'മോഹന്‍ലാലിന് പകരം ഷാറൂഖ് ഖാന് അവാര്‍ഡ് കൊടുത്താല്‍ പരിപാടി കൊഴുക്കുമെന്ന്  പറഞ്ഞു'; വെളിപ്പെടുത്തലുമായി സിബി മലയില്‍

'മോഹന്‍ലാലിന് പകരം ഷാറൂഖ് ഖാന് അവാര്‍ഡ് കൊടുത്താല്‍ പരിപാടി കൊഴുക്കുമെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി സിബി മലയില്‍

മോഹന്‍ലാലിന് പകരം ഷാറൂഖ് ഖാന് പുരസ്‌കാരം നല്‍കിക്കൂടെയെന്ന് ചെയര്‍മാന്‍ പറഞ്ഞതായും സിബി മലയില്‍ വ്യക്തമാക്കി.
Updated on
2 min read

2009ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് മോഹന്‍ലാലിനെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകനും അവാര്‍ഡ് ജൂറിയുമായിരുന്ന സിബി മലയില്‍. മോഹന്‍ലാലിന് പകരം ഷാറൂഖ് ഖാന് പുരസ്‌കാരം നല്‍കിക്കൂടെയെന്ന് ചെയര്‍മാന്‍ പറഞ്ഞതായും സിബി മലയില്‍ വ്യക്തമാക്കി. പി ടി കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച പരദേശി എന്ന സിനിമയ്ക്ക് നാല് പുരസ്‌കാരങ്ങള്‍ ലഭിക്കാമായിരുന്നിട്ടും തഴയപ്പെടുകയായരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് 'പി ടി കലയും കാലവും' എന്ന പേരില്‍ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാംസ്‌കാരിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു സിബി മലയിലിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.

''അന്ന് മോഹന്‍ലാലിന് പകരം ഷാറൂഖ് ഖാന് മികച്ച നടനുള്ള അവാര്‍ഡ് കൊടുത്തൂടെയെന്നും അപ്പോള്‍ അവാര്‍ഡ് ദാന പരിപാടി കൊഴുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞിരുന്നു,'' എന്നായിരുന്നു സിബി മലയില്‍ വെളിപ്പെടുത്തിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാര പട്ടികയില്‍നിന്ന് അവസാന നിമിഷം ഗായിക സുജാതയുടെ പേരും അട്ടിമറിച്ചെന്നും സിബി മലയില്‍ വ്യക്തമാക്കി.

'മോഹന്‍ലാലിന് പകരം ഷാറൂഖ് ഖാന് അവാര്‍ഡ് കൊടുത്താല്‍ പരിപാടി കൊഴുക്കുമെന്ന്  പറഞ്ഞു'; വെളിപ്പെടുത്തലുമായി സിബി മലയില്‍
'സുജാതയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാതിരുന്നതിൽ അട്ടിമറി'; സിബി മലയിലിന്റെ വെളിപ്പെടുത്തൽ ശരിവച്ച് രമേഷ് നാരായണൻ

''ഛായാഗ്രാഹകന്‍ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികള്‍. 'പരദേശി'ക്ക് സംവിധായകന്‍, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാര്‍ഡ് കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു. എന്നാല്‍, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവല്‍ ഡയറക്ടര്‍, ആര്‍ക്കാണ് ഗായികയ്ക്കുള്ള അവാര്‍ഡ് എന്ന് ചോദിച്ചു.

സുജാതയ്‌ക്കെന്ന് അറിഞ്ഞപ്പോള്‍ 'ജബ് വി മെറ്റി'ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ചോദിച്ചു. അദ്ദേഹം മുന്‍കൈയെടുത്ത് വിഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ച് അവാര്‍ഡ് തിരുത്തിക്കുകയായിരുന്നു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോള്‍ ഈ വിവരം പുറത്തുപറയുന്നത്. ഉത്തരേന്ത്യക്കാരോടു മത്സരിച്ച് മലയാള സിനിമാപ്രവര്‍ത്തകര്‍ അവാര്‍ഡുകള്‍ നേടുന്നതുതന്നെ വലിയ സംഭവമാണ്,'' സിബി മലയില്‍ പറഞ്ഞു.

അതേസമയം ഇക്കാര്യം തനിക്ക് പുതിയതല്ലെന്നും അന്നേ അറിഞ്ഞിരുന്നെന്നും ഈ സംഭവത്തില്‍ ഇനി എന്ത് പ്രതികരിക്കാനാണെന്നും സുജാത ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. അവാര്‍ഡില്‍ നിന്ന് തന്നെ തഴഞ്ഞ കാര്യം സുജാത പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം തന്നോട് പറഞ്ഞിരുന്നെന്ന് പരദേശി സിനിമയുടെ സംഗീത സംവിധായകന്‍ കൂടിയായ രമേശ് നാരായണനും ദ ഫോര്‍ത്തിനോട് പറഞ്ഞു. ''പുരസ്‌കാര പ്രഖ്യാപനത്തിന് തലേദിവസം തനിക്കായിരിക്കും പുരസ്‌കാരമെന്ന് സുജാതയെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപന സമയത്ത് മറ്റൊരാള്‍ക്കായിരുന്നു പുരസ്‌കാരം. മറ്റൊരു ഗാനത്തിന്റെ റെക്കോര്‍ഡിങിന് പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം കണ്ടുമുട്ടിയപ്പോള്‍ സുജാത ഇക്കാര്യം വളരെ സങ്കടത്തോടെപറഞ്ഞതായും രമേശ് നാരായണന്‍ പറഞ്ഞു. സമാനമായ രീതിയില്‍ മകരമഞ്ഞ് എന്ന ചിത്രത്തിന് എനിക്ക് പുരസ്‌കാരം ലഭിക്കുമെന്ന് ചാനലുകളില്‍ സ്‌ക്രോളിങ് പോയിരുന്നു,'' രമേശ് നാരായണന്‍ പറഞ്ഞു.

പുരസ്‌കാര നിര്‍ണയത്തില്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബി ഉണ്ടെന്ന് പറയേണ്ടി വരുമെന്നും സൗത്ത് ഇന്ത്യയും നോര്‍ത്ത് ഇന്ത്യയും തമ്മിലുള്ള വേര്‍തിരിവ് ഉണ്ടെന്നും രമേശ് നാരായണന്‍ പറഞ്ഞു. മികച്ച സംവിധായകന്‍, ഗാനരചയിതാവ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവയ്ക്ക് കൂടി ചിത്രം പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിന് മാത്രം പുരസ്‌കാരം ലഭിക്കുകയായിരുന്നെന്നും സിബി വെളിപ്പെടുത്തി. പകരം മികച്ച ചമയമൊരുക്കിയതിന് പട്ടണം റഷീദിന് മാത്രമാണ് ദേശീയപുരസ്‌കാാരം ലഭിച്ചത്. എന്നാല്‍ മികച്ച നടനുള്ള കേരളസംസ്ഥാന പുരസ്‌കാരം മോഹന്‍ലാലിനും മികച്ച കഥയ്ക്കുള്ള പുരസ്‌കാരം പി ടി കുഞ്ഞുമുഹമ്മദിനും ചിത്രം നേടിക്കൊടുത്തു.

logo
The Fourth
www.thefourthnews.in