ഷര്‍മീൻ ഒബൈദ് ചിനോയ്
ഷര്‍മീൻ ഒബൈദ് ചിനോയ്

സ്റ്റാര്‍ വാര്‍സ് ചിത്രമൊരുക്കാന്‍ ആദ്യമായി വനിതാ സംവിധായക

അണിയറയിലൊരുങ്ങുന്ന മൂന്ന് സ്റ്റാര്‍ വാര്‍സ് ചിത്രങ്ങളില്‍ ഒരു ചിത്രമായിരിക്കും ഓസ്‌കാര്‍ ജേതാവ് കൂടിയായ ഷര്‍മീൻ ഒബൈദ് ചിനോയ് സംവിധാനം ചെയ്യുക
Updated on
1 min read

ലോകം മുഴുവന്‍ ആരാധകരുള്ള സ്റ്റാര്‍ വാര്‍സ് സിനിമയുടെ സംവിധായകയായി ആദ്യമായി ഒരു വനിത. പാകിസ്താന്‍ സംവിധായക ഷര്‍മീൻ ഒബൈദ് ചിനോയിയാണ് പുറത്തിറങ്ങാനിരിക്കുന്ന സ്റ്റാർ വാര്‍സ് ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്യുക. അണിയറയിലൊരുങ്ങുന്ന മൂന്ന് ചിത്രങ്ങളിലൊന്ന് ഒരുക്കുന്നത് ഓസ്‌കാര്‍ ജേതാവ് കൂടിയായ ഷർമീനാണെന്ന് സ്റ്റാര്‍ വാര്‍സ് പ്രഖ്യാപിച്ചു.

നിലവില്‍ സ്റ്റാര്‍ വാര്‍സിന്റെ മൂന്ന് ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുകയാണെന്ന് അണിയറപ്രവർത്തകർ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ആദ്യത്തെ ചിത്രം 2025ലായിരിക്കും റിലീസ് ചെയ്യുക.

നീണ്ട പതിനഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് പുതിയ ചിത്രവുമായി ഷർമീൻ എത്തുന്നത്. 2019ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ വാര്‍സിലെ ബ്രിട്ടീഷ് നായിക ഡെയ്‌സി റിഡ്‌ലി, റേയ് എന്ന കഥാപാത്രത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജെഡി ഓര്‍ഡറിനെ പുനരുജ്ജീവിപ്പിക്കാന്‍ റേ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ പ്രതിരോധിക്കുകയും പ്രതിബന്ധങ്ങളോട് പോരാടുകയും ചെയ്യുന്ന യഥാർഥ നായകന്മാരെ കണ്ടുമുട്ടാൻ ഞാൻ എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചു, അതാണ് സ്റ്റാർ വാർസിന്റെ ഹൃദയമെന്ന് ഞാൻ കരുതുന്നു
ഷര്‍മീൻ ഒബൈദ് ചിനോയ്

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്ന ഡോക്യുമെന്ററികൾക്കാണ് രണ്ട് തവണ ഷർമീനെ തേടി ഓസ്കർ പുരസ്കാരമെത്തിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മിസ് മാര്‍വല്‍ ടെലിവിഷന്‍ പരമ്പരയാണ് ചിനോയ് അവസാനം സംവിധാനം ചെയ്തത്. സ്റ്റാര്‍ വാര്‍സിന്റെ ഹീറോകളുടെ ലോകത്തിലേക്ക് അകൃഷ്ടയായതുകൊണ്ടാണ് ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് ഷർമീന്റെ പ്രതികരണം. 'അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ പ്രതിരോധിക്കുകയും പ്രതിബന്ധങ്ങളോട് പോരാടുകയും ചെയ്യുന്ന യഥാർഥ നായകന്മാരെ കണ്ടുമുട്ടാൻ ഞാൻ എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചു, അതാണ് സ്റ്റാർ വാർസിന്റെ ഹൃദയമെന്ന് ഞാൻ കരുതുന്നു'. ഷർമീൻ പറഞ്ഞു.

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വങ്ങളെ ഉയര്‍ത്തിക്കാട്ടിയ ചിനോയ് മാധ്യമ പ്രവര്‍ത്തകയായാണ് കരിയര്‍ ആരംഭിച്ചത്. ന്യൂയോര്‍ക്ക് ടൈംസിനായി നിര്‍മിച്ച ടെറേര്‍സ് ചില്‍ഡ്രനാണ് ആദ്യ ചിത്രം. സേവിംഗ് ഫേസ്, സോങ് ഓഫ് ലാഹോര്‍, എ ഗേള്‍ ഇന്‍ ദ റിവര്‍ ; ദ പ്രൈസ് ഓഫ് ഫോര്‍ഗിവ്‌നെസ് എന്നീ ഡോക്യുമെന്ററികളും ശ്രദ്ധ നേടി.

രണ്ട് തവണ ഓസ്‌കര്‍ നോമിനിയായ ജെയിംസ് മാന്‍ഗോള്‍ഡും, സ്റ്റാര്‍ വാര്‍സ് കുടുംബത്തിലെ തന്നെ അംഗമായ ഡേവ് ഫിലോണിയുമാണ് മറ്റ് രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്യുക

വരാനിരിക്കുന്ന സ്റ്റാര്‍ വാര്‍സിന്റെ മൂന്ന് ചിത്രങ്ങളും വ്യത്യസ്തമായ കഥ പറച്ചില്‍ രീതി പിന്‍തുടരുമെന്നും മൂന്ന് പ്രതിഭാധനരായ സംവിധായകരുടെ നേതൃത്വത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നും 2012ൽ ഡിസ്നി വാങ്ങിയ സ്റ്റുഡിയോയായ ലൂക്കാസ് ഫിലിമിന്റെ പ്രസിഡന്റ് കാത്‌ലീൻ കെന്നഡി നേരത്തെ അറിയിച്ചിരുന്നു. രണ്ട് തവണ ഓസ്‌കര്‍ നോമിനിയായ ജെയിംസ് മാന്‍ഗോള്‍ഡും, സ്റ്റാര്‍ വാര്‍സ് കുടുംബത്തിലെ തന്നെ അംഗമായ ഡേവ് ഫിലോണിയുമാണ് മറ്റ് രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്യുക.

logo
The Fourth
www.thefourthnews.in