2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ബുധനാഴ്ച
2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് 154 ചിത്രങ്ങളിൽ നിന്ന് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആദ്യം പ്രാഥമിക ജൂറി കണ്ട് വിലയിരുത്തി രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 42 ചിത്രങ്ങളില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.
എഴുത്തുകാരായ വി ജെ ജെയിംസ്, ഡോ. കെ എം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ്, നിര്‍മാതാവ് ബി രാകേഷ്, സംവിധായകന്‍ സജാസ് റഹ്‌മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.
എന്നാ താന്‍ കേസ് കൊട്, ഭീഷ്മപര്‍വം, റോഷാക്ക്, ജനഗണമന, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ തമ്മിലാണ് മത്സരം. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നന്‍പകല്‍ നേരത്ത് മയക്കം അവസാന റൗണ്ടില്‍ എത്തിയതായാണ് സൂചന. കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരാണ് നടന്മാരുടെ പട്ടികയില്‍ മത്സരത്തിലുള്ളതെന്നാണ് സൂചന. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തില്‍ ലിജോ ജോസ് പെല്ലിശേരിയും അറിയിപ്പ് സിനിമ സംവിധായകന്‍ മഹേഷ് നാരായണനും തമ്മിലാണ് മത്സരം.