സീതാരാമം ചിത്രത്തിൻ്റെ പോസ്റ്റർ
സീതാരാമം ചിത്രത്തിൻ്റെ പോസ്റ്റർ

50 കോടി ക്ലബ്ബില്‍ ഇടം നേടി 'സീതാരാമം' ; തെലുങ്കില്‍ വരവറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍

പത്ത് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്
Updated on
1 min read

തെലുങ്ക് സിനിമാ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. 'സീതാരാമ' ത്തിലൂടെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. പത്ത് ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചത്. ഇതാദ്യമായാണ് ദുൽഖറിന്റെ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും എല്ലാവർക്കും നന്ദി അറിയിച്ചും ദുൽഖർ ട്വീറ്റ് ചെയ്തു.

ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് മാത്രമായി 30 കോടിക്ക് മുകളിൽ ചിത്രം സ്വന്തമാക്കുകയും ചെയ്തു. അമേരിക്കയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഭാഷകളിലും റിലീസ് ചെയ്ത ചിത്രത്തിന് തമിഴ്‌നാട്ടിലും കേരളത്തിലുമടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അമേരിക്കൻ ബോക്‌സ് ഓഫീസില്‍ നിന്ന് 8.28 കോടിയാണ് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം നേടിയത്. അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.

'ഈ സിനിമയ്ക്കായി അണിയറപ്രവര്‍ത്തകര്‍ എന്നെ സമീപിച്ചപ്പോള്‍ തന്നെ ഗുണനിലവാരമുള്ള സിനിമ പ്രേക്ഷകര്‍ക്കായി നല്‍കാന്‍ കഴിയുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. നിരവധി കലാകാരന്‍മാരുടെയും പ്രതിഭകളുടെയും പ്രയത്‌നമാണ് ഈ സിനിമയെന്നും അതാണ് സിനിമയുടെ വിജയത്തിന് പിന്നിൽ. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലും പ്രേക്ഷകര്‍ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്താലും തന്റെ കണ്ണു നിറഞ്ഞു. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹത്തിന് വാക്കുകള്‍ കൊണ്ട് നന്ദി അറിയിക്കാന്‍ കഴിയില്ലെന്നും' ദുല്‍ഖര്‍ കുറിച്ചു.

ലെഫ്റ്റനൻ്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ഹനു രാഘവപുടിയാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് . മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയിരിക്കുന്നത്. സ്വപ്‌ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കോട്ടഗിരി വെങ്കിടേശ്വര റാവുവാണ്. വിശാല്‍ ചന്ദ്രശേഖറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in