പാട്ടുകളുടെ ഖുത്ബ് മിനാര്‍

പാട്ടുകളുടെ ഖുത്ബ് മിനാര്‍

ദേവാനന്ദിന്റെ ജന്മശതാബ്ദി ദിവസത്തില്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനരംഗത്തിന്റെ ഓര്‍മയില്‍
Updated on
3 min read

ഇരുളടഞ്ഞ ഇടനാഴികള്‍, പഴമയുടെ ഗന്ധമുള്ള ഇഷ്ടികച്ചുമരുകള്‍, തണുത്തുറഞ്ഞ കല്‍പ്പടവുകള്‍, ആകാശത്തേക്ക് മിഴി തുറക്കുന്ന കിളിവാതിലുകള്‍...

എന്തൊക്കെ രഹസ്യങ്ങളാകും 800 വര്‍ഷം പഴക്കമുള്ള ഈ മിനാരം അതിന്റെ നെഞ്ചകത്ത് ഒളിച്ചുവെച്ചിട്ടുണ്ടാകുക? അറിയില്ല. എങ്ങനെ അറിയാന്‍? 1981 ല്‍ തിക്കിലും തിരക്കിലും പെട്ട് പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ 47 പേര്‍ കൊല്ലപ്പെട്ടശേഷം ഖുത്ബ് മിനാര്‍ അതിന്റെ വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടില്ലല്ലോ. ഇനി തുറക്കാനും വഴിയില്ല...

പാട്ടുകളുടെ ഖുത്ബ് മിനാര്‍
അനശ്വരഗാനങ്ങൾ നാം കേട്ടത് ജോർജ് ചിത്രങ്ങളിൽ

നൂറ്റാണ്ടുകളുടെ ചരിത്രം വീണുമയങ്ങുന്ന ആ മണ്ണില്‍ചെന്ന് നിന്നപ്പോള്‍ ഓര്‍മവന്നത് രണ്ടു പേരെയാണ്-ദേവാനന്ദിനേയും നൂതനേയും. ആറ് പതിറ്റാണ്ടോളം മുന്‍പ് 'ദില്‍ കാ ഭംവര്‍ കരേ പുകാര്‍ പ്യാര്‍ കാ രാഗ് സുനോ, പ്യാര്‍ കാ രാഗ് സുനോരേ..' എന്ന അനശ്വര ഗാനത്തിന്റെ ഈരടികള്‍ മൂളി ഈ പരിസരത്തുകൂടി പ്രണയിച്ചുനടന്നവരല്ലേ അവര്‍? ആദ്യമായും, ഒരു പക്ഷേ അവസാനമായും ഖുത്ബ് മിനാറിന്റെ നിഗൂഢമായ അകത്തളഭംഗിയുടെ ചെറിയൊരു അംശമെങ്കിലും സാധാരണക്കാരന് കാണിച്ചുതന്ന ഗാനരംഗം.

'തെരെ ഘര്‍ കെ സാംനെ' 1963) എന്ന ചിത്രത്തില്‍ മുഹമ്മദ് റഫി പാടിയ ആ നിത്യഹരിത പ്രണയ ഗാനം പൂര്‍ണമായും ചിത്രീകരിച്ചത് ഖുത്ബ് മിനാറിലല്ല; മുംബൈയിലെ സ്റ്റുഡിയോയില്‍ സെറ്റിട്ടാണ്

'തെരെ ഘര്‍ കെ സാംനെ' (1963) എന്ന ചിത്രത്തില്‍ മുഹമ്മദ് റഫി പാടിയ ആ നിത്യഹരിത പ്രണയ ഗാനം പൂര്‍ണമായും ചിത്രീകരിച്ചത് ഖുത്ബ് മിനാറിലല്ല; മുംബൈയിലെ സ്റ്റുഡിയോയില്‍ സെറ്റിട്ടാണ്. ആ കഥ ഒരിക്കല്‍ ദേവാനന്ദ് വിവരിച്ചതിങ്ങനെ: ''സംവിധായകന്‍ ഗോള്‍ഡി (വിജയ് ആനന്ദ്)യ്ക്ക് ആ രംഗം സ്റ്റുഡിയോയില്‍ ചിത്രീകരിക്കാനായിരുന്നു മോഹം. എന്റെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് കുറച്ചുഭാഗം ഖുത്ബ് മിനാറില്‍ ഷൂട്ട് ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചത്. ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ ചിത്രീകരണത്തിനുള്ള അനുമതി സമ്പാദിച്ചപ്പോള്‍ ഒരു പ്രശ്‌നം. വലിയ മൂവി ക്യാമറയും ലൈറ്റുകളും ഒന്നും അകത്തുകയറ്റാന്‍ പറ്റുന്നില്ല. അകത്തെ ഇടനാഴികള്‍ അത്രയും ഇടുങ്ങിയതായതുകൊണ്ടാണ്. മാത്രമല്ല, കുത്തനെയുള്ള പടവുകളെ പേടിയാണ് നൂതന്. എങ്കിലും സിനിമയിലെ ചില രംഗങ്ങള്‍ ഞങ്ങള്‍ അകത്തുതന്നെ ഷൂട്ട് ചെയ്തു.

പാട്ടുകളുടെ ഖുത്ബ് മിനാര്‍
മമ്മൂട്ടിയുടെ ആദ്യഗാനം ജോർജ് ചിത്രത്തിൽ

ഖുത്ബ് മിനാറിന്റെ മുകള്‍ത്തട്ടിലെ കിളിവാതിലുകളിലൂടെ കാണുന്ന പരിസരദൃശ്യങ്ങള്‍ ഉദാഹരണം. ഇനിയൊരിക്കലും ആ ആംഗിളില്‍നിന്ന് നമുക്ക് ഡല്‍ഹി കാണാന്‍ പറ്റില്ലല്ലോ...'' പാട്ടിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചത് മുംബൈയിലെ ഫിലിമിസ്ഥാന്‍ സ്റ്റുഡിയോയിലാണ്. കലാസംവിധായകന്‍ ബീരേന്‍ നാഗിന് നന്ദി. യഥാര്‍ത്ഥ ഖുത്ബ് മിനാറിന്റെ രൂപഭാവങ്ങള്‍ (പ്രശസ്തമായ ആ കല്‍പ്പടവുകള്‍ അടക്കം) അതേപടി പുനഃസൃഷ്ടിച്ചതിന്.

ഖുത്ബ് മിനാര്‍ എന്നാല്‍ ഇന്നും ഇന്ത്യക്കാര്‍ക്ക് ഹസ്രത് ജയ്പുരി -എസ് ഡി ബര്‍മന്‍, റഫി കൂട്ടുകെട്ടിന്റെ ആ മനോഹരഗാനം തന്നെ

എങ്കിലും ഖുത്ബ് മിനാര്‍ എന്നാല്‍ ഇന്നും ഇന്ത്യക്കാര്‍ക്ക് ഹസ്രത് ജയ്പുരി -എസ് ഡി ബര്‍മന്‍, റഫി കൂട്ടുകെട്ടിന്റെ ആ മനോഹരഗാനം തന്നെ. ഖുത്ബിന്റെ 'പ്രണയാര്‍ദ്രമായ' ഇടനാഴികള്‍ മനസ്സില്‍ കണ്ട് ഹസ്രത് ജയ്പുരി എഴുതിയ വരികള്‍ ഓര്‍മയില്ലേ? ''ഇസ് ഹസീന്‍ പാര്‍ പേ ഹം ന ബൈട്ടേ ഹാര്‍ കേ, സായാ ബന്‍കേ സാഥ് ഹം ചലേ, ആജ് മേരെ സംഗ് തൂ ഗൂഞ്ജ് ദില്‍ കി ആര്‍സൂ, തുജ് സേ മേരി ആംഖ് ജബ് മിലെ, ജാനേ ക്യാ കര്‍ ദിയാ രേ, പ്യാര്‍ കാ രാഗ് സുനോരെ.....''

ഈ സുന്ദരമായ പാതയില്‍ പരാജിതനെപ്പോലെ വെറുതെയിരിക്കില്ല ഞാന്‍, പകരം നിന്നെ നിഴല്‍ പോലെ പിന്തുടരും; ഇന്ന് എനിക്കൊപ്പമുണ്ട് നീ, എന്റെ മോഹങ്ങളുടെ പ്രതിധ്വനിയെന്നോണം; ആദ്യമായി നമ്മുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞപ്പോള്‍ എന്തായിരിക്കും എനിക്ക് സംഭവിച്ചിരിക്കുക? ഇതാ ഈ പ്രേമഗീതം ഒന്ന് കേട്ടുനോക്കൂ...'' (തര്‍ജമയിലെ പോരായ്മകള്‍ക്ക് മുന്‍കൂര്‍ ക്ഷമാപണം)

പാട്ടുകളുടെ ഖുത്ബ് മിനാര്‍
സുജാതയേയും ചിത്രയേയും മലയാളത്തിന് സമ്മാനിച്ച മധു

അഭിനയിച്ച ദേവാനന്ദും നൂതനും മാത്രമല്ല, പാട്ടെഴുതിയ ഹസ്രത് ജയ്പുരിയും ഈണമിട്ട എസ് ഡി ബര്‍മനും പാടിയ റഫിയും ചിത്രീകരിച്ച വിജയ് ആനന്ദും ഒക്കെ ഇന്ന് ഓര്‍മ. എങ്കിലും ഈ നിത്യവിസ്മയ മിനാരത്തിന്റെ കവാടത്തില്‍ വെറുതെ നില്‍ക്കുമ്പോള്‍, ആ മഹാപ്രതിഭകളെല്ലാം ചുറ്റും ജീവനോടെ വന്നുനില്‍ക്കും പോലെ. ദേവാനന്ദ് നെറ്റിയിലേക്ക് വാര്‍ന്നുകിടക്കുന്ന മുടിക്ക് മുകളില്‍ തൊപ്പി ഒതുക്കിവയ്ക്കുന്നു; നൂതന്‍ ലജ്ജാവിവശയായി പുഞ്ചിരിക്കുന്നു; റഫി ഹൃദയംതുറന്ന് പാടുന്നു...ആറു പതിറ്റാണ്ടുകള്‍ തൂവലുകളായി ചുറ്റും കൊഴിഞ്ഞുവീണപോലെ.

വെള്ളിത്തിരയില്‍ ദേവാനന്ദ് അനശ്വരമാക്കിയ ഗാനരംഗങ്ങള്‍ നൂറുകണക്കിന് വേറെയുമുണ്ട്: അഭീ നാ ജാവോ, മേ സിന്ദഗി കാ സാഥ് നിഭാതാ ചലാ ഗയാ, കഭി ഖുദ് പേ (ഹം ദോനോ), ഖൊയാ ഖൊയാ ചാന്ദ് (കാലാ ബാസാര്‍), ദിന്‍ ഡല്‍ ജായേ, തെരെ മേരെ സപ്‌നേ, ഗാത്താ രഹേ മേരാ ദില്‍ (ഗൈഡ്), യെ ദില്‍ നാ ഹോതാ ബേചാരാ (ജ്യൂവല്‍ തീഫ്), കാഞ്ചീരെ കാഞ്ചീരെ, ഫൂലോം കാ താരോം കാ (ഹരേ രാമ ഹരേ കൃഷ്ണ), ഹേ അപ്നാ ദില്‍ (സോള്‍വാ സാല്‍), ആംഖോം ഹി ആംഖോം മേ (സി ഐ ഡി), നാ തും ഹമേ ജാനോ (ബാത്ത് ഏക് രാത് കി), യേ രാത് യേ ചാന്ദ്‌നി ഫിര്‍ കഹാം (ജാല്‍), ഹം ബേഖുദി മേ (കാലാ പാനി), ഫൂലോം കെ രംഗ് സെ (പ്രേംപൂജാരി), അന്ധേ ജഹാം കെ (പതിത), മാനാ ജനാബ് നെ (പേയിങ് ഗസ്റ്റ്)..... റഫിയും കിഷോറും ഹേമന്ത് കുമാറും തലത്ത് മഹ്‌മൂദുമൊക്കെ ശബ്ദം പകര്‍ന്ന് അനശ്വരമാക്കിയ ഗാനങ്ങള്‍. എങ്കിലും 'തെരെ ഘര്‍ കെ സാംനെ'യിലെ ഈ പാട്ടിന്റെ സൗന്ദര്യം ഒന്നുവേറെ.

പാട്ടുകളുടെ ഖുത്ബ് മിനാര്‍
"ജൂംക ഗീരാരെ ബറേലി കെ ബാസാർ മേ..." ആശയുടെ ജിമിക്കിക്കമ്മൽ ഇവിടെയുണ്ട്

എന്റെ മൊബൈല്‍ സ്‌ക്രീനില്‍ ദേവാനന്ദ് വീണ്ടും നൂതന്റെ കാതില്‍ മന്ത്രിക്കുന്നു: ''ദില്‍ കാ ഭംവര്‍ കരേ പുകാര്‍ പ്യാര്‍ കാ രാഗ് സുനോ പ്യാര്‍ കാ രാഗ് സുനോരേ...'' ഹൃദയമാകുന്ന മധുശലഭം വീണ്ടും വീണ്ടും കാമുകിയെ വിളിക്കുകയാണ്; പ്രണയത്തിന്റെ മധുരഗീതം നുകരാന്‍, ആസ്വദിക്കാന്‍...

logo
The Fourth
www.thefourthnews.in