"മടക്കം അനിവാര്യമെങ്കിലും മനസ്സിൽ നൊമ്പരം"; മോഹൻലാലിനും ലിജോയ്ക്കും നന്ദിയറിയിച്ച് ഷിബു ബേബി ജോൺ
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അസാനിച്ചത്. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത പരീക്ഷണമായിരിക്കുമെന്നാണ് മോഹൻലാൽ ചിത്രത്തെ കുറിച്ച് പറഞ്ഞത്. മലൈക്കോട്ടൈ വാലിബൻ എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു ചിത്രമാണ് മാറട്ടെയെന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കും മോഹൻലാലിനും നന്ദിയറിയിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ഷിബു ബേബി ജോൺ. അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
ഒരു സിനിമ ആസ്വാദകനിൽ നിന്ന് നിർമാതാവിലേക്കുള്ള വേഷപ്പകർച്ച ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ഷിബു ബേബി ജോൺ പറയുന്നു. സിനിമയുടെ ചിത്രീകരണത്തിന് ഇന്നലെ തിരശ്ശീല വീണപ്പോൾ കലാലയ ജീവിതത്തിനൊടുവിൽ പരീക്ഷയുടെ അവസാന ദിവസം എല്ലാവരും ഒത്തൊരുമിച്ച് സന്തോഷവും, വേർപിരിയലിന്റെ സങ്കടവും പങ്കിടുന്ന അനുഭവമാണുണ്ടായത്. തിരികെ മടക്കം അനിവാര്യമാണെങ്കിലും മനസ്സിൽ വല്ലാത്തൊരു നൊമ്പരമായി ഇത് മാറുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ചിത്രീകരണം ഇന്നലെ ചെന്നൈയിൽ അവസാനിച്ചു. ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ നിന്നും നിർമ്മാതാവിലേക്കുള്ള വേഷപകർച്ച എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ ഒരോ തവണ ഷുട്ടിംങ്ങ് ലൊക്കേഷനിൽ എത്തി തിരികെ പോകുമ്പോഴും അവിടെ പരിചയപ്പെടുന്ന ഓരോ മുഖങ്ങളും മറക്കാൻ കഴിയാത്തസൗഹൃദങ്ങളായും ആത്മബന്ധങ്ങളായും വളർന്നുകൊണ്ടിരുന്നു. എന്റെ ജീവിതത്തിൽ എനിക്ക് കൈമുതലായുള്ളത് എന്നും ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നു എന്നത് തന്നെയാണ്. അതിലേക്ക് പുതുതായി ഒരോ ഇഴകൾ തുന്നിച്ചേർത്തു കൊണ്ടു തന്നെയായിരുന്നു എന്റെ ഈ യാത്രകളും. ഈ സിനിമ പിറവി കൊണ്ടതു തന്നെ ഇത്തരം ഒരു സൗഹൃദ കൂട്ടായ്മയിൽ നിന്നുമാണ്.
ഇന്നലെ സിനിമയുടെ ചിത്രീകരണത്തിന് തിരശ്ശീല വീഴുമ്പോൾ കലാലയ ജീവിതത്തിനൊടുവിൽ പരീക്ഷയുടെ അവസാന ദിവസം എല്ലാവരും ഒത്തൊരുമിച്ച് സന്തോഷവും, വേർപിരിയലിന്റെ സങ്കടവും പങ്കിടുന്ന അനുഭവമായിരുന്നു എനിക്ക്. കുറച്ച് ദിവസങ്ങൾ കൊണ്ട് എല്ലാവരും ഒരു കുടുംബമായിമാറി. തിരികെ മടക്കം അനിവാര്യമാണെങ്കിലും മനസ്സിൽ വല്ലാത്തൊരു നൊമ്പരമായി ഇത് മാറന്നു.
രാജസ്ഥാനിലെ കൊടും തണുപ്പിൽ തുടങ്ങി ചെന്നൈയിലെ കൊടും ചൂടിൽ അവസാനിച്ച ഈ യഞ്ജത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഒപ്പം പ്രിയ സഹോദരൻ " മോഹൻലാലിനെയും" ചുരുങ്ങിയ കാലം കൊണ്ട് അനുജനായി മാറിയ " ലിജോ"യടക്കമുള്ള എല്ലാവരോടും നന്ദി അറിയിക്കുന്നു...
ചിത്രത്തിൽ ഡബിൾ റോളിലാണ് മോഹൻലാൽ എത്തുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും മാക്സ് ലാബ് സിനിമാസും സെഞ്ച്വറി ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം.