'എന്നെ നയിച്ചത് അടങ്ങാത്ത പാഷൻ'; 72ാം വയസിലെ സംവിധാന അനുഭവങ്ങളുമായി എസ് എന്‍ സ്വാമി
പ്രമുഖ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'സീക്രട്ട്' ജൂലൈ 26-ന് തിയേറ്ററുകളിലെത്തുമ്പോൾ തന്റെ സംവിധാന മോഹത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും ആയിത്തീരുന്ന വലിയ പ്രക്രിയയുടെ പേരാണ് പാഷനെന്നും ആ പാഷനാണ് 72ാം വയസിൽ സംവിധായകനാവാൻ തന്നെ പ്രേരിപ്പിച്ചതെന്നും സ്വാമി പറയുന്നു. 'ഡയറക്ടറാവണം എന്ന് വെറുതെ പറഞ്ഞാൽ പോര. സിനിമയെ കുറിച്ചുളള സജീവ ചർച്ചകളിൽ ഭാഗമാവണം, പുതു സാങ്കേതികവിദ്യകളെ പഠിക്കണം, എല്ലാത്തിനുമുപരി മാറുന്ന കാഴ്ച്ചപ്പാടുകളെയും കാലഘട്ടത്തെയും അറിയണം.' സ്വാമി പറയുന്നു.
സീക്രട്ട് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോൾ ആദ്യം മനസിൽ വന്നത് ധ്യാൻ ശ്രീനിവാസൻ ആയിരുന്നെന്നും എസ് എൻ സ്വാമി ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ധ്യാന്‍ ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം സമ്മാനിക്കുന്ന ചിത്രമായിരിക്കും 'സീക്രട്ട്' എന്നാണ് പ്രതീക്ഷ.'മോട്ടിവേഷണല്‍ ഡ്രാമ' ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എസ് എന്‍ സ്വാമിയാണ് നിര്‍വഹിച്ചിരിക്കുന്നത്. കേരളത്തിലും ചെന്നൈയിലും നടത്തിയ പ്രിവ്യൂ ഷോകളില്‍ ചിത്രം മികച്ച അഭിപ്രായം നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.