പണം നൽകിയാലും വേണ്ടില്ല, ടിക്ക് വേണം; ട്വിറ്റർ ബ്ലൂ ടിക്ക് തിരിച്ചുപിടിച്ച് താരങ്ങൾ
പണമടച്ചാല്‍ ബ്ലൂ ടിക് എന്ന ട്വിറ്ററിന്റെ പുതിയ നയം വന്നതോടെ നിരവധി താരങ്ങൾക്കും പ്രമുഖർക്കുമാണ് ബ്ലൂ ടിക്ക് നഷ്ടമായത്. എന്നാൽ തോറ്റുകൊടുക്കാതെ പണം നൽകി ബ്ലൂ ടിക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ് താരങ്ങൾ. സാമന്ത, വിജയ്, രശ്മിക മന്ദാന, അല്ലു അർജുൻ എന്നീ ദക്ഷിണേന്ത്യൻ താരങ്ങളാണ് പണം നൽകി ബ്ലൂ ടിക്ക് സ്വന്തമാക്കിയത്.
2009ലാണ് ബ്ലൂ ടിക്ക് സംവിധാനം നിലവിൽവന്നത്. എന്നാൽ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ശേഷമാണ് ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സർവീസ് പേയ്‌മെന്റ് എന്ന സംവിധാനം കൊണ്ടുവരുന്നത്. ബ്ലൂ ടിക്ക് സംവിധാനം പണമടച്ചുള്ള സേവനമാക്കി മാറ്റുന്നതാണ് പുതിയ നയം. ഇതനുസരിച്ച് നിരന്തരം ഒരു നിശ്ചിത തുക അടച്ചാൽ മാത്രമേ ബ്ലൂ ടിക്ക് നിലനിർത്താൻ സാധിക്കൂ.
തൃഷ, കമൽഹാസൻ, വിക്രം, ജയം രവി, രജനികാന്ത് എന്നിവരുൾപ്പെടെ നിരവധി താരങ്ങൾക്ക് ഇതോടെ ബ്ലൂ ടിക്ക് നഷ്ടമായി. ബോളിവുഡ് നടൻ ഷാരൂഖ് ഖാനും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും മുതൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പട്ടികയിലുൾപ്പെടുന്നു.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക അക്കൗണ്ടുകൾക്കും ബ്ലൂ ടിക്ക് നഷ്ടമായിരുന്നു.
എന്നാൽ നേരത്തേ ബ്ലൂ ടിക്ക് ഉണ്ടായിരുന്ന ആളുകൾക്ക് നീക്കം ചെയ്ത ബ്ലൂ ടിക്ക് പണമടയ്ക്കാതെ സൗജന്യമായി നൽകാൻ പിന്നീട് മസ്ക് തീരുമാനിച്ചു. തുടർന്ന് ഷാരൂഖ് ഖാന് പണമടയ്ക്കാതെ തന്നെ ബ്ലൂ ടിക്ക് തിരികെ ലഭിച്ചു. മോഹൻലാൽ, മമ്മൂട്ടി, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, മലാല യൂസഫ്‌സായി തുടങ്ങിയവർക്ക് ബ്ലൂ ടിക്ക് തിരികെ ലഭിച്ചെങ്കിലും പണം നൽകിയിട്ടുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല.