ചരിത്രത്തിന്റെ ഭാഗമായ ഒരു സുവര്‍ണനിമിഷത്തിന്റെ ക്ലിക്ക്; അറിയുമോ ആ അപൂര്‍വ ചിത്രത്തിന്റെ കഥ?

ചരിത്രത്തിന്റെ ഭാഗമായ ഒരു സുവര്‍ണനിമിഷത്തിന്റെ ക്ലിക്ക്; അറിയുമോ ആ അപൂര്‍വ ചിത്രത്തിന്റെ കഥ?

കാതോര്‍ത്തുനോക്കൂ; പോയിമറഞ്ഞ ഒരു കോഴിക്കോടന്‍ പാട്ടുകാലത്തിന്റെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കാം ഈ ചിത്രത്തില്‍
Updated on
3 min read

കോഴിക്കോട് ടൗണ്‍ഹാളിലെ വേദിയില്‍ ചമ്രം പടിഞ്ഞിരുന്ന് പാട്ടില്‍ അലിഞ്ഞൊഴുകുന്നത് യുവാവായ കെ ജെ യേശുദാസ്. തൊട്ടടുത്തിരുന്ന് ഹാര്‍മോണിയത്തില്‍ ശ്രുതി മീട്ടുന്നത് മെലഡിയുടെ രാജകുമാരനായ ബാബുരാജ്. പിന്നില്‍ സി എം വാടിയിലും (വയലിന്‍), ആര്‍ച്ചീ ഹട്ടണും (ഗിറ്റാര്‍), കോഴിക്കോട് അബൂബക്കറും (ബോംഗോസ്). പാട്ടേതെന്ന് പറയേണ്ടതില്ല: 'കറുത്ത കൈ'യിലെ ആ പ്രശസ്തമായ ഖവാലി തന്നെ. 'പഞ്ചവര്‍ണ തത്ത പോലെ കൊഞ്ചിവന്ന പെണ്ണേ...' യേശുദാസിനൊപ്പം ആ ഗാനം അന്ന് വേദിയില്‍ പാടിയത് ബാബുരാജ് തന്നെ.

അന്‍പത്തെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും സുരയ്യയുടെ ഓര്‍മകളില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നു ആ സംഗീതസന്ധ്യ. ''ടൗണ്‍ഹാളിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ ഇരട്ടിയോളം ആളുകളാണ് അന്ന് പരിപാടി കാണാനെത്തിയത്. മാനാഞ്ചിറയോളം നീണ്ട പുരുഷാരം. അവര്‍ക്കുവേണ്ടി മതിമറന്നു പാടി ദാസേട്ടന്‍; പെട്ടിയില്‍ വീണുകിടന്നു വായിച്ചു ബാബുക്ക. എന്റെ ജീവിതത്തില്‍ അതുപോലൊരു പരിപാടി അതിനു മുന്‍പോ പിന്‍പോ കണ്ടിട്ടില്ല. കാതുകളില്‍ ഇന്നും മുഴങ്ങുന്നു അന്നത്തെ വാഹ് വാഹ് വിളികളും കരഘോഷവും...''

കോഴിക്കോട് ടൗണ്‍ഹാളില്‍ കെ ജെ യേശുദാസും ബാബുരാജും ചേര്‍ന്ന് അവതരിപ്പിച്ച സംഗീതപരിപാടി
കോഴിക്കോട് ടൗണ്‍ഹാളില്‍ കെ ജെ യേശുദാസും ബാബുരാജും ചേര്‍ന്ന് അവതരിപ്പിച്ച സംഗീതപരിപാടി
ചരിത്രത്തിന്റെ ഭാഗമായ ഒരു സുവര്‍ണനിമിഷത്തിന്റെ ക്ലിക്ക്; അറിയുമോ ആ അപൂര്‍വ ചിത്രത്തിന്റെ കഥ?
പ്രായമാവാത്ത 'പഞ്ചാരപ്പനങ്കിളി'

എങ്ങനെ മറക്കാനാകും കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ മകള്‍ക്ക് ആ അനര്‍ഘ നിമിഷങ്ങള്‍? മാസങ്ങള്‍ മാത്രം അകലെത്തിനില്‍ക്കുന്ന സ്വന്തം വിവാഹത്തിന്റെ 'കര്‍ട്ടന്‍ റെയ്സര്‍' കൂടിയായിരുന്നല്ലോ വാസു പ്രദീപും ബാബുരാജൂം മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ആ പരിപാടി. സുരയ്യയുടെയും മോളിയുടെയും നജ്മല്‍ ബാബുവിന്റെയും സീനത്തിന്റെയും നസീമയുടെയും നാസറിന്റെയും 'ഡാഡ'യായ ഖാദര്‍ക്കക്കുവേണ്ടി സുഹൃത്തുക്കളും ആരാധകരും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന്. പാട്ടുകാരും വാദ്യകലാകാരന്മാരും പ്രതിഫലം വാങ്ങാതെയാണ് ആ പരിപാടിയുടെ ഭാഗമായതെന്ന് ഓര്‍ക്കുന്നു അന്ന് പതിനാറ് വയസുണ്ടായിരുന്ന ഇന്നത്തെ എഴുപത്തിമൂന്നുകാരി.

മറ്റൊരു ചരിത്രപരമായ സവിശേഷത കൂടിയുണ്ട് ആ സംഗീതസന്ധ്യയ്ക്ക്. യേശുദാസിന്റെ ആദ്യത്തെ കോഴിക്കോടന്‍ പരിപാടിയായിരുന്നു അത്. മലയാളസിനിമയില്‍ ഗന്ധര്‍വ സ്വരഗംഗ ഒഴുകിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 'താമസമെന്തേ വരുവാന്‍', വെള്ളിച്ചിലങ്കയണിഞ്ഞുംകൊണ്ടൊരു പെണ്ണ്' തുടങ്ങിയ പാട്ടുകളൊക്കെ ജനങ്ങള്‍ ഹൃദയപൂര്‍വം ഏറ്റുപാടിക്കൊണ്ടിരുന്ന കാലം. ആ പാട്ടുകള്‍ നേരിട്ട് അദ്ദേഹം പാടിക്കേട്ടപ്പോള്‍ കോരിത്തരിച്ചുപോയി. ഡാഡയും എ ടി ഉമ്മറും പാലയാട് യശോദയും ഒക്കെയുണ്ടായിരുന്നു പാട്ടുകാരായി. 'എന്തിനു കവിളില്‍ ബാഷ്പധാര' എന്ന മിന്നാമിനുങ്ങിലെ പാട്ട് വികാരഭരിതമായി ഡാഡ പാടിയപ്പോള്‍ സദസ്സില്‍ പടര്‍ന്ന നിശബ്ദത ഇന്നുമുണ്ട് കാതുകളില്‍. കവിയും ഗാനരചയിതാവുമായ പി എം കാസിമിന്റെ (കണ്ടു രണ്ട് കണ്ണ് എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ്) മകന്‍ പി എം എ സമദാണ് സുരയ്യയുടെ ഭര്‍ത്താവ്. അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്ന സമദ് 2006 ല്‍ ഓര്‍മയായി.

ചരിത്രത്തിന്റെ ഭാഗമായ ഒരു സുവര്‍ണനിമിഷത്തിന്റെ ക്ലിക്ക്; അറിയുമോ ആ അപൂര്‍വ ചിത്രത്തിന്റെ കഥ?
ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി, ത്രിശൂലമില്ലാത്ത ഭദ്രകാളി; പാരയായി മാറിയ പാട്ട്
സുരയ്യയും സമദും
സുരയ്യയും സമദും

''ജീവിതം മുഴുവന്‍ സംഗീതത്തിന് സമര്‍പ്പിച്ചവരുടെ കാലമായിരുന്നു അത്,'' ബാബുരാജിനൊപ്പം എണ്ണമറ്റ വേദികള്‍ പങ്കിട്ടിട്ടുള്ള വയലിന്‍ വാദകന്‍ സി എം വാടിയിലിന്റെ ഓര്‍മ. പ്രായത്തെ വെല്ലുന്ന ഉത്സാഹവുമായി കോഴിക്കോടിന്റെ സംഗീതഭൂമികയില്‍ സജീവമാണ് നവതിയോടടുക്കുന്ന സി എം. ''ആ കാലത്തിന്റെ പ്രതിനിധികള്‍ ഓരോരുത്തരായി മറഞ്ഞുകഴിഞ്ഞു. പലരേയും ആരും ഓര്‍ക്കുന്നുപോലുമില്ല. തലമുറകള്‍ മാറിവരികയല്ലേ?''

ഒരു നിമിഷം നിര്‍ത്തി സി എം കൂട്ടിച്ചേര്‍ക്കുന്നു; ആത്മഗതമെന്നോണം: ''ആര് മറന്നാലും എനിക്ക് അവരെയൊന്നും മറക്കാനാവില്ല. ബാബുക്കയെ ഓര്‍ക്കാത്ത, അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തില്‍...'' ബാബുരാജ് മാത്രമല്ല, അബ്ദുള്‍ഖാദര്‍, സി എ അബൂബക്കര്‍, നജ്മല്‍ ബാബു, വാസു പ്രദീപ്, എ കെ സുകുമാരന്‍, കെ ആര്‍ ബാലകൃഷ്ണന്‍, കെ ആര്‍ വേണു, വയലിന്‍ സുകുമാരന്‍, തബല ഉസ്മാന്‍, ആര്‍ച്ചി ഹട്ടന്‍ തുടങ്ങി കോഴിക്കോടന്‍ സംഗീതവേദികളെ ദീപ്തമാക്കിയവരെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗം. 2021 മാര്‍ച്ച് 20 നായിരുന്നു എണ്‍പത്തേഴാം വയസ്സില്‍ ആര്‍ച്ചീ ഹട്ടന്റെ വിയോഗം. പില്‍ക്കാലത്ത് സംഗീതസംവിധായകനായി പേരെടുത്ത അബൂബക്കര്‍ ഇപ്പോഴും കോഴിക്കോട്ടുണ്ട്. തരംഗിണി പുറത്തിറക്കിയ ജന്നത്തുല്‍ ഫിര്‍ദൗസ് ഉള്‍പ്പെടെ നിരവധി ഹിറ്റ് ആല്‍ബങ്ങളുണ്ട് അബൂബക്കറുടെ ക്രെഡിറ്റില്‍.

ചരിത്രത്തിന്റെ ഭാഗമായ ഒരു സുവര്‍ണനിമിഷത്തിന്റെ ക്ലിക്ക്; അറിയുമോ ആ അപൂര്‍വ ചിത്രത്തിന്റെ കഥ?
മറക്കാനാവാത്ത ഒരു ചിരിയുടെ ഓര്‍മകൂടിയാണ് 'നാഥാ നീ വരും'
കോഴിക്കോട് അബ്ദുള്‍ഖാദറും കുടുംബവും
കോഴിക്കോട് അബ്ദുള്‍ഖാദറും കുടുംബവും

അപൂര്‍വമായ ഈ ഫോട്ടോയ്ക്ക് പിന്നിലുമുണ്ട് ഒരു കഥ. 1980 കളില്‍ ബാബുരാജിനെക്കുറിച്ചെഴുതിയ ലേഖനത്തിനൊപ്പം കൊടുക്കാന്‍ വേണ്ടി, കോഴിക്കോട്ട് മൊയ്തീന്‍പള്ളി റോഡിലെ ദര്‍ശന്‍ സ്റ്റുഡിയോ ഉടമ വിനോദില്‍നിന്ന് സംഘടിപ്പിച്ച പടമാണിത്. കയ്യിലുണ്ടായിരുന്ന മങ്ങിത്തുടങ്ങിയ പടം ചില്ലറ മിനുക്കുപണികളോടെ 'പുതുക്കി'യ ശേഷം എനിക്ക് സമ്മാനിക്കുന്നു വിനോദ്. ''അത്യപൂര്‍വമായ പടമാണ്. പലരും ആവശ്യപ്പെട്ടിട്ടും കൊടുത്തിട്ടില്ല. സൂക്ഷിച്ചുവേണം ഉപയോഗിക്കാന്‍.'' പടം കയ്യിലേല്‍പ്പിക്കുമ്പോള്‍ വിനോദ് പറഞ്ഞു. സി എം വാടിയിലിന്റെ ശേഖരത്തില്‍നിന്ന് കിട്ടിയതായിരുന്നു വിനോദിന് ആ ചിത്രം.

ഇന്റര്‍നെറ്റ് വ്യാപകമായതോടെ പടം 'കൈവിട്ടു'പോയെങ്കിലും അതില്‍ സ്പന്ദിക്കുന്ന കാലത്തിന് നിത്യയൗവനം; ആ കാലത്തുനിന്ന് കാതിലേക്കൊഴുകുന്ന പാട്ടുകള്‍ക്കും.

logo
The Fourth
www.thefourthnews.in