എലോണില്‍ അവകാശവാദങ്ങളില്ല ; കോവിഡ് കാലത്ത് സിനിമാ മേഖലയെ സഹായിക്കാൻ മാത്രമെടുത്ത ചിത്രമെന്ന് ഷാജി കൈലാസ്
കോവിഡ് കാലത്ത് ഏറെ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് ജോലി നല്‍കി സഹായിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി മാത്രം എടുത്ത സിനിമയാണ് എലോണ്‍. അതിനാല്‍ തന്നെ വളരെ പരിമിതമായ സാഹചര്യത്തില്‍ ചിത്രീകരിച്ച ചെറിയ ചിത്രമാണിതെന്നും അവകാശവാദങ്ങൾ ഒന്നുമില്ലെന്നും സംവിധായകന്‍ ഷാജി കൈലാസ് ദ ഫോര്‍ത്തിനോട് പറഞ്ഞു . ആ രീതിയില്‍ തന്നെ പ്രേക്ഷകര്‍ അതിനെ ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നത്.
പരീക്ഷണം തീയേറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാണാമെന്നേയുളളു. ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാം. അല്ലെങ്കിൽ വിമര്‍ശനങ്ങളുണ്ടായേക്കാം ,അത് മുന്നില്‍ കണ്ടുതന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്
കടുവയ്ക്ക് മുന്‍പെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് എലോണ്‍. ഓരോ ചിത്രത്തിനും ഓരോ വിധിയുണ്ടെന്ന് പൊതുവില്‍ പറയുന്ന പോലെ ഈ ചിത്രത്തിന് ഇപ്പോഴായിരിക്കും സമയമായതെന്ന് തോന്നുന്നു . മാസ് ഫിലിം ഉണ്ടാക്കാനുള്ള സാഹചര്യമായിരുന്നില്ല അന്ന്. ഒരു ഫ്‌ളാറ്റില്‍ മാത്രം ചിത്രീകരിച്ച സിനിമയാണത്. നാലോ അഞ്ചോ സീന്‍ മാത്രമാണ് പുറത്ത് ചിത്രീകരിച്ചിട്ടുള്ളത് . കോവിഡിന്‌റെ കാലത്ത് എല്ലാവരും അനുഭവിച്ച ഒറ്റപ്പെടലാണ് ചിത്രത്തിലെ കഥാപാത്രവും നേരിടുന്നത്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും നന്നായി റിലേറ്റ് ചെയ്യാന്‍ പറ്റും
പുതിയ കാഴ്ചാനുഭവങ്ങളൊന്നും അവകാശപ്പെടാനില്ല , പരീക്ഷണം തീയേറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാണാമെന്നേയുളളു. ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാം. ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നേക്കാം. അത് മുന്നില്‍ കണ്ടുതന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത് . തീയേറ്ററില്‍ എങ്ങനെയുണ്ടെന്ന് നോക്കാമെന്ന് കരുതി മാത്രമാണ് തീരുമാനം. വിജയങ്ങളും വിമർശനങ്ങളും ഒരുപോലെ സ്വീകരിക്കും
പന്ത്രണ്ട് വർഷത്തിന് ശേഷം മോഹൻലാലിനൊപ്പം …
അന്നും ഇന്നും എന്നും മോഹന്‍ലാല്‍ ഒരേ പോലെയാണ്. അദ്ദേഹത്തെ പോലെയൊരു ബഹുമുഖ പ്രതിഭയെ സംവിധായകര്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത് മാത്രമാണ് കാര്യം . അതിനുള്ള ശ്രമമാണ് ഞങ്ങള്‍ ഓരോരുത്തരും നടത്തുന്നത്.
വീണ്ടും സിനിമയുടെ ട്രാക്കിൽ...
പ്രേക്ഷകരുടെ ആസ്വാദനരീതി മാറി, ആ രീതിയിലേക്ക് നമ്മളും മാറണം എന്നാല്‍ മാത്രമേ ഇവിടെ നിലനില്‍ക്കാനാകൂ. പക്ഷെ അതിന് വേണ്ടി ഹോം വര്‍ക്കൊന്നും ചെയ്യാന്‍ എനിക്ക് അറിയില്ല. അങ്ങനെ പഠിച്ച് സിനിമ ചെയ്യാനും എനിക്ക് അറിയില്ല. എന്‌റെ തന്നെ ശൈലിയെ പുതുക്കിയും നവീകരിച്ചും ഐഡന്‌റിന്‌റി ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നത് . ആ ശ്രമം തുടരും
ചിത്രം ജനുവരി 26 ന് തീയേറ്ററുകളിലെത്തും . ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോഹൻലാലിനെ മാത്രമാണ് സിനിമയിൽ കാണാനാവുക. ശബ്ദ സാന്നിധ്യമായി മഞ്ജുവാര്യർ, പൃഥ്വിരാജ് , സിദ്ദീഖ് , മല്ലിക സുകുമാരൻ തുടങ്ങിയവരുമുണ്ട്.