തുടക്കം ഫാസിലിനോടൊപ്പം: തുടങ്ങിവച്ചത് കോമഡിയുടെ പുത്തന്‍ തരംഗം
1980 കളുടെ തുടക്കത്തില്‍ മലയാളത്തിലെ പ്രസിദ്ധ സംവിധായകനായ ഫാസിലിന്റെ മുന്നില്‍ രണ്ടു ചെറുപ്പക്കാരെത്തി. സിനിമാക്കഥ പറയാനെത്തിയ അവരുടെ കഥപറച്ചില്‍ രീതിയുടെ വ്യത്യസ്തത ഫാസിലിന് നന്നേ ഇഷ്ടപ്പെട്ടു. തന്നോടൊപ്പം നില്‍ക്കാന്‍ ഫാസില്‍ പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടുകയായിരുന്നു ഇരുവരും. മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായക ജോഡികളായ സിദ്ദിഖ്- ലാലിന്റെ പിറവിയായിരുന്നു അത്.
സിദ്ദിഖിന്റെ അഭിപ്രായം ഫാസില്‍ മുഖവിലക്കെടുത്തു. അങ്ങനെയാണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' പിറക്കുന്നത്
1983 ല്‍ 'എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്' എന്ന ഹിറ്റ് സിനിമക്കുശേഷം പുതിയൊരു ചിത്രത്തിനായി ഫാസില്‍ കഥകള്‍ തിരഞ്ഞെടുക്കുന്ന വേള. ഒരു ലവ്‌സ്‌റ്റോറിയും അമ്മൂമ്മയും ചെറുമകളും തമ്മിലുള്ള സ്‌നേഹബന്ധം അടിസ്ഥാനമാക്കിയ മറ്റൊരു കഥയുമാണ് ഫാസിലിന് മുന്നിലുണ്ടായിരുന്നത്. സഹ സംവിധായകര്‍ എന്നതിലുപരിയായി അടുത്ത ബന്ധം ഉണ്ടായിരുന്നതിനാല്‍ സിദ്ദിഖിനോടും ലാലിനോടും അഭിപ്രായം ചോദിച്ചു. എല്ലാവരും ലവ്‌സ്‌റ്റോറി എടുക്കാമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ സിദ്ദിഖ് മാത്രമാണ് എതിര്‍ത്തത്.
അമ്മൂമ്മയും ചെറുമകളും കഥാപാത്രങ്ങളായ കഥ ഏറെ വ്യത്യസ്തമായതാണെന്നും അതാണ് അടുത്ത ചിത്രമാക്കേണ്ടതെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. സിദ്ദിഖിന്റെ അഭിപ്രായം ഫാസില്‍ മുഖവിലക്കെടുത്തു. അങ്ങനെയാണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' പിറക്കുന്നത്. 1984 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആ ചിത്രം 200 ദിവസത്തിലധികം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കുടുംബചിത്രങ്ങളുമായി മുന്നോട്ടുനീങ്ങിയിരുന്ന സത്യന്‍ അന്തിക്കാടിനോട് പറഞ്ഞ തമാശക്കഥ മലയാളത്തിലെ മറ്റൊരു ഹിറ്റ് ചിത്രമായി മാറി
ഫാസിലിനോടൊപ്പം സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചു മുന്നേറിയ സിദ്ദിഖ്- ലാലിന്റെ ഓരോ കഥകളും, അവതരണരീതിയും പുതുമയുള്ളതായിരുന്നു. കുടുംബചിത്രങ്ങളുമായി മുന്നോട്ടുനീങ്ങിയിരുന്ന സത്യന്‍ അന്തിക്കാടിനോട് പറഞ്ഞ തമാശക്കഥ മലയാളത്തിലെ മറ്റൊരു ഹിറ്റ് ചിത്രമായി മാറി. അങ്ങനെ സിദ്ദിഖ്- ലാല്‍ ജോഡികള്‍ ആദ്യമായി കഥയും തിരക്കഥയുമെഴുതി പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമ 1986 ജനുവരി മൂന്നിന് പുറത്തിറങ്ങി. മരണാനന്തരം ആത്മാവ് മറ്റൊരു ശരീരത്തില്‍ കയറുന്ന പ്രമേയം തമാശരൂപേണ അവതരിപ്പിച്ചപ്പോള്‍ സിനിമ ഹിറ്റായി മാറി.
പിന്നീട് മൂന്നുവര്‍ഷത്തിനു ശേഷമാണ് സ്വന്തം കഥയില്‍ സിദ്ദിഖ്- ലാല്‍ ജോഡി സ്വതന്ത്ര സംവിധായകരാകുന്നത്. 1989 ഓഗസ്റ്റ് നാലിന് 'റാംജിറാവു സ്പീക്കിങ്' എന്ന കോമഡിചിത്രം കേരളത്തിലെ വിവിധ തിയേറ്ററുകളിലെത്തി. മുകേഷും സായികുമാറും ഇന്നസെന്റും തകര്‍ത്താടിയ ചിത്രത്തിന് ആദ്യദിവസങ്ങളില്‍ തിയേറ്ററില്‍ കളക്ഷന്‍ കുറവായിരുന്നു. വളരെ ഫ്രഷായ, കുറിക്കു കൊള്ളുന്ന തമാശരംഗങ്ങള്‍ പെട്ടെന്നു ചര്‍ച്ചാവിഷയമായി. ജനം കേട്ടറിഞ്ഞ് റാംജിറാവുവിനെ കാണാനെത്തി. തുടര്‍ന്ന് എല്ലാ തിയേറ്ററുകളും നിറഞ്ഞു കവിഞ്ഞു. മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു കോമഡി തരംഗത്തിന്റെ തുടക്കമായിരുന്നു അത്.
ഇതേക്കുറിച്ച് പീന്നീടൊരിക്കല്‍ സിദ്ദിഖ് പറഞ്ഞു. 'നമ്മള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന തമാശകള്‍ ആണ് പോളിഷ് ചെയ്ത് സിനിമാറ്റിക് ആക്കിയത്. ഞങ്ങള്‍ സംസാരിക്കുന്നത് പോലെ കഥാപാത്രങ്ങളും സംസാരിച്ചു. മുന്‍പ് സിനിമകളില്‍ സാഹിത്യം കലര്‍ന്ന രീതിയിലായിരുന്നു സംഭാഷണം എഴുതിയിരുന്നത്. 'ഒരക്ഷരം മിണ്ടരുത്' എന്ന് പറയുമ്പോള്‍ 'ഒരക്ഷരമോ ഏതക്ഷരം' എന്നായിരിക്കും നമ്മുടെ സിനിമകളിലെ സംഭാഷണം. കാലങ്ങള്‍ കഴിഞ്ഞാലും ഈ സംഭാഷണങ്ങള്‍ ഒക്കെ ആളുകള്‍ പറയുമെന്ന് നമ്മള്‍ കരുതിയിരുന്നില്ല. ഞങ്ങളുടെ തമാശകളുടെ ചെറിയ ഒരു ശതമാനം മാത്രമേ സിനിമകളില്‍ വന്നിട്ടുള്ളൂ'.
സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടിന്റെ കോമഡികളിലെ ശ്രദ്ധിക്കപ്പെട്ട ഘടകങ്ങള്‍ നിഷ്‌കളങ്കമായ മണ്ടത്തരങ്ങളും പെട്ടന്ന് പറയുന്ന കൗണ്ടറുകളുമായിരുന്നു. പീന്നീട് ഗോഡ്ഫാദറും വിയറ്റ്‌നാം കോളനിയും പോലുള്ള കുറച്ചുകൂടി ഗൗരവമുള്ള വിഷയങ്ങള്‍ സിനിമകള്‍ക്ക് ആധാരമായെങ്കിലും അവയിലെ കോമഡി രംഗങ്ങളുടെ ലാളിത്യം ഒട്ടും ചോര്‍ന്നുപോയിരുന്നില്ല.