നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഗാനങ്ങളും പുരസ്കാരത്തിനായി പരിഗണിക്കുമെന്ന് ഗ്രാമി

നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഗാനങ്ങളും പുരസ്കാരത്തിനായി പരിഗണിക്കുമെന്ന് ഗ്രാമി

അമേരിക്കൻ പുരസ്കാരമായ ഗ്രാമിയുടെ നടത്തിപ്പുകാരായ റെക്കോർഡിംഗ് അക്കാദമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്
Updated on
1 min read

ഇനി മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഗാനങ്ങളും പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുമെന്ന് ഗ്രാമി. പുരസ്കാരത്തിൻ്റെ നടത്തിപ്പ് സംഘടനയായ റെക്കോഡിങ് അക്കാഡമിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സംഗീത ലോകത്തെ മികച്ച പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന അമേരിക്കന്‍ പുരസ്‌കാരമാണ് ഗ്രാമി. പോപ്, റോക്ക് എന്നിങ്ങനെ എല്ലാ തരത്തിലുള്ള ഗാനങ്ങളും ഗ്രാമി പരിഗണിക്കാറുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 4ല്‍ നടക്കാന്‍ ഇരിക്കുന്ന പുരസ്‌കാര ചടങ്ങിലായിരിക്കും ഇവ പരിഗണിക്കുക.

പക്ഷേ എഐ ഉപയോഗിച്ചുള്ള ഗാനങ്ങള്‍ക്കായി കടുത്ത മൂന്ന് മാനദണ്ഡങ്ങളാണ് റെക്കോര്‍ഡിങ് അക്കാദമി മുന്നോട്ട് വച്ചിരിക്കുന്നത്. ഒന്ന്, എഐയുടെ സഹായത്തോടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താമെങ്കിലും അതിലെ കൂടുതല്‍ സംഭാവനയും മനുഷ്യന്റേതായിരിക്കണം, എഐയുടേതാകരുത്. രണ്ട്, ഈ ഗാനങ്ങള്‍ പുരസ്‌കാരത്തിന്റെ ഏതെങ്കിലും നോമിനേഷന്‍ വിഭാഗത്തിൽപ്പെടുന്നതായിരിക്കണം. മൂന്ന്, ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന് എഐ ഉപയോഗിക്കാമെന്നല്ലാതെ, നിര്‍മ്മിത ബുദ്ധി സൃഷ്ടിക്കുന്ന ഗാനങ്ങള്‍ നോമിനേഷന് പരിഗണിക്കുന്നതല്ല.

ചുരുക്കത്തില്‍, ഗ്രാമി പുരസ്‌കാരങ്ങള്‍ കലാകാരന്മാരുടെ കഴിവും സര്‍ഗ്ഗാത്മഗതയും ആദരിക്കുന്നതിന് വേണ്ടിയുള്ളതാണ്. അതുകൊണ്ട് തന്നെ അവര്‍ കൂടുതലും മനുഷ്യര്‍ സൃഷ്ടിച്ച ഗാനങ്ങള്‍ മാത്രമെ പരിഗണിക്കൂ.

സാങ്കേതിക ലോകത്ത് നിര്‍മ്മിത ബുദ്ധി ജനപ്രിയമായി മാറുകയാണ്. ഒരു ചെറിയ നിര്‍ദ്ദേശം ഉപയോഗിച്ച് ചാറ്റ്ജിപിടി, ബാഡ് പോലുള്ള ചാറ്റ് ബോട്ടുകള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന് പിന്നിലെ കാരണം. എഐയ്ക്കാകട്ടെ പാട്ടുകളും കവിതകളും രചിക്കാനും കോഡുകള്‍ എഴുതാനും സങ്കീര്‍ണ്ണമായ ഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയും. അതേസമയം എഐ ചാറ്റ്‌ബോട്ടുകളുടെ വളര്‍ച്ച മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

എഐ തങ്ങളുടെ തൊഴിലിന് ഭീഷണിയാകുമെന്ന് പേടിച്ച് റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക മെയ് 2 ന് സമരത്തിന് ഇറങ്ങിയത് ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വിവിധ മേഖലകളിലെ എഴുത്തുകാരെ മാറ്റിസ്ഥാപിക്കാന്‍ നിര്‍മ്മിത ബുദ്ധിയ്ക്ക് സാധിക്കും എന്നതാണ് അവരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

അതേസമയം അഭിനയത്തിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സ്റ്റുഡിയോകളുമായി ധാരണയിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ പണിമുടക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് (എസ്എജി-എഎഫ്ടിആര്‍എ).

നിര്‍മ്മിത ബുദ്ധിയ്ക്ക് അതിന്റേതായ നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും അത് മൂലം ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ആളുകള്‍. എന്നാല്‍ എഐ ഉപയോഗിച്ച് കൊണ്ടുള്ള ഗാനങ്ങള്‍ പരിഗണിക്കുന്നതിലൂടെ സാങ്കേതിക വിദ്യയുടെ പുരോഗമനത്തിനും മാനുഷ്യന്റെ സര്‍ഗാത്മകതയ്ക്കുമുള്ള അംഗീകാരം നല്‍കുക എന്നതാണ് ഗ്രാമി ലക്ഷ്യം വയ്ക്കുന്നത്.

logo
The Fourth
www.thefourthnews.in