സൂരി നായകനാകുന്നതിൽ സന്തോഷം വിജയ് സേതുപതിക്ക്; കാരണം പറഞ്ഞ് താരം
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമ'വിടുതലൈ' റിലീസിനൊരുങ്ങുമ്പോൾ വിജയ് സേതുപതിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നതിന്റെ ത്രില്ലിലാണ് നടൻ സൂരി. ഹാസ്യവേഷങ്ങളിൽ തിളങ്ങുന്ന സൂരിയുടെ വ്യത്യസ്തമായ കഥാപാത്രമാകും വിടുതലൈയിലേത്. കരിയറിന്റെ തുടക്കം മുതൽ ഹാസ്യ വേഷങ്ങളിൽ മാത്രം ഒതുങ്ങാതെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്ന് വിജയ് സേതുപതി എപ്പോഴും ഉപദേശിച്ചിരുന്നെന്ന് സൂരി പറയുന്നു . അതുകൊണ്ട് തന്നെ താൻ നായക വേഷത്തിലെത്തുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും സുഹൃത്തായ വിജയ് സേതുപതിയാണെന്നും സൂരി പറയുന്നു . ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൂരിയുടെ പ്രതികരണം .
തന്നിൽ ഒരു സ്വഭാവ നടനുണ്ടെന്ന് വിശ്വാസമുണ്ടായിരുന്നു, എന്നാല്‍ അത് കണ്ടെത്തിയതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകൻ വെട്രിമാരനുള്ളതാണെന്നും സൂരി പറഞ്ഞു. തന്നെ നടനാക്കി മാറ്റിയ വെട്രിമാരനോട് സ്നേഹവും നന്ദിയുമുണ്ടെന്നും സൂരി വ്യക്തമാക്കി
ഹാസ്യനടനില്‍ നിന്ന് സ്വഭാവ നടനായപ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികൾ ചെറുതായിരുന്നില്ല. കഥാപാത്രമായി മാറുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചത് വെട്രിമാരനാണ്. ഡബ്ബ് ചെയ്തപ്പോൾ സ്‌ക്രീനില്‍ കഥാപാത്രത്തെ മാത്രമേ കാണാനായുള്ളൂ. നടക്കുന്ന രീതിമുതല്‍ ശരീരഭാഷയിലും സംഭാഷണ ശൈലിയിലും വരെ മാറ്റങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്. ഒരു നടനെന്ന നിലയില്‍ ഏത് വേഷവും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമാണ് വിടുതലൈ സമ്മാനിച്ചതെന്നും സൂരി കുട്ടിചേര്‍ത്തു.
പിരീഡ് ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം താഴ്ന്ന റാങ്കിലുള്ള കുമരേശൻ എന്ന പോലീസുകാരനിലൂടെയാണ് കഥ പറയുന്നത്.വിജയ് സേതുപതി - സൂരി എന്നിവർക്ക് പുറമെ വിടുതലൈയിൽ വമ്പൻ താരനിര തന്നെയുണ്ട്. ഭവാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും സിനിമയിൽ അണിനിരക്കുന്നുണ്ട്.
നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടുതലൈ. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യഭാഗം മാർച്ച് 31ന് തിയേറ്ററുകളിൽ എത്തും.