കീരവാണിക്കൊപ്പം പ്രവർത്തിക്കാനായത് അനുഗ്രഹം; അനുഭവം പങ്കുവച്ച് ചാരു ഹരിഹരൻ

കീരവാണിക്കൊപ്പം പ്രവർത്തിക്കാനായത് അനുഗ്രഹം; അനുഭവം പങ്കുവച്ച് ചാരു ഹരിഹരൻ

വിജയ് പ്രകാശ്, ചന്ദന ബാല, ചാരു ഹരിഹരൻ എന്നിവർ ചേർന്നാണ് ആർ ആർ ആറിലെ രാമം രാഘവം എന്ന ഗാനം ആലപിച്ചത്
Updated on
1 min read

എൺപത് വർഷത്തെ ഗ്ലോൾഡൻ ഗ്ലോബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ സിനിമ പുരസ്കാരം നേടുമ്പോൾ കീരവാണിക്ക് മാത്രമല്ല രാജ്യത്തിനാകെ അത് അഭിമാന നിമിഷമാണ്. അദ്ദേഹത്തോടൊപ്പം സിനിമയിൽ പ്രവർത്തിക്കാനായതിന്റെ സന്തോഷത്തിലാണ് കീരവാണിയുടെ സഹപ്രവർത്തകർ. ആർ ആർ ആറിലെ രാമം രാഘവം ഗാനം പാടാൻ അവസരം ലഭിച്ച ചാരു ഹരിഹരൻ അനുഭവം പങ്കുവയ്ക്കുന്നു

എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ അസോസിയേറ്റ് ആയിരുന്നു. അവരിലൂടെയാണ് കീരവാണി സാറിനെ പരിചയപ്പെട്ടത് . ഞാൻ ചെയ്ത ചില വർക്കൊക്കെ സാറിന് കൊടുത്തിരുന്നു . അതുകണ്ടിട്ടാണ് ആർആർആറിലേക്ക് വിളിക്കുന്നത് . രണ്ടുദിവസം കൊണ്ട് ഹൈദരാബാദിലെത്താനാണ് നിർദേശിച്ചത്. സ്വപ്നം പോലെയായിരുന്നു ആ യാത്ര.

അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായിട്ടാണ് കാണുന്നത്. അത്രയും വലിയ മനുഷ്യൻ ആണെന്നോ ഇത്രത്തോളം അനുഭവസമ്പത്തുള്ള ആളാണെന്ന ഭാവമോ അദ്ദേഹത്തിനില്ല . ലാളിത്യവും വിനയവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. മാത്രമല്ല ഓരോ വർക്കിനും വേണ്ടി അദ്ദേഹം നേരിട്ടാണ് വിളിക്കുക, അല്ലാതെ മാനേജർമാരൊന്നുമല്ല വിളിക്കുന്നത്

അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം ഇടപെടുന്ന രീതി, പാട്ട് കംപോസ് ചെയ്യുന്നത്… വളരെ പെട്ടെന്നാണ് ഈണം ഇടുക, നാട്ടു നാട്ടു എന്ന ഗാനത്തിന്റെ കാര്യം അറിയില്ല, രാമം രാഘവത്തിന്റെ വരികൾ ആദ്യം സംസ്കൃതത്തിലായിരുന്നു . നോക്കി നിൽക്കുമ്പോൾ ഈണമിട്ട് അപ്പോൾ തന്നെ റെക്കോർഡ് ചെയ്യും . നമ്മൾ അദ്ഭുതപ്പെട്ട് പോകും . അദ്ദേഹത്തിന് അറിയാം ഒരു പാട്ടിന് നമ്മളിൽ നിന്ന് എന്താണ് വേണ്ടതെന്ന് . അതുകൊണ്ടു തന്നെ നമുക്കും വളരെ എളുപ്പമാണ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ.

രാജമൗലി സാറും കീരവാണി സാറും ഒരുമിച്ചിരുന്നാണ് ഈണം തിരഞ്ഞെടുക്കുക. കീരവാണി സാര്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഒരു പാട്ടിന് തന്നെ കുറേ ഈണം ചെയ്യും. അവര്‍ ഒരുമിച്ചിരുന്നു വര്‍ക്ക് ചെയ്യുന്നത് കാണാന്‍ തന്നെ നല്ല രസമാണ് . അത്ര സിങ്കാണ് അവര്‍ തമ്മില്‍

പുതുമുഖങ്ങൾക്ക് കീരവാണി സർ നൽകുന്ന പരിഗണന എടുത്തു പറയേണ്ടതാണ്. ഒരുപാട് പേർക്ക് അവസരം നൽകുന്നുണ്ട് അദ്ദേഹം.

ജെമ്മാ പഞ്ചായത്ത് എന്നൊരു സിനിമയിലും അദ്ദേഹത്തിന് വേണ്ടി പാടാൻ അവസരം ലഭിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിനൊപ്പം മൂന്നാമതൊരു സിനിമ കൂടി ചെയ്യുന്നുണ്ട്. പക്ഷെ അതിനെ കുറിച്ച് കൂടുതൽ ഇപ്പോൾ പറയാനാകില്ല

logo
The Fourth
www.thefourthnews.in