25 ഷോട്ടും പാളി, അവസാനം ഒറ്റച്ചാട്ടത്തിന് കുതിരപ്പുറത്ത് ; ദ ഫോര്‍ത്ത് അഭിമുഖത്തില്‍ സിജു വില്‍സണ്‍
കോളനി സീന്‍ എടുക്കുന്ന സമയത്താണ് സാറ് പറഞ്ഞത് നീ ഡയലോഗ് പറഞ്ഞ് നേരെ തിരിഞ്ഞ് കുതിരപ്പുറത്ത് ചാടിക്കയറി കുതിരയെ തിരിച്ചിട്ട് പോകണം. പക്ഷെ കുതിരയോട്ടം പഠിക്കുന്ന സമയത്ത് ഞാന്‍ ചാടിക്കയറാന്‍ പഠിച്ചിട്ടില്ല. ട്രെയിനറുടെ അസിസ്റ്റന്റ് പിള്ളേരോട് ചോദിച്ച് ഞാന്‍ പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു… പക്ഷെ എത്ര ശ്രമിച്ചിട്ടും കയറാന്‍ പറ്റിയില്ല. എന്നാലും കയറാന്‍ പറ്റുമെന്നൊരു പ്രതീക്ഷയില്‍ ലൈറ്റ് പോകുന്നതുകൊണ്ടുകൂടി ടേക്ക് പോകാമെന്ന് പറഞ്ഞു. ഏറ്റവും കുറഞ്ഞത് 25 ടേക്ക് എങ്കിലും പോയിട്ടുണ്ട്. കോളനിയിലുള്ള ആര്‍ട്ടിസ്റ്റുകളൊക്കെ കണ്ടുകൊണ്ടിരിക്കുവാണ്. ഇരുപഞ്ചാമത്തെ തവണയും ശരിയാവാതെ വന്നപ്പോള്‍ സാറ് പറഞ്ഞു, കുഴപ്പമില്ല, നീ കുതിരപ്പുറത്ത് കയറി ഇരുന്നോ. കുതിര തിരിഞ്ഞുപോകുന്ന രീതിയില്‍ ഷൂട്ട് ചെയ്യാം നമുക്ക്. ആ ഷോട്ട് അങ്ങനെ എടുത്തു. ലൈറ്റും പോയി. പാക്കപ്പും പറഞ്ഞു.
കുതിരപ്പുറത്ത് കയറാന്‍ എഫേര്‍ട്ടും എനര്‍ജിയും മാത്രം പോരാ ,ഒരു ചെറിയ ടെക്‌നിക്കും കൂടി വേണം എന്ന് എനിക്ക് മനസിലായി
എനിക്കാണേല്‍ ഇത് ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമം ഭയങ്കരമായിരുന്നു. ഞാന്‍ ആകെ ഡൗണ്‍ ആയി ഇരിക്കുന്നത് കണ്ട് ട്രെയിനര്‍ യൂസഫ് എന്നോട് ചോദിച്ചു, എന്തുപറ്റി!അങ്ങനെയാണ് അദ്ദേഹം എനിക്ക് കുതിരപ്പുറത്ത് കയറാന്‍ ഒരു ടെക്നിക് പറഞ്ഞുതന്നത്. എഫേര്‍ട്ടും എനര്‍ജിയും മാത്രം പോരാ ഒപ്പം ഈ ഒരു ചെറിയ ടെക്‌നിക്കും കൂടി വേണം എന്ന് എനിക്ക് മനസിലായി. അങ്ങനെ ഞാന്‍ രണ്ട് തവണ ചെയ്ത് കഴിഞ്ഞപ്പോഴേയ്ക്കും ശരിയായി. അപ്പോഴേക്കും എനിക്ക് കോണ്‍ഫിഡന്‍സ് ആയി. വിനയന്‍ സാറിനെ ഓടിച്ചെന്നു കണ്ടു. ഞാന്‍ റെഡിയാണ് സാര്‍. നമുക്കത് ഒന്നുകൂടി എടുക്കാമെന്ന് പറഞ്ഞു. ലൈറ്റ് പോയല്ലോ. നീ അത്ര കോണ്‍ഫിഡന്റ് ആണെങ്കില്‍ നാളെ രാവിലെ റീഷൂട്ട് ചെയ്യാമെന്ന് വിനയന്‍ സാറും പറഞ്ഞു.
ആക്ഷന്‍ പറഞ്ഞു. ഞാന്‍ ഒറ്റയടിക്ക് ചാടിക്കയറി കുതിരപ്പുറത്തിരുന്നു. ചുറ്റും നോക്കിനിന്നവരെല്ലാം കയ്യടിച്ചു
രാവിലെ ഷൂട്ടിന് റെഡിയായി വന്നു. കുതിരയുടെ പിന്നില്‍ നിന്നായിരുന്നു ക്യാമറ. തലേദിവസം മുഴുവന്‍ ഞാന്‍ ചാടിക്കയറാന്‍ നോക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം കോളനിയിലുള്ള ആര്‍ട്ടിസ്റ്റുകളെല്ലാം കണ്ടതാണ്. പാവത്തിന് പറ്റുന്നില്ലല്ലോ എന്നൊരു സഹതാപവും അവര്‍ക്കെന്നോട് ഉണ്ടായിരുന്നു. ആക്ഷന്‍ പറഞ്ഞു. ഞാന്‍ ഒറ്റയടിക്ക് ചാടിക്കയറി കുതിരപ്പുറത്തിരുന്നു… ചുറ്റും നോക്കിനിന്നവരെല്ലാം കയ്യടിച്ചു. അപ്പൊ ക്യാമറമാന്‍ ഷാജിയേട്ടന്‍, എന്താണിത്, ഇത് ഷോട്ടാണ്… എന്താണെല്ലാവരും കയ്യടിക്കുന്നത്. പക്ഷെ ഇത്തവണ രണ്ടാം വട്ടവും ഞാന്‍ എളുപ്പത്തില്‍ തന്നെ കുതിരപ്പുറത്തേയ്ക്ക് ചാടിക്കയറി. പിന്നെ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ തവണയും ഞാന്‍ അങ്ങനെ മാത്രമേ കുതിരപ്പുറത്ത് കയറിയിട്ടുള്ളൂ…