒറ്റയ്ക്കായിപ്പോകുന്ന മനുഷ്യരില്‍ ലൈംഗികതയുടെ അഭാവം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും അതുവഴി ശാരീരികപ്രശ്നത്തിലേക്കും ആ അവസ്ഥ മനുഷ്യനെ നയിക്കും. അതിനെ പക്ഷേ, സദാചാര പ്രശ്നമായി കൈകാര്യം ചെയ്യാനാണ് സമൂഹത്തിന് താല്‍പ്പര്യം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആ സദാചാര താല്‍പ്പര്യത്തെ ചോദ്യം ചെയ്യുകയാണ് രാജേഷ് കെ. രാമന്‍ എഴുതി സംവിധാനം ചെയ്ത നീരജ എന്ന സിനിമ.

ശരശയ്യയിലെ ഡോ. തോമസ് അനുഭവിച്ച ലൈംഗികതയുടെ അഭാവം, നീരജയിലെ നീരജയും അനുഭവിക്കുന്നുണ്ട്. ഡോ. തോമസിന്റെ ഭാര്യ പിണങ്ങിപ്പോയതാണെങ്കില്‍ നീരജയുടെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചുപോകുകയാണ്. ഡോ. തോമസ് പ്രതിഭാധനനായ ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ ഗവേഷണം മാനവരാശിയെ മാറാവ്യാധിയില്‍നിന്ന് രക്ഷിക്കാനാണ്. പക്ഷേ, എവിടെയോ അദ്ദേഹത്തിന്റെ മനസ്സും ശരീരവും പതറി നില്‍ക്കുന്നുണ്ട്. ഏതോ ഒരു കടമ്പ കടക്കാനുണ്ട്. അതെന്താണെന്ന കാര്യത്തില്‍ ഡോക്ടര്‍ക്ക് ആശയക്കുഴപ്പമുണ്ടോ എന്നറിയില്ല. പക്ഷേ, നിലാവില്‍ മുറ്റത്തു കാമുകന്റെ ഓര്‍മയില്‍ കാമലോലുപയായി നില്‍ക്കുന്ന സരോജത്തെ കാണുമ്പോള്‍ തന്റെ മനസ്സും ശരീരവും തേടുന്നത് എന്തിനെയാണെന്ന് അദ്ദേഹം തിരിച്ചറിയുകയാണ്. സരോജം അദ്ദേഹത്തിന്റെ രോഗിയാണ്. കുഷ്ഠ രോഗം ബാധിച്ച സരോജത്തെ ചികിത്സിച്ച് രോഗം ഭേദപ്പെടുത്തിയത് ഡോക്ടറാണ്. രോഗം മാറിയിട്ടും വീട്ടുകാര്‍ പുറത്താക്കുമ്പോള്‍ സരോജത്തിനും സരോജത്തിന്റെ അച്ഛനും അഭയം നല്‍കുന്നത് ഡോക്ടറാണ്. ഭംഗ്യന്തരേണ ഇംഗിതമറിയിച്ചാല്‍ പോലും സരോജം ചിലപ്പോള്‍ വഴങ്ങിയേക്കും. അല്ലെങ്കില്‍, ആശ്രയമറ്റ ആ അഭയാര്‍ഥി സ്ത്രീയെ നിഷ്ടപ്രയാസം അദ്ദേഹത്തിനു ചൂഷണം ചെയ്യാനും അവസരമുണ്ട്. പക്ഷേ, ഡോ. തോമസ് സരോജത്തോട് ലൈംഗികത യാചിക്കുകയാണ്. കുറേ വര്‍ഷങ്ങളായി തന്റെ മനസ്സിന് സുഖമില്ലെന്നു പറഞ്ഞാണ് അദ്ദേഹം സരോജത്തെ സമീപിക്കുന്നത്. തന്റെ ഓരോ ജീവാണുവും ആശ്വാസത്തിനു വേണ്ടി ദാഹിക്കുകയാണ്. എന്നെ ഒരു നീചനായി കാണരുത്. എനിക്ക് ഭ്രാന്ത് പിടിക്കുന്നു. നീയെനിക്ക് ആശ്വാസം തരില്ലേയെന്ന് അദ്ദേഹം സരോജത്തിന്റെ കൈ പിടിച്ചു കെഞ്ചുകയാണ്.

അപ്രതീക്ഷിതമായ ഡോക്ടറുടെ പെരുമാറ്റം സരോജത്തില്‍ ഉണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല. അവള്‍ ദൈവത്തെ പോലെ കാണുന്ന മനുഷ്യന്‍. രക്ഷിതാവിന്റെ സ്ഥാനം. അങ്ങനെയൊരാള്‍ തന്നെ നശിപ്പിക്കുമെന്ന് അവള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കുന്നില്ല. മാത്രമല്ല, ഡോ. ഹരിയും അവളും തമ്മില്‍ കഠിനമായ പ്രണയത്തിലുമാണ്. വീട്ടുകാരോട് കല്യാണത്തെക്കുറിച്ച് സംസാരിക്കാന്‍ നാട്ടില്‍ പോയിരിക്കുകയാണ് ഡോ. ഹരി. ചിന്താക്കുഴപ്പത്തിന്റെ സുദീര്‍ഘമായ നിമിഷങ്ങള്‍ക്കൊടുവില്‍ ഡോ. തോമസിന്റെ മനസ്സിന്റെയും ശരീരത്തിന്റെയും അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍ പക്ഷേ, സരോജത്തിനു സാധിക്കുന്നു. പെത്തഡിന്റെ ലഹരിയിലേക്ക് സ്വയം ശമിക്കാനൊരുങ്ങുന്ന, ഭ്രാന്തിലേക്ക് വീഴാനൊരുങ്ങുന്ന ഡോക്ടര്‍ക്ക് സരോജം തന്നെ സമര്‍പ്പിക്കുകയാണ്. മാറാരോഗത്തിന്റെ സകല ദുരിതങ്ങളും അനുഭവിച്ചവരാണ് സരോജവും അവളുടെ കുടുംബവും. ആ മഹാവ്യാധിയില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ആ മനുഷ്യനെ ആ അവസ്ഥയില്‍ വിട്ടുകളയാന്‍ അവള്‍ക്ക് തോന്നിയിട്ടുണ്ടാകില്ല.

ഒരു മനുഷ്യന് ലൈംഗികത അനിവാര്യമാകുന്ന ആ സന്ദര്‍ഭത്തെ എത്ര വിദഗ്ധമായാണ് ശരശയ്യയില്‍ തോപ്പില്‍ ഭാസി ആവിഷ്‌കരിച്ചിരിക്കുന്നത്! തിയേറ്ററില്‍ ആ സിനിമ കണ്ട അഞ്ചാം ക്ലാസുകാരായ കുട്ടികള്‍ക്ക് അതൊന്നും മനസ്സിലായിട്ടില്ല. കുഷ്ഠം മാറാവ്യാധിയാണെന്നും കുഷ്ഠരോഗികളോട് അവജ്ഞ കാണിക്കരുതെന്നുമുള്ള ഗുണപാഠവുമായാകും അവര്‍ അന്ന് തിയേറ്റര്‍ വിട്ടിട്ടുണ്ടാകുക. പക്ഷേ, ശരീരത്തിന്റെയും മനസ്സിന്റെയും അനിവാര്യമായ ആവശ്യമാണെങ്കിലും സമൂഹത്തിന്റെ മുന്നില്‍ വിവാഹേതരമായ ഏത് ലൈംഗികതയും സദാചാര വിരുദ്ധവും പാപവുമാണ്. അതുകൊണ്ടു തന്നെ, കുറ്റബോധത്തേക്കാളുപരി, സമുഹത്തില്‍ അതിന്റെ പേരില്‍ സരോജത്തിനുണ്ടാകാനിടയുള്ള അപകീര്‍ത്തിയെ പേടിച്ച ഡോക്ടര്‍ സ്വയം ജീവനൊടുക്കിക്കളയുകയാണ്. പക്ഷേ, സരോജം നല്‍കിയ ആശ്വാസമനുഭവിച്ചു, മനസ്സും ശരീരവും പുതിയ ഊര്‍ജത്തിലേക്കുണര്‍ന്നതിനു തൊട്ടുപിന്നാലെ, അദ്ദേഹം കുഷ്ഠ രോഗത്തിന്റെ അണുക്കളെ കണ്ടെത്തി ഗവേഷണം വിജയകരമായി പൂര്‍ത്തിയാക്കുന്നുണ്ട്.

കിടപ്പറകളില്‍ അസംതൃപ്തകളായ സ്ത്രീകള്‍ പലവട്ടം സിനിമകളിലും സാഹിത്യത്തിലും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ആര്‍ രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'യിലെ കല്യാണി അവരിലൊരാളാണ്. കിടപ്പറയില്‍ ഭര്‍ത്താവായ കോപ്പുകാരന് സാധിക്കാത്തത്, കശുമാവിന്‍ തോട്ടത്തിലെ കശുമാങ്ങാക്കൂട്ടത്തിന്റെ മുകളില്‍ കിടന്ന് ഭര്‍ത്താവിന്റെ അനുജന്‍ ലക്ഷ്മണനില്‍നിന്ന് അവള്‍ സാധിക്കുന്നുണ്ട്

ഡോക്ടര്‍ തോമസിനെ പോലെ പ്രിവിലേജ്ഡ് അല്ലാത്തതുകൊണ്ടു കൂടിയാകും നീരജയിലെ നീരജ എന്ന യുവ വിധവയ്ക്ക്, തന്റെ ഇംഗിതം ഭംഗ്യന്തരേണയോ നേരിട്ടോ ആരുടെ മുന്നിലും പ്രകടിപ്പിക്കാന്‍ പറ്റുന്നില്ല. പങ്കാളിയുടെ മരണമോ വിവാഹ മോചനമോ സംഭവിച്ചാല്‍ പെണ്ണ് വേലിയില്ലാത്ത തോട്ടമാണെന്ന സങ്കല്‍പ്പമാണ് സമൂഹത്തിന്. ആ സമൂഹത്തിന്റെ പ്രതിനിധികള്‍ തന്നെയാണ് നീരജയുടെ അച്ഛനമ്മമാര്‍. ഭര്‍ത്താവിന്റെ അഭാവത്തില്‍, ലൈംഗികതയുടെ അഭാവം നീരജയെ കടുത്ത സ്ട്രെസ്സിലേക്കും ഡിപ്രഷനിലേക്കും നയിക്കുന്നുണ്ട്. അവളുടെ രാവുകള്‍ നിദ്രാവിഹീനങ്ങളാണ്. സ്വയംഭോഗം അവളുടെ മനസ്സിനും ശരീരത്തിനും പൂര്‍ണമായ ആശ്വാസം പകരുന്നില്ല. മരണാനന്തരവും ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ ഓര്‍മകളോടും പുലര്‍ത്തുന്ന പ്രണയം മറ്റൊരു വിവാഹത്തെക്കുറിച്ചോ മറ്റൊരു പുരുഷനെക്കുറിച്ചോ ചിന്തിക്കാന്‍ അവള്‍ക്ക് തടസ്സമാകുകയാണ്. ഇപ്പോള്‍ അനുഭവിക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം തേടി അവള്‍ മനഃശ്ശാസ്ത്രജ്ഞനെ സമീപിക്കുന്നു. ശരീരത്തിന്റെ കാമനകള്‍ അവളെ തെറ്റിലേക്ക് നയിക്കുമെന്ന് അച്ഛനമ്മാര്‍ പറയാവുന്ന രീതിയിലൊക്കെ അവളോട് പറയുന്നുണ്ട്. അതിന് താന്‍ വേറെ വിവാഹം കഴിക്കേണ്ടതുണ്ടോയെന്നാണ് അവളുടെ മറുചോദ്യം. തന്റെ നിസ്സഹായവസ്ഥയെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരെ അവള്‍ ആട്ടിയകറ്റുമ്പോള്‍ സ്വന്തം പ്രശ്നത്തിനു പരിഹാരം കാണാന്‍ അവളുടെ മുന്നില്‍ മാര്‍ഗമില്ല. ഒടുവില്‍, സൗഹൃദമുണ്ടെന്നു തോന്നുന്ന ഒരു പുരഷനോട് അവള്‍ നേരിട്ടു ചോദിക്കുകയാണ്, തന്റെ ശരീരത്തിന്റെ ആവശ്യം നിറവേറ്റിത്തരുമോ എന്ന്. പക്ഷേ, ഒരു പെണ്ണ് നേരെ ചൊവ്വേ അങ്ങനെ ചോദിക്കുമ്പോള്‍ പുരുഷന്‍ ഞെട്ടുകയാണ്. കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ അങ്ങനെ ചെയ്യില്ലെന്നാണ് പുരുഷന്റെ നിശ്ചയം. മലയാള സിനിമയില്‍ അധികം കാണാത്ത പ്രമേയ ധീരതയാണ് നീരജയിലൂടെ രാജേഷ് കെ. രാമന്‍ കാണിക്കുന്നത്. ആ പ്രമേയം സാക്ഷാല്‍ക്കരിക്കുന്നതില്‍ അദ്ദേഹം നല്ല കയ്യടക്കം പ്രകടിപ്പിക്കുന്നുമുണ്ട്. ശ്രുതി രാചമന്ദ്രന്‍ നീരജയെ മനോഹരമായി അവതരിപ്പിക്കുന്നു.

കിടപ്പറകളില്‍ അസംതൃപ്തകളായ സ്ത്രീകള്‍ പലവട്ടം സിനിമകളിലും സാഹിത്യത്തിലും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ആര്‍ രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'യിലെ കല്യാണി അവരിലൊരാളാണ്. കിടപ്പറയില്‍ ഭര്‍ത്താവായ കോപ്പുകാരന് സാധിക്കാത്തത്, കശുമാവിന്‍ തോട്ടത്തിലെ കശുമാങ്ങാക്കൂട്ടത്തിന്റെ മുകളില്‍ കിടന്ന് ഭര്‍ത്താവിന്റെ അനുജന്‍ ലക്ഷ്മണനില്‍നിന്ന് അവള്‍ സാധിക്കുന്നുണ്ട്. മംഗലം കഴിയാതെ മൂലയ്ക്കാകുന്ന പെണ്ണുങ്ങളെപ്പോലെയല്ല മംഗലം കഴിഞ്ഞിട്ട് മൂലയ്ക്കാകുന്ന പെണ്ണുങ്ങളെന്നും ദാക്ഷാണിയുടെയും കല്യാണിയുടെയും കഥയില്‍ പറയുന്നുണ്ട്. തെക്കേലെ കുഞ്ഞമ്മേടെ മോള് സതിയും കുണ്ടത്തിലെ ഉക്ക്ണിയും അതിന് ഉദാഹരണങ്ങളാണ്. ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ ഭയങ്കര എളക്കോം വെപ്രാളോം തുടങ്ങിയ സതിയെ ഒതുക്കാന്‍ കുന്നോലെ തിരുമേനി ജപിച്ചുകെട്ടിയ ചരടൊന്നും മതിയാകുന്നില്ല. മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത്, കൊച്ചിന്റെ ഭര്‍ത്താവിനെ എളുപ്പം ഇങ്ങ് കൊണ്ടുവരാനാണ്. ഉക്ക്ണിക്ക് എളകിപ്പോകാനുള്ള കാരണവും മംഗലം കഴിച്ച ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. ഒരു ദിവസം രാത്രി അവള്‍ വീടിനു തീ കൊടുക്കുന്നുണ്ട്. കനാല് പണിക്കു വന്ന് ഉക്ക്ണിയെ മംഗലം കഴിച്ച് അവളെ ലൈംഗിക സുഖം അറിയിച്ചു, നാട്ടില്‍ പോയി വരാമെന്നു പറഞ്ഞു അപ്രത്യക്ഷനായ പുരുഷന്‍ പക്ഷേ, തിരിച്ചുവന്നില്ല. ഉക്ക്ണിക്ക് ഇപ്പോഴും കൊല്ലത്തില് രണ്ടു വട്ടം ഇളകും. സരോജം ലൈംഗികാഭ്യര്‍ഥന ആദ്യം നിരസിക്കുമ്പോള്‍, ഭ്രാന്തുപിടിച്ച പോലെ പരീക്ഷണശാലയില്‍ കയറുന്ന ഡോ. തോമസ്, പെത്തഡിന്‍ കുത്തിവയ്ക്കുകയും മരുന്നുകുപ്പികള്‍ വലിച്ചെറിഞ്ഞു പൊട്ടിക്കുകയും ചെയ്യുന്നുണ്ട്. വിഷാദം മൂര്‍ച്ഛിക്കുമെന്ന ഘട്ടത്തിലാണ് നീരജ ഡോക്ടറെ സമീപിക്കുന്നത്. സതിയേയും ഉക്ക്ണിയേയും പോലെ കടുത്ത മാനസിക രോഗത്തിലേക്ക് നീരജ മാറാനുള്ള സാധ്യതയും വിദൂരമായിരുന്നില്ല.

പങ്കാളിയുടെ അഭാവം മൂലം ലൈംഗികനിരാസത്തില്‍ ഭ്രാന്തിളകുന്ന പെണ്ണുങ്ങളെ നാട്ടിലെ പ്രവാസികളുടെ വീടുകളിലും ഭ്രാന്തിളകുന്ന പുരുഷന്മാരെ ഗള്‍ഫ് പ്രവാസകാലത്തും കണ്ടിട്ടുണ്ട്

പങ്കാളിയുടെ അഭാവം മൂലം ലൈംഗികനിരാസത്തില്‍ ഭ്രാന്തിളകുന്ന പെണ്ണുങ്ങളെ നാട്ടിലെ പ്രവാസികളുടെ വീടുകളിലും ഭ്രാന്തിളകുന്ന പുരുഷന്മാരെ ഗള്‍ഫ് പ്രവാസകാലത്തും കണ്ടിട്ടുണ്ട്. പെണ്ണുങ്ങളില്ലാത്ത ആണുങ്ങള്‍ എന്ന ലേഖനത്തില്‍ (യത്തീമിന്റെ നാരങ്ങാ മിഠായി -ഈ ലേഖകന്‍) അത്തരം അനുഭവങ്ങള്‍ ഓര്‍ക്കുന്നുണ്ട്. ശരശയ്യയിലെ ഡോ. തോമസിനെയും നീരജയിലെ നീരജയെയും പോലെ പങ്കാളിയുടെ നിത്യമായ അസാന്നിധ്യത്തില്‍ അനുഭവിക്കുന്ന ലൈംഗികതയുടെ അഭാവം ഭ്രാന്തോളമെത്തുന്ന വിഷാദത്തിലേക്കും മാനസിക സമ്മര്‍ദത്തിലേക്കും പലരേയും നയിക്കുന്നുണ്ട്. ലൈംഗിക കുറ്റകൃത്യത്തിന്റെ കഥപറയുന്ന ആമസോണ്‍ പ്രൈമിലെ വെബ്സീരിസ് ദഹാദിലെ പോലീസ് ഉദ്യോഗസ്ഥ അജ്ഞലി ഭാട്ടിയ (സോനാക്ഷി സിന്‍ഹ) ലൈംഗികതയുടെ ശാരീരികവും മാനസികവും അനിവാര്യത തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് നിരന്തരമായ വിവാലോചനകള്‍ നിരസിച്ചു കൊണ്ടും കുടുംബത്തിന്റെ സമ്മര്‍ദങ്ങള്‍ മറികടന്നു കൊണ്ടും ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം അവള്‍ കമ്മിറ്റ്മെന്റുകളില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്.

സദാചരക്കണ്ണുകള്‍ കൊണ്ടാണ് സമൂഹം ലൈംഗികാവശ്യങ്ങളെ വിലയിരുത്തുന്നതും പരിഹാരം നിര്‍ദേശിക്കുന്നതും. അതിനപ്പുറം മാനുഷികമായ പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കുന്ന സമൂഹത്തിനേ യഥാര്‍ഥ മാനസികാരോഗ്യം കൈവരിക്കാന്‍ സാധിക്കൂ, പ്രത്യേകിച്ച് വിവാഹങ്ങള്‍ അടിക്കടി പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്ത്.

logo
The Fourth
www.thefourthnews.in