എമ്മിയില്‍ സ്റ്റാറായി 'സക്‌സെഷന്‍'; എച്ബിഓ സീരീസ് സ്വന്തമാക്കിയത് 27 നോമിനേഷനുകള്‍
അമേരിക്കന്‍ ടെലിവിഷന്‍ പുരസ്‌കാരമായ എമ്മിയില്‍ തിളങ്ങി 'സക്‌സെഷന്‍'. എച്ബിഓ സീരീസ്. 27 നോമിനേഷനുകളാണ് സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യത്തിന്റെ ഉടമസ്ഥരുടെ കഥയാണ് സീരീസ് പറയുന്നത്. അതിന്റെ നിയന്ത്രണം കൈക്കലാക്കുന്നതിന് വേണ്ടി കുടുബാംഗങ്ങള്‍ തമ്മിൽ നടത്തുന്ന പോരാട്ടമാണ് സീരീസിൻ്റെ ഇതിവൃത്തം.
ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ സീരീസാണ് സക്‌സെഷന്‍. മികച്ച അന്താരാഷ്ട്ര പ്രോഗ്രാമിനുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷന്‍ അവാര്‍ഡ്, മികച്ച ടെലിവിഷന്‍ സീരീസിനുള്ള ഗോള്‍ഡന്‍ ഗ്ലോബ്, 2020ലും 2022ലും മികച്ച ഡ്രാമ സീരീസിനുള്ള പ്രൈംടൈം എമ്മി എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകളും നാമനിര്‍ദ്ദേശങ്ങളും സക്‌സെഷന് ലഭിച്ചിട്ടുണ്ട്.
മികച്ച ഡ്രാമ സീരീസ് വിഭാഗത്തില്‍ സക്‌സെഷനോട് ഏറ്റുമുട്ടാന്‍ 24 നോമിനേഷനുകളുമായി തൊട്ട് പിന്നാലെ എച്ബിഓ സീരീസായ 'ദി ലാസ്റ്റ് ഓഫ് അസ്സും' മത്സരത്തിനുണ്ട്. എച്ബിഓ സിരീസുകളായ 'ഹൗസ് ഓഫ് ദി ഡ്രാഗണ്‍', 'ദി വൈറ്റ് ലോട്ടസ്', സ്റ്റാര്‍ വാര്‍ സീരീസായ 'ആന്‍ഡോര്‍' എന്നിവയാണ് നോമിനേഷൻ ലഭിച്ച മറ്റ് സീരിസുകൾ. 'ബെറ്റര്‍ കോള്‍ സോള്', 'യെല്ലോജാക്കറ്റ്‌സ്', 'ദി ക്രൗണ്‍' തുടങ്ങിയവയും മത്സരരംഗത്തുണ്ട്.
നിരവധി എമ്മി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ആപ്പിള്‍ ടിവി സീരീസ് 'ടെഡ് ലാസോ' മികച്ച കോമഡി വിഭാഗത്തില്‍ മത്സരിക്കും. 'അബോട്ട് എലിമെന്ററി, ദി മാര്‍വെല്ലസ് മിസ്സിസ് മൈസല്‍, ദി ബിയര്‍, ബാരി, ജൂറി ഡ്യൂട്ടി, ഓണ്‍ലി മര്‍ഡേഴ്‌സ് ഇന്‍ ദി ബില്‍ഡിംഗ്. വെന്‍സ്‌ഡേ തുടങ്ങിയ മറ്റ് സീരീസുകളും കോമഡി വിഭാഗത്തില്‍ മത്സരത്തിനുണ്ട്.
സക്‌സെഷനിലെ ലോഗന്‍ റോയ് എന്ന കഥാപാത്രത്തിന്റെ അവതരണത്തിന് ബ്രയാന്‍ കോക്‌സ, ജെറമി സ്‌ട്രോംഗ്, കിരണ്‍ കുല്‍കിന്‍ എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. സാറാ സ്‌നൂക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്
അതേസമയം, സീരീസിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ കോണര്‍ റോയിയെ അവതരിപ്പിച്ചതിന് അമേരിക്കന്‍ താരം അലന്‍ റക്ക് മികച്ച സഹനടനുള്ള നോമിനേഷന് അർഹനായി.