''ഈ വരുന്ന മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്''; വീണ്ടും വിവാഹിതനാകുന്നുവെന്ന്
ഷുക്കൂര്‍ വക്കീല്‍

''ഈ വരുന്ന മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്''; വീണ്ടും വിവാഹിതനാകുന്നുവെന്ന് ഷുക്കൂര്‍ വക്കീല്‍

തന്റെ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് രണ്ടാം വിവാഹമെന്നും ഷുക്കൂര്‍ വക്കീല്‍
Updated on
2 min read

'ന്നാ താന്‍ കേസ് കൊട്' സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഷുക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹിതനാകുന്നു. വിവാഹം കഴിക്കുന്നത് മറ്റാരെയുമല്ല സ്വന്തം ഭാര്യ ഷീന ഷുക്കൂറിനെ തന്നെയാണ്. വിദ്യാഭ്യാസ വിദഗ്ധയും എം ജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമാണ് ഡോ.ഷീന ഷുക്കൂർ. 1994 ല്‍ മുസ്ലീം ആചാര പ്രകാരം വിവാഹം ചെയ്ത ഇവര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വീണ്ടും വിവാഹിതരാകുന്നത്. ശരീയത്ത് നിയമ പ്രകാരമായിരുന്നു ഇവരുടെയും ആദ്യ വിവാഹം. തങ്ങളുടെ പേരിലുള്ള സ്വത്ത് പൂര്‍ണമായും മക്കള്‍ക്ക് ലഭിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് ഷുക്കൂര്‍ വക്കീലും ഷീന ഷുക്കൂറും ദ ഫോർത്തിനോട് വിശദീകരിക്കുന്നത്. എഫ് ബി പോസ്റ്റിലൂടെയും ഇക്കാര്യം ഷുക്കൂർ വക്കീൽ പ്രഖ്യാപിച്ചു.

ജനിച്ചത് പെണ്‍കുട്ടികള്‍ ആയത് കൊണ്ട് മക്കള്‍ കടുത്ത വിവേചനം നേരിടേണ്ടി വരുമെന്നും ഷുക്കൂര്‍ വക്കീല്‍

മൂന്ന് പെണ്‍മക്കളാണ് തനിക്കെന്നും തന്റെ മരണശേഷം സമ്പാദ്യങ്ങള്‍ പൂര്‍ണമായും മക്കള്‍ക്ക് കിട്ടുന്നതിന് ചില നിയമങ്ങള്‍ തടസമാണെന്നും ഷുക്കൂര്‍ വക്കീല്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മുസ്ലീമിന്റെ പിന്തുടര്‍ച്ചാ നിയമം പേഴ്‌സണല്‍ ലോ അഥവാ ശരീഅത്ത് നിയമപ്രകാരം ആണ്. 1906ല്‍ സര്‍ ഡി എച്ച് മുല്ല എഴുതിയ 'പ്രിന്‍സിപ്പല്‍സ് ഓഫ് മുഹമ്മദന്‍ ലോ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് കോടതികള്‍ അനന്തര സ്വത്തിൻ്റെ കാര്യത്തില്‍ തീരുമാനം എടുക്കാറ്. ഇത് പ്രകാരം മാതാപിതാക്കളുടെ സ്വത്തിൻ്റെ മൂന്നില്‍ രണ്ട് ഓഹരികള്‍ മാത്രമേ ഇവരുടെ കാലശേഷം മക്കള്‍ക്ക് ലഭിക്കുന്നുള്ളൂ. ബാക്കി ഒരു ഓഹരി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇതിന് കാരണം ആണ്‍ മക്കള്‍ ഇല്ലാത്തത് മാത്രമാണെന്നും ജനിച്ചത് പെണ്‍കുട്ടികള്‍ ആയത് കൊണ്ട് മക്കള്‍ കടുത്ത വിവേചനം നേരിടേണ്ടി വരുമെന്നും ഷുക്കൂര്‍ വക്കീല്‍ പറയുന്നു.

'നിലവിലുള്ള നിയമ വ്യവസ്ഥയ്ക്ക് അകത്ത് നിന്നുകൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ല്‍ നമ്മുടെ പാര്‍ലമെൻ്റ് അംഗീകരിച്ച സ്പെഷ്യല്‍ മാര്യേജ് ആക്ട് മാത്രമാണ്. അഥവാ ഞങ്ങളുടെ രണ്ടാം വിവാഹമാണ്. 1994 ഒക്ടോബര്‍ 6 ന് ഇസ്ലാംമത ആചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും അന്തര്‍ദേശീയ വനിതാ ദിനമായ 2023 മാര്‍ച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ് രജിസ്ട്രാര്‍ മുമ്പാകെ രാവിലെ 10 മണിക്ക് വീണ്ടും സ്‌പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വിവാഹിതരാകുന്ന വിവരം അറിയിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രജിസ്റ്ററില്‍ ഒപ്പു വെക്കും'. ഷുക്കൂര്‍ വക്കീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഭരണഘടന അനുഛേദം 14 ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഷുക്കൂര്‍ വക്കീല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മതപരമായ വിവേചനം ലിംഗപരമായ വിവേചനം എന്നിവയാണ് ഇതിന് കാരണമെന്നും ഷുക്കൂര്‍ വക്കീല്‍ ഉദാഹരണ സഹിതം വ്യക്തമാക്കിയിരുന്നു.

ഒരേ പ്രായത്തിലുള്ള മുസ്ലീം പെണ്‍കുട്ടിക്കും മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിക്കും പിതാക്കള്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന സ്വത്ത് വിഹിതം ചൂണ്ടിക്കാട്ടിയായിരുന്നു ഷുക്കൂര്‍ വക്കീല്‍ വിവേചനം വ്യക്തമാക്കിയത്. മറ്റ് സമുദായത്തിലെ പെണ്‍കുട്ടിക്ക് മുഴുവന്‍ സ്വത്തുക്കളും ലഭിക്കുമ്പോള്‍ മുസ്ലീം പെണ്‍കുട്ടിക്ക് പിതാവിന്റെ സ്വത്തിൻ്റെ പകുതി മാത്രമേ ലഭിക്കുന്നുള്ളൂ. അതേസമയം തന്നെ മുസ്ലീം സഹോദരങ്ങളുടെ മക്കളില്‍ ആണ്‍മക്കള്‍ക്ക് മുഴുവന്‍ സ്വത്തുക്കളും ലഭിക്കുമ്പോള്‍ പെണ്‍മക്കള്‍ക്ക് ലഭിക്കുന്നത് പകുതി മാത്രമാണ്. ഇങ്ങനെ മതപരമായും ലിംഗപരമായും ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ നേരിടുന്ന വിവേചന നിയമം അവസാനിപ്പിക്കണമെന്നും ഷുക്കൂര്‍ വക്കീല്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in