ബിടിഎസ് താരം സുഗ സൈനിക സേവനത്തിന്; തീയതി പുറത്തുവിട്ട് ബിഗ് ഹിറ്റ് മ്യൂസിക്
പ്രമുഖ കൊറിയൻ പോപ്പ് ബാൻഡായ ബിടിഎസിലെ മറ്റൊരംഗം കൂടി സൈനിക സേവനത്തിന്. മിൻ യൂങ്കി എന്ന സുഗയാണ് അടുത്താഴ്ച നിർബന്ധിത സൈനിക സേവനത്തിനായി പോകുന്നത്. ബിടിഎസ് താരം സുഗ ഈ മാസം 22ന് ഔദ്യോഗികമായി സൈനിക സേവനത്തിന് പോകുമെന്ന് ബിടിഎസ് മാനേജ്മെന്റ് ബിഗ് ഹിറ്റ് എന്റർടൈൻമെന്റ് സ്ഥിരീകരിച്ചു. സംഘത്തിലെ മറ്റ് അംഗങ്ങളായ ജിന്നും ജെ ഹോപ്പും നിലവിൽ സൈനിക സേവനം അനുഷ്ഠിക്കുന്നുണ്ട്. അതിനാൽ സംഘത്തിൽ നിന്ന് സൈനിക സേവനത്തിനായി പുറപ്പെടുന്ന മൂന്നാമത്തെ അംഗമാകും സുഗ.
സുഗ പരിശീലന ക്യാമ്പിൽ പ്രവേശിക്കുന്ന ദിവസം ഔദ്യോഗിക പരിപാടികളൊന്നും നടത്തില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. സുഗയുടെ എൻലിസ്റ്റ്മെന്റിന് മുൻപായി അദ്ദേഹത്തെ സന്ദർശിക്കുന്നതിൽ നിന്ന് ആരാധകർ വിട്ടു നിൽക്കണമെന്നും ബിഗ് ഹിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
"BTS-നുള്ള നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി. സുഗയുടെ സൈനിക സേവനവുമായി ബന്ധപ്പെട്ട് കൊടുത്താൽ വിവരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സെപ്തംബർ 22-ന് സുഗ നിർബന്ധിത സൈനിക സേവനം ആരംഭിക്കും. അദ്ദേഹം സേവനം ആരംഭിക്കുന്ന ദിവസമോ പരിശീലന ക്യാമ്പിൽ പ്രവേശിക്കുന്ന ദിവസമോ ഔദ്യോഗിക പരിപാടികളൊന്നും നടക്കില്ല. സുഗയുടെ സേവന കാലയളവിൽ അദ്ദേഹത്തെ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ഞങ്ങൾ ആരാധകരോട് അഭ്യർത്ഥിക്കുന്നു. സുഗ തന്റെ സേവനം പൂർത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും തുടർന്നും വേണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഈ സമയത്ത് അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ഞങ്ങളുടെ കമ്പനിയും പരിശ്രമിക്കും. നന്ദി." ബിഗ് ഹിറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ മാസമാണ് സുഗ തന്റെ സൈനിക പ്രവേശത്തിനുള്ള നടപടികൾ ആരംഭിച്ചത്. ആർ എം, ജിമിൻ, വി, ജൂങ്കൂക് എന്നിവരാണ് ഇനി ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങൾ. എല്ലാ അംഗങ്ങളും അവരുടെ സൈനിക ചുമതലകൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ വീണ്ടും 2025 ഓടെ ബാൻഡ് ഒന്നിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ ഗ്രൂപ്പിന്റെ തലവനായ ആർഎമ്മും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഓരോരുത്തരും സോളോ പ്രൊജെക്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആദ്യ സോളോ ആൽബമായ 'ഡി-ഡേ' പുറത്തിറങ്ങിയതിന് ശേഷം യൂങ്കി അടുത്തിടെ ലോക പര്യടനം നടത്തിയിരുന്നു. ഒരു കെ പോപ്പ് സോളോയിസ്റ്റിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആൽബങ്ങളിൽ ഒന്നാണ് 'ഡി-ഡേ'.