മേയ്ക്ക് അപ്പ് അസിസ്റ്റന്റിൽ
നിന്ന് തിരക്കുള്ള താരത്തിലേക്ക്;  
സിൽക്ക് സ്മിതയുടെ 
ഓർമ്മകൾക്ക് 27 വയസ്

മേയ്ക്ക് അപ്പ് അസിസ്റ്റന്റിൽ നിന്ന് തിരക്കുള്ള താരത്തിലേക്ക്; സിൽക്ക് സ്മിതയുടെ ഓർമ്മകൾക്ക് 27 വയസ്

1996 സെപ്റ്റംബർ 23 -ാണ് സ്മിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്
Updated on
2 min read

എൺപതുകളിൽ ഇന്ത്യൻ സിനിമ അടക്കിവാണ സിൽക്ക് സ്മിതയുടെ ഓർമ്മകൾക്ക് ഇന്ന് 27 വയസ്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ നാനൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ച സിൽക്ക് സ്മിത വിയോഗം ഇന്നും സിനിമാ ലോകത്തിന് ഉത്തരം കിട്ടാത്ത ചോദ്യമാണ്

കച്ചവടതാൽപര്യത്തിനപ്പുറം സ്മിത എന്ന കലാകാരിയേയോ വ്യക്തിയേയോ സിനിമാ ലോകമോ പ്രേക്ഷകരോ പരിഗണിച്ചില്ല

മോശമായ ജീവിത സാഹചര്യത്തിൽ നഷ്ടമായ വിദ്യാഭ്യാസം, ചെറു പ്രായത്തിലെ വിവാഹം, ആ ബന്ധത്തിൽ നിന്നുള്ള ഒളിച്ചോട്ടം, എത്തിച്ചേർന്നത് സിനിമയിൽ മേയ്ക്ക് അപ്പ് അസിസ്റ്റന്റായി . 1979 ൽ മലയാളിയായ ആന്റണി ഇസ്മാൻ സംവിധാനം ചെയ്ത ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി എന്ന സിൽക്ക് സ്മിത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് പ്രായം വെറും പത്തൊൻപത് വയസ് മാത്രം. വിജയലക്ഷ്മി സ്മിത എന്ന് പേര് മാറ്റി

1980 ൽ ഇറങ്ങിയ വിനു ചക്രവർത്തിയുടെ വണ്ടിചക്രം എന്ന തമിഴ് ചിത്രമാണ് സ്മിതയെ സിൽക്ക് സ്മിതയാക്കിയതും ജീവിതം മാറ്റി മറിച്ചതും. ആ ചിത്രത്തിലെ ലൈംഗിക അതിപ്രസരമുള്ള കഥാപാത്രത്തിന് വിനു നൽകിയ പേരാണ് സിൽക്ക്. പിന്നീട് അവരെ തേടിയെത്തിയതെല്ലാം ആ രീതിയിലുള്ള കഥാപാത്രങ്ങൾ. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സ്മിതയെ വിനു ചക്രവർത്തിയുടെ ഭാര്യ ഇംഗ്ലീഷ് പഠിപ്പിച്ചു, നൃത്തം അഭ്യസിപ്പിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല വിജയലക്ഷ്മിയെന്ന സിൽക്ക് സ്മിതയ്ക്ക്. നിർമാതാക്കൾ അവരുടെ ഡേറ്റിനായി കാത്ത് നിന്നു. ലൈംഗിക അതിപ്രസരമുള്ള ചിത്രങ്ങൾക്ക് പുറമെ കൊമേഷ്യൽ സിനിമകളിലും മസാല ചേരുവയായി സ്മിതയെ ഉൾപ്പെടുത്തി നിർമാതാക്കൾ പണമുണ്ടാക്കി

ഇത്തരം വേഷങ്ങളിൽ നിന്നൊക്കെ മാറി ക്യാരക്ടർ റോളുകൾ ചെയ്യണമെന്ന ആഗ്രഹം പലകുറി സിൽക്ക് സ്മിത സംവിധായകരേയും നിർമാതാക്കളേയും അറിയിച്ചെങ്കിലും കച്ചവടതാൽപര്യത്തിനപ്പുറത്തേക്ക് സ്മിത എന്ന കലാകാരിയേയോ വ്യക്തിയേയോ സിനിമാ ലോകമോ പ്രേക്ഷകരോ പരിഗണിച്ചില്ല

1996 സെപ്റ്റംബർ 23നാണ് സിൽക്ക് സ്മിതയെ ചെന്നൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്രതീക്ഷിത മരണത്തിൽ ഞെട്ടലിനൊപ്പം പല ദുരൂഹതകളും ഉയർന്നു. അതിനൊന്നും ഉത്തരം കിട്ടിയില്ല. അമിത മദ്യപാനം , വിഷാദം തുടങ്ങിയവയും ആരോപിക്കപ്പെട്ടു

ജീവിച്ചിരുന്നപ്പോൾ അവരെ വ്യക്തി എന്ന നിലയിൽ ഒരുതരത്തിലും പരിഗണിക്കാത്ത സിനിമാലോകം മരണത്തിലും അത് ആവർത്തിച്ചു. മൃതദേഹം കാണാൻ പോലും ആരും എത്തിയില്ല. എന്നാൽ മരണശേഷം ആ ജീവിതം വച്ചും സിനിമാലോകം കാശുവാരി. ഡേർട്ടി പിക്ച്ചർ എന്ന വിദ്യാബാലൻ സിനിമ ബോക്സ് ഓഫീസ് ഹിറ്റായി...മരണശേഷവും ആ ജീവിതം മറ്റുള്ളവർക്ക് ആഘോഷമായി.

logo
The Fourth
www.thefourthnews.in