'ദക്ഷിണേന്ത്യൻ പ്രേക്ഷകർ ഹിന്ദി സിനിമകളും സ്വീകരിക്കണം;' പ്രസ്താവനയിൽ വ്യക്തത വരുത്തി ഷാഹിദ് കപൂർ
ദക്ഷിണേന്ത്യൻ പ്രേക്ഷകര്‍ ഹിന്ദി സിനിമകള്‍ സ്വീകരിക്കണമെന്ന പ്രസ്താവനയിൽ വ്യക്തത വരുത്തി ഷാഹിദ് കപൂര്‍. സിനിമ എന്ന ആശയം എല്ലായിടത്തും എത്തണമന്നും അതുകൊണ്ട് തന്നെ ഇന്ത്യന്‍ കലകള്‍ക്കും കലാകാരന്മാര്ക്കും അതിരുകള്‍ പാടില്ലെന്നുമാണ് പറഞ്ഞതെന്ന് ഷാഹിദ് വിശദീകരിക്കുന്നു . പുതിയ ചിത്രമായ 'ബ്ലഡി ഡാഡി'യുടെ പ്രചാരണത്തിന്റെ ഭാഗമായി ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ സംവാദ പരിപാടിയിലായിരുന്നു ഷാഹിദിന്റെ മറുപടി.
'ബ്ലഡി ഡാഡി' എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ സംവദിക്കുന്നതിടെ പ്രസ്താവനയെ കുറിച്ച് ആരാധകൻ ചോദ്യം ഉന്നയിക്കുകയായിരുന്നു.
'ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ ഹിന്ദി സിനിമകള്‍ കാണില്ലെന്ന് താങ്കള്‍ പറഞ്ഞിരുന്നോ? അത് എന്തുകൊണ്ടാണ്? സിനിമ നല്ലതാണെങ്കില്‍ അത് കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. . ഉടന്‍ തന്നെ ട്വീറ്റിന് ഷാഹിദിന്റെ മറുപടിയുമെത്തി.
ഭാഷാ പരിമിതികള്‍ക്കപ്പുറം സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചാണ് ഓർമ്മിച്ചതെന്നായിരുന്നു ഷാഹിദിന്റെ മറുപടി. തെന്നിന്ത്യന്‍ സിനിമകള്‍ ഇഷ്ടമാണെന്നും കോവിഡ് കാലാത്ത് നിരവധി ചിത്രങ്ങൾ കണ്ടുവെന്നും ഷാഹിദ് പറയുന്നു. സിനിമ എന്ന ആശയം ഇപ്പോള്‍ എല്ലാവരിലും എത്തിയിരിക്കുന്നു, അതുകൊണ്ട് ഇന്ത്യന്‍ കലകള്‍ക്കും കലാകാരന്മാര്ക്കും അതിരുകള്‍ പാടില്ലെന്നാണ് ഉദ്ദേശിച്ചതെന്നും തെന്നിന്ത്യന്‍ പ്രക്ഷകരെ വളരെയധികം സ്‌നേഹിക്കുന്നുവെന്നും ഷാഹിദ് പ്രതികരിച്ചു.
ദക്ഷിണേന്ത്യയിൽ നിന്നുള്ള സിനിമകളെ ഹിന്ദി പ്രേക്ഷകര്‍ 'പൂര്‍ണ്ണഹൃദയത്തോടെ' സ്വീകരിക്കുന്നത് പോലെ , തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പ്രേക്ഷകരും ഹിന്ദി സിനിമകളും സ്വീകരിക്കുകയും പിന്തുണയ്ക്കുകയും വേണമെന്നാണ് കഴിഞ്ഞ ദിവസം ഷാഹിദ് പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചില വിമർശനങ്ങളും ഉയർന്നിരുന്നു