IFFK 2023 |സുഡാനിയൻ സിനിമ 'ഗുഡ്ബൈ ജൂലിയ' ഉദ്‌ഘാടന ചിത്രം
28ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കുക സുഡാനിയൻ സിനിമ ഗുഡ്ബൈ ജൂലിയ. നാവാഗത ചലച്ചിത്രകാരൻ മുഹമ്മദ് കൊർദോഫാനിയുടെ ചിത്രമാണ് ഗുഡ്ബൈ ജൂലിയ. ഡിസംബർ എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ ആയിരിക്കും ചിത്രത്തിന്റെ പ്രദർശനം.
സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഗുഡ്ബൈ ജൂലിയ. 2011 ലെ സുഡാൻ വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിർമിക്കപ്പെട്ടതാണ് ഈ ചിത്രം. വടക്കൻ , തെക്കൻ സുഡാനീസ് കമ്മ്യൂണിറ്റികൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെയും വ്യത്യാസങ്ങളെയും പ്രതിനിധീകരിക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ഗുഡ്ബൈ ജൂലിയ പറയുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാർന്ന പ്രവിശ്യകളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ, അവരുടെ ജീവിതങ്ങൾ എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു.
തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊർദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയിൽ മനുഷ്യർ നേരിടുന്ന പല പ്രശ്നങ്ങളെയും തിരശീലയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാൻ ചലച്ചിത്ര മേളയിൽ ഫ്രീഡം അവാർഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമായിരുന്നു.
സുഡാനീസ് ചലച്ചിത്ര നിർമ്മാതാവ് മുഹമ്മദ് കോർഡോഫാനി ഏവിയേഷൻ എഞ്ചിനീയറായി വർഷങ്ങളോളം സേവനമനുഷ്ഠിച്ചയാളാണ്. ഇപ്പോൾ ബഹ്‌റൈനിൽ ആണ് താമസം. 2015-ലെ ആദ്യ ഷോർട്ട് ഫിലിമായ ഗോൺ ഫോർ ഗോൾഡിന്, കലയ്ക്കുള്ള സുഡാനീസ് തഹർഖ ഇന്റർനാഷണൽ ഓടെ അദ്ദേഹം ഏറെ പ്രശസ്തി നേടിയിരുന്നു.
അദ്ദേഹത്തിന്റെ രണ്ടാമത്തെ ഹ്രസ്വചിത്രമായ നൈർകുക്ക് (2016), കാർത്തേജ് ഫിലിം ഫെസ്റ്റിവലിലെ നെറ്റ്‌വർക്ക് ഓഫ് ആൾട്ടർനേറ്റീവ് അറബ് സ്‌ക്രീൻസ് (NAAS) അവാർഡ് , ഓറാൻ ഇന്റർനാഷണൽ അറബിക് ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ് , സുഡാൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ ബ്ലാക്ക് എലിഫന്റ് അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.