ആരാണ് ആ വൈറല്‍ റഫിപ്പാട്ടുകാരന്‍?
എഴുപത്തിമൂന്നുകാരന്‍ 'യുവാവി'നെ എണ്‍പത്തഞ്ചുകാരനും വന്ദ്യവയോധികനുമാക്കിയത് പൊറുക്കാം. എന്നാല്‍, ഭാര്യയും മക്കളും പേരക്കിടാങ്ങളുമൊക്കെയായി കളിച്ചും ചിരിച്ചും ഉല്ലസിച്ചും സന്തുഷ്ട ജീവിതം നയിച്ചുപോകുന്ന ഒരാളെ അഗതിയും അനാഥാലയം അന്തേവാസിയുമാക്കുന്നത് എങ്ങനെ സഹിക്കും? എന്നിട്ടും ക്ഷമിച്ചു ഡോ. സുരേഷ് നമ്പ്യാര്‍; പ്രിയപ്പെട്ട റഫി സാഹിബിന് വേണ്ടി. മോഹം കൊണ്ട് മാത്രം പാടിത്തുടങ്ങിയ തന്നെ ഓവര്‍നൈറ്റ് സിലബ്രിറ്റിയാക്കിയത് ആ മഹാഗായകനാണല്ലോ.
സിനിമാ - ടെലിവിഷന്‍ താരം സുമീത് രാഘവനാണ് പാടുന്ന അപ്പൂപ്പന്റെ വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. പ്രായത്തെ വെല്ലുന്ന കംപ്യൂട്ടര്‍ ജ്ഞാനവുമായി 'മേരെ സനം' എന്ന ചിത്രത്തിലെ 'പുകാര്‍താ ചലാ ഹൂ മേ' എന്ന ഗാനം കൈയിലെ മൈക്രോഫോണിലേക്ക് ഹൃദയം തുറന്നു പാടുന്ന വയോധികനെ കുറിച്ചായിരുന്നു രാഘവന്റെ ട്വീറ്റ്. ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്റ്ററേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെ ഒരു ചുവടു കൂടി മുന്നോട്ട് പോയി: കോയമ്പത്തൂരിലെ ഒരു വൃദ്ധസദനത്തിലെ അന്തേവാസിയായാണ് ഗായകനെ അദ്ദേഹം ട്വിറ്ററില്‍ പരിചയപ്പെടുത്തിയത്. 'അനാഥനായ 85 കാരന്‍' വൈറല്‍ ആയി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. ഫേസ് ബുക്കിലും വാട്‌സ്ആപ്പിലും ലക്ഷങ്ങളാണ് ഈ പാട്ടുവീഡിയോ പങ്കുവെച്ചത്.
'ഞാന്‍ പോലുമറിയാതെ ആരോ അത് ഫോണില്‍ പകര്‍ത്തി. ആരോ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വാട്ട്‌സാപ്പില്‍ എനിക്ക് തന്നെ എന്റെ പാട്ട് അയച്ചു കിട്ടിയപ്പോള്‍ അന്തം വിട്ടുപോയി..'
''സത്യത്തില്‍ എന്റെ കൊച്ചുമകള്‍ ആര്യക്കുട്ടിയുടെ ഒന്നാം പിറന്നാളിന് അവളെ സന്തോഷിപ്പിക്കാന്‍ വേണ്ടി പള്ളിക്കുന്നിലെ വീട്ടിലിരുന്ന് വെറുതെ പാടിയതാണ് ആ പാട്ട്.''- സുരേഷ് പറയുന്നു. 'ഞാന്‍ പോലുമറിയാതെ ആരോ അത് ഫോണില്‍ പകര്‍ത്തി. ആരോ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വാട്ട്‌സാപ്പില്‍ എനിക്ക് തന്നെ എന്റെ പാട്ട് അയച്ചു കിട്ടിയപ്പോള്‍ അന്തം വിട്ടുപോയി..'
എംബിബിഎസ് ബിരുദധാരിയായ സുരേഷിന്റെ വേരുകള്‍ കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നിലാണെങ്കിലും ജനിച്ചത് മുംബൈയില്‍. അച്ഛന് അവിടെ വോള്‍ട്ടാസിലായിരുന്നു ജോലി. മണിപ്പാല്‍ കെ എം സിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മുംബൈയിലും പിന്നീട് ദീര്‍ഘകാലം ഗള്‍ഫിലും ഡോക്ടറായി ജോലി ചെയ്തു. ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഭാര്യയുടെ നാടായ കണ്ണൂര്‍ പള്ളിക്കുന്നില്‍ താമസമുറപ്പിച്ചിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമാകുന്നു. ഗായിക മഞ്ജരിയുടെ അമ്മാവനാണ് 73 കാരന്‍ സുരേഷ് നമ്പ്യാര്‍. മഞ്ജരിയുടെ അമ്മ ലതയും സുരേഷും സഹോദരിമാരുടെ മക്കള്‍.
റഫി വിടവാങ്ങി പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ വീട്ടില്‍ ചെല്ലാന്‍ ഭാഗ്യമുണ്ടായി. ധാരാളം പാട്ടുകള്‍ അവിടെയിരുന്നു പാടി. റഫി സാഹിബിന്റെ അദൃശ്യസാന്നിധ്യം അവിടെ ഉണ്ടായിരുന്ന പോലെ തോന്നി
സുരേഷ് പറയുന്നു
'ഹിന്ദി പാട്ടുകളോട് പണ്ടേയുണ്ട് ഇഷ്ടം. പക്ഷേ പാടിത്തുടങ്ങിയത് വൈകിയാണ്; പതിനാറാം വയസ്സില്‍.'' - സുരേഷ് പറയുന്നു. ആദ്യം പാടിയത് തലത്ത് മഹ്‌മൂദിന്റെ പാട്ടുകള്‍. ജല്‍ത്തേ ഹേ ജിസ്‌കേലിയെ ഒക്കെയാണ് അന്നത്തെ ഇഷ്ടഗാനങ്ങള്‍. പിന്നീടെപ്പോഴോ റഫിയുടെ ആകര്‍ഷണ വലയത്തില്‍ വീണുപോകുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ആലാപന ശൈലിയാണ് എനിക്ക് കൂടുതല്‍ ഇണങ്ങുക എന്ന തിരിച്ചറിവില്‍ നിന്നാവണം. റഫിയുടെ നാദത്തെ ദൈവികമെന്ന് വിശേഷിപ്പിക്കും സുരേഷ്. 'മുംബൈയില്‍ ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്ന് റഫി സാഹിബിന്റെ വാസസ്ഥലമായ ബാന്ദ്രയിലേക്ക് അധികദൂരമില്ല. എന്നിട്ടും ആ ഗന്ധര്‍വഗായകനെ ഒരിക്കല്‍ പോലും നേരില്‍ കാണാന്‍ കഴിഞ്ഞില്ല എന്നതാണ് എന്റെ ദുഃഖം.'
വിധിനിയോഗം പോലെ, റഫി വിടവാങ്ങി പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ വീട്ടില്‍ ചെല്ലാന്‍ ഭാഗ്യമുണ്ടായി സുരേഷിന്. 'ഞാന്‍ പാടിയ മന്‍ തഡ് പത് എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ സഹോദരന്‍ ഷെയര്‍ ചെയ്തിരുന്നു. അത് കേട്ടാണ് റഫി സാഹിബിന്റെ മകള്‍ ജാസ്മിന്‍ വിളിച്ചത്. അവരുടെ ആഗ്രഹപ്രകാരം ഞാനും ഭാര്യ മാലിനിയും വീട്ടില്‍ ചെന്നു. എന്നെ സംബന്ധിച്ച് അതൊരു തീര്‍ത്ഥാടനമായിരുന്നു. മറക്കാന്‍ കഴിയാത്ത അനുഭവം. ധാരാളം പാട്ടുകള്‍ അവിടെയിരുന്നു പാടി. റഫി സാഹിബിന്റെ അദൃശ്യസാന്നിധ്യം അവിടെ ഉണ്ടായിരുന്ന പോലെ തോന്നി എനിക്ക്....'-- സുരേഷ് വികാരാധീനനാകുന്നു.
ഏറ്റവും പ്രിയപ്പെട്ട റഫി ഗാനങ്ങള്‍? തിരഞ്ഞെടുപ്പ് തീര്‍ത്തും ദുഷ്‌കരമെന്ന് സുരേഷ് നമ്പ്യാര്‍. 'ടൂട്ടെ ഹുവേ ഖ്വാബോം, ആപ് നേ യാദ് ദിലായാ, ആയേ ബഹാര്‍ ബന്‍കെ ലുഭാ, ദിന്‍ ഡല്‍ ജായേ.... അങ്ങനെയങ്ങനെ ഒരുപാടെണ്ണം.' എല്ലാവരും പാടുന്ന ദുനിയാ കേ രഖ് വാലേ പോലുള്ള പാട്ടുകളേക്കാള്‍ പ്രിയം അത്രത്തോളം ജനകീയമല്ലാത്ത മനോഹര ഗാനങ്ങളോടാണെന്ന് തുറന്നുപറയുന്നു സുരേഷ്.