സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ്; സൈജു കുറുപ്പിനെ നായകനാക്കി ജയ് മഹേന്ദ്രൻ

സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ്; സൈജു കുറുപ്പിനെ നായകനാക്കി ജയ് മഹേന്ദ്രൻ

തമിഴ്, തെലുങ്ക് പരമ്പരകൾ സ്വന്തമായി നിർമിച്ച ശേഷം, മലയാളത്തിലും വിജയമാവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സോണി ലിവ്
Updated on
1 min read

ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലുമായി ശ്രദ്ധേയമായ ഉള്ളടക്കം കൊണ്ട് കാണികളെ നേടിയ ഒടിടി പ്ലാറ്റ്ഫോമാണ് സോണി ലിവ്. നിരൂപക പ്രശംസ നേടിയ തമിഴ്, തെലുങ്ക് പരമ്പരകൾ സ്വന്തമായി നിർമിച്ച ശേഷം, മലയാളത്തിലും വിജയമാവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സോണി ലിവ്. സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമാവുന്ന ജയ് മഹേന്ദ്രൻ ആണ് മലയാളത്തിൽ സോണി ലിവിൽ നിന്നെത്തുന്ന ആദ്യ ഒറിജിനൽ സീരീസ്.

സോണി ലിവിന്റെ ഇന്ത്യൻ ഉള്ളടക്കത്തിൽ വ്യത്യസ്തതകളും വൈവിധ്യങ്ങളും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ജയ് മഹേന്ദ്രൻ. ഇന്ത്യയ്ക്ക് വേണ്ടി കണ്ടന്റ് ഉണ്ടാക്കുമ്പോൾ, വ്യത്യസ്തരായ നിരവധി കാലകരന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നു എന്ന ഗുണമുണ്ട്. ഓരോ ഭാഷയിലും ചിത്രങ്ങൾ നിർമിക്കുമ്പോൾ വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെയും വീക്ഷണങ്ങളെയും അടുത്തറിയാനുളള അവസരം കൂടിയാണ് ഞങ്ങൾക്ക് കിട്ടുന്നത്

- സൗഗത മുഖർജി, ഹെഡ് ഓഫ് കണ്ടന്റ്, സോണി ലിവ്

രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പരമ്പര ഒരുങ്ങുന്നത്. രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫീസർ മഹേന്ദ്രനാണ് പരമ്പരയുടെ കേന്ദ്ര കഥാപാത്രം. എന്നാൽ ഇതേ രാഷ്ട്രീയക്കളികളുടെ ഇരയായി മഹേന്ദ്രനും മാറുന്നു. അതോടെ അയാൾക്ക് തന്റെ ഓഫീസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കാനും മഹേന്ദ്രൻ വല്ലാതെ കഷ്ടപ്പെടുന്നു. വേണ്ടി വന്നാൽ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാൾ തയ്യാറാകും. ഇതാണ് സീരീസിന്റെ പശ്ചാത്തലം.

പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസിലാക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു പരമ്പരയാണ് ഞങ്ങൾ അണിയിച്ചൊരുക്കുന്നത്

- രാഹുൽ റിജി നായർ, നിർമാതാവ്

ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള രാഹുൽ റിജി നായരാണ് ജയ് മഹേന്ദ്രന്റെ കഥയെഴുതുന്നതും നിർമാണം നിർവഹിക്കുന്നതും. സംവിധാനം ശ്രീകാന്ത് മോഹൻ. സൈജു കുറുപ്പിനൊപ്പം സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. വ്യത്യസ്തമായ ഇതിവൃത്തവും അവതരണ രീതിയുമാണ് അണിയറക്കാർ അവകാശപ്പെടുന്നത്.

logo
The Fourth
www.thefourthnews.in