അഡ്വാൻസ് വാങ്ങിയ തുക മടക്കി നൽകാനാകില്ലെന്ന് നടൻ ചിമ്പു; കോടതി വിധി കാത്ത് നിർമാതാക്കൾ
കൊറോണ കുമാർ എന്ന ചിത്രത്തിനായി വാങ്ങിയ അഡ്വാൻസ് തുക തിരിച്ച് നൽകാനാകില്ലെന്ന് തമിഴ് ചലച്ചിത്രതാരം ചിമ്പു. ഒരു കോടി രൂപ അഡ്വാൻസ് വാങ്ങിയിട്ടും ചിത്രത്തിൽ അഭിനയിക്കാൻ പണം തിരികെ നൽകാനോ തയാറായില്ലെന്ന് കാണിച്ച് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചിമ്പുവിന്റെ മറുപടി.
കൊറോണ കുമാർ എന്ന ചിത്രത്തിനായി ഒരു കോടി രൂപ വാങ്ങിയെന്നത് വാസ്തവമാണ്. എന്നാൽ കരാർ കാലാവധിക്കുള്ളിൽ ചിത്രീകരണം ആരംഭിക്കാൻ കഴിയാതെയിരുന്നത് തന്റെ പിഴവല്ല. കോവിഡ് അടക്കമുള്ള പ്രതിസന്ധിയെ തുടർന്നാണ് ചിത്രീകരണം ആരംഭിക്കാൻ സാധിക്കാതെയിരുന്നത്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ ചിത്രീകരണം ആരംഭിക്കാത്തത് തന്റെ പിഴവല്ലാത്തതിനാൽ പണം തിരികെ നൽകാനുള്ള ബാധ്യത തനിക്കില്ലെന്ന് ചിമ്പു കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. കേസിൽ അന്തിമവിധിക്കായി കാത്തിരിക്കുകയാണ് നിർമാതാക്കൾ
ഡേറ്റ് സംബന്ധിച്ച പരാതിയിലും മോശമായ പെരുമാറ്റത്തിന്റെ പേരിലും നിലവിൽ തമിഴ് നിർമാതാക്കളുടെ സംഘടനയിൽ നിന്ന് ചിമ്പുവിന് വിലക്കുണ്ട്. ഇതിന് പിന്നാലെയാണ് നടനെതിരെ പുതിയ പരാതിയും വരുന്നത്. പത്തുതലയാണ് ചിമ്പുവിന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം. ദേശിംഗ് പെരിയസാമിക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് നിലവിൽ ചിമ്പു. മൻമഥന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിലും ചിമ്പു ഇരട്ടവേഷത്തിലായിരിക്കുമെന്നാണ് സൂചന