കുഡ്മളവും കട്ടിയാവും പിന്നെ വന്ദനമാലയും

കുഡ്മളവും കട്ടിയാവും പിന്നെ വന്ദനമാലയും

ശതാഭിഷിക്തനാകുന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ അപൂർവ പദങ്ങൾ
Updated on
2 min read

ആദ്യ കേൾവിയിൽത്തന്നെ മനസ്സിൽ പ്രണയം നിറച്ച പാട്ട്: "എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്റെ സ്വപ്ന സുഗന്ധമേ..." അടിമുടി പ്രണയമാണ്, ശ്രീകുമാരൻ തമ്പിയുടെ വരികളിൽ; കണ്ണൂർ രാജന്റെ ഈണത്തിൽ, ഗന്ധർവഗായകന്റെ ആലാപനത്തിൽ...

പിന്നെ, കേൾക്കുന്നയാളുടെ മനസ്സിലും. കൗമാരസ്വപ്നങ്ങളിൽ അഭിരമിച്ചിരുന്ന കാലമായിരുന്നല്ലോ അത്.

കുഡ്മളവും കട്ടിയാവും പിന്നെ വന്ദനമാലയും
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച പാട്ട്

പാട്ടിലെ രണ്ടു വാക്കുകൾ എന്നിട്ടും വർഷങ്ങളോളം പിടി തരാതെ നിന്നു: കുഡ്മളവും കന്ദളവും. എങ്കിലും പരിഭവമൊന്നുമുണ്ടായിരുന്നില്ല. "ആർദ്രമാകും രതിസ്വരം നൽകും ആദ്യരോമാഞ്ച കുഡ്മളം, ആളിയാളി പടർന്നു ജീവനിൽ ആ നവപ്രഭാ കന്ദളം..." എന്ന വരിയിലൂടെ യേശുദാസ് ആർദ്രമായി ഒഴുകിപ്പോകുന്നത് കേൾക്കുമ്പോൾ അപൂർവസുന്ദരമായ ഏതൊക്കെയോ അർത്ഥതലങ്ങൾ കൈവരുമല്ലോ നമ്മുടെ സങ്കൽപ്പങ്ങളിൽ ആ വാക്കുകൾക്ക്. ഈണത്തിന്റെ ഇന്ദ്രജാലമാകാം.

യേശുദാസിന്റെ ശബ്ദം കൂടി ചേരുമ്പോഴേ അത് പൂർണമാകൂ. ഏത് കടുകട്ടി വാക്കിനെയും സ്വരമാധുര്യത്തിന്റെ മാന്ത്രികതയാൽ കനം കുറച്ച് പഞ്ഞിപോലെയാക്കി ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിവുള്ള ഗായകൻ. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ "ശ്രാന്തമംബരം നിദാഘോഷ്‌മള സ്വപ്നാക്രാന്തം താന്തമാരബ്ധക്ലേശരോമന്ഥം മമ സ്വാന്തം" പോലുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.

'കട്ടിയാവ്' ഭഗവതിയെ ഉടുപ്പിക്കുന്ന ചുവന്ന പട്ടാണ്. എല്ലാ കേരളീയർക്കും പിടികിട്ടണമെന്നില്ല ആ വാക്കിന്റെ അർഥം. പക്ഷേ ഓണാട്ടുകരക്കാർക്ക് എളുപ്പം മനസ്സിലാകും

വർഷങ്ങൾക്കുശേഷം കുഡ്മളത്തിന്റെയും കന്ദളത്തിന്റെയും അർത്ഥം കവിയിൽനിന്ന് നേരിട്ടു ചോദിച്ചറിയാൻ ഭാഗ്യമുണ്ടായി. കുഡ്മളം എന്നാൽ പൂമൊട്ട്. കന്ദളം എന്നാൽ സമൂഹം അല്ലെങ്കിൽ കൂട്ടം. സിനിമക്കുവേണ്ടിയല്ലാതെ കവിതയായി ശ്രീകുമാരൻ തമ്പി എഴുതിയ വരികളായിരുന്നു അവ. സിനിമയിലെ സന്ദർഭത്തിന് ഇണങ്ങുമെന്നുകണ്ട് ദീർഘമായ ആ കവിതയിൽനിന്ന് ചില വരികൾ മാത്രമെടുത്ത് ഗാനമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. കണ്ണൂർ രാജന്റെ ഈണത്തിൽ അതിനൊരു മനോഹരമായ ഗസലിന്റെ ഭാവചാരുത കൈവന്നു. യേശുദാസ് ആ ഭാവം കൃത്യമായി ആലാപനത്തിൽ ആവിഷ്കരിക്കുകയും ചെയ്തു. "സിനിമക്കുവേണ്ടി എഴുതിയ പാട്ടല്ലാത്തതുകൊണ്ടാണ് ലളിതമല്ലാത്ത ചില പദങ്ങളും കടന്നുവന്നത്. കവിതയിൽ ഏത് വാക്കും പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ."

കുഡ്മളവും കട്ടിയാവും പിന്നെ വന്ദനമാലയും
യോദ്ധയിൽനിന്ന് പുറത്തായിട്ടും ജീവിച്ച പാട്ട്

കുഡ്മളവും കന്ദളവും രണ്ടുദാഹരണങ്ങൾ മാത്രം. ശ്രീകുമാരൻ തമ്പിയുടെ രചനകളിലൂടെ മനസ്സിൽ ഇടംനേടിയ അപൂർവ പദങ്ങൾ അങ്ങനെ എത്രയെത്ര. ഇഷ്ടഗാനങ്ങൾ ഹൃദിസ്ഥമാക്കി മൂളിനടക്കുമ്പോഴും അത്തരം വാക്കുകളും പ്രയോഗങ്ങളും മാത്രം ഒട്ടും പിടിതരാതെ നിന്നിരുന്നു. ദുരൂഹതയുടെ ആവരണമുള്ള പദങ്ങൾ. അജ്ഞത പക്ഷേ പാട്ടിന്റെ ആസ്വാദ്യതയെ തെല്ലും ബാധിച്ചില്ല എന്നത് മറ്റൊരു കാര്യം.

നന്ദി പറയേണ്ടത് ഹൃദയഹാരിയായ ഈണങ്ങൾക്കാണ്. "കട്ടിയാവു ഞൊറിഞ്ഞുടുത്തു കവിളിൽ നാണച്ചോപ്പണിഞ്ഞു" എന്നും "അനുകനാം എൻ കരളിൽ പടർന്നിറങ്ങും" എന്നും "കണ്ണുനീർ കായലിലെ കണ്ണില്ലാ നങ്കകളെ" എന്നുമൊക്കെ കേൾക്കുമ്പോൾ തെല്ലും അപരിചിതത്വം തോന്നാതിരുന്നതും സംഗീതത്തിന്റെ ഈ മായാജാലം കൊണ്ടുതന്നെയാവാം.

കുഡ്മളവും കട്ടിയാവും പിന്നെ വന്ദനമാലയും
തമ്പിയിലെ കാമുകനെ തിരിച്ചറിയുന്ന ജയചന്ദ്രനിലെ കാമുകൻ

"കഥാസന്ദർഭം, അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ സാംസ്‌കാരിക ഭൂമിക, മനോവ്യാപാരങ്ങൾ ഇതൊക്കെ കണക്കിലെടുത്തേ എന്റെ തലമുറയിലെ കവികൾ പാട്ടെഴുതിയിരുന്നുള്ളൂ,'' ശ്രീകുമാരൻ തമ്പി പറയുന്നു. അമ്പലപ്പുഴ വേല കണ്ടു എന്ന പാട്ടിന്റെ (തമ്പി- കെ രാഘവൻ) ചരണത്തിലെ "കട്ടിയാവ്'' ഭഗവതിയെ ഉടുപ്പിക്കുന്ന ചുവന്ന പട്ടാണ്. എല്ലാ കേരളീയർക്കും പിടികിട്ടണമെന്നില്ല ആ വാക്കിന്റെ അർഥം. പക്ഷേ ഓണാട്ടുകരക്കാർക്ക് എളുപ്പം മനസ്സിലാകും. കവിളിൽ നാണത്തിന്റെ ചോപ്പണിഞ്ഞ സന്ധ്യയെ നാം കണ്ടുമുട്ടുന്നു "കാക്കത്തമ്പുരാട്ടി''യിലെ ഈ പാട്ടിൽ.

കുഡ്മളവും കട്ടിയാവും പിന്നെ വന്ദനമാലയും
ഗബ്ബർ സിങ് മുതൽ കൊടുമൺ പോറ്റി വരെ; വിഭ്രമിപ്പിച്ച തീമുകൾ

'ചിത്രമേള'യിലെ നായിക അന്ധയാണ്. അതുകൊണ്ടാണ് തമ്പി "കണ്ണുനീർ കായലിലെ കണ്ണില്ലാ നങ്കകളേ'' എന്നെഴുതിയത്. നങ്ക എന്നാൽ കാഴ്‌ചശക്‌തിയില്ലാത്ത ഒരു തരം മൽസ്യം. അപൂർവമായിട്ടാണെങ്കിലും കടലിലും കായലിലും ഒരു പോലെ കാണപ്പെടുന്ന മീനാണ്. "മനുഷ്യന്റെ നാവിന്റെ ആകൃതിയും നിറവുമാണ് അതിന്. തൃക്കുന്നപ്പുഴ ഭാഗത്ത് ധാരാളമായി കാണാറുണ്ട്,'' കവി പറയുന്നു.

അപൂർവം ഗാനങ്ങളിൽ അനുകൻ എന്ന് പ്രയോഗിച്ചിട്ടുണ്ട് ശ്രീകുമാരൻ തമ്പി. മനോഹരി നിൻ മനോരഥത്തിൽ (ലോട്ടറി ടിക്കറ്റ്) എന്ന പാട്ടിന്റെ ചരണത്തിൽ "അനുരാഗമാധുരി ചൊരിയുമാ സുന്ദരിമാർ അനുകനാം എൻ കരളിൽ പടർന്നിറങ്ങും'' എന്ന് കേൾക്കാം. ആശ്രമപുഷ്പമേ (ആരാധിക) എന്ന ഗാനത്തിൽ "`അനുകനാം എന്നെയും കവിയാക്കി'' എന്നും. പാട്ടുകൾ വേദിയിൽ പാടുമ്പോൾ പലരും അനുകനെ അനുജൻ ആക്കാറുണ്ടെന്ന് തമ്പി. "അനുകൻ എന്നാൽ കാമുകൻ. പകരം അനുജൻ എന്ന് പ്രയോഗിച്ചാൽ ആകെ കുഴഞ്ഞില്ലേ?''

വന്ദനമാല പൂന്തോട്ടത്തിന്റെ കവാടം (ആർച്ച് ഗേറ്റ്) ആണ്. അതറിഞ്ഞാലേ പാട്ട് ശരിക്കും ആസ്വദിക്കാനാകൂ. വല്ല മാലയുമാണതെന്ന് സംശയിച്ചുപോയാൽ തീർന്നു. പാട്ടിന്റെ അർത്ഥം അതിന്റെ വഴിക്കു പോകും.

പിക്‌നിക്കിലെ "വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി'' എന്ന പാട്ടിലെ വന്ദനമാല തൻ നിഴലിൽ നീയൊരു ചന്ദനലത പോൽ നിൽക്കും എന്ന വരിയോർക്കുക. ഇവിടെ വന്ദനമാല പൂന്തോട്ടത്തിന്റെ കവാടം (ആർച്ച് ഗേറ്റ്) ആണ്. അതറിഞ്ഞാലേ പാട്ട് ശരിക്കും ആസ്വദിക്കാനാകൂ. വല്ല മാലയുമാണതെന്ന് സംശയിച്ചുപോയാൽ തീർന്നു. പാട്ടിന്റെ അർത്ഥം അതിന്റെ വഴിക്കു പോകും.

സിനിമയിലും അല്ലാതെയുമായി ആയിരക്കണക്കിന് പാട്ടുകൾ. അതിലേറെയും ഹിറ്റുകൾ. എന്നിട്ടും ആവർത്തന വൈരസ്യത്തിന്റെ കെണിയിൽ വീണില്ല എന്നതാണ് സമകാലീനരായ പല പാട്ടെഴുത്തുകാരിൽ നിന്നും തമ്പിയെ വേറിട്ടു നിർത്തിയത്. സമാനമായ കഥാസന്ദർഭങ്ങൾക്ക് വേണ്ടി പോലും വ്യത്യസ്ത ഭാവതലങ്ങളുള്ള പാട്ടുകളൊരുക്കി അദ്ദേഹം. സിനിമയിലെ സിറ്റുവേഷനുകൾക്ക് അപ്പുറത്തേക്ക് വളർന്ന് അനശ്വരതയാർജ്ജിച്ച പാട്ടുകൾ.

logo
The Fourth
www.thefourthnews.in