'എട്ട് വർഷം മുൻപ് പറഞ്ഞ തമാശ ഇപ്പോൾ വിവാദമായി, സുഹൃത്തുക്കളോടുപോലും തമാശ പറയാൻ ഭയമാണ്': സുരാജ് വെഞ്ഞാറമൂട്
മുൻപ് ചെയ്തതും പറഞ്ഞതുമായ പല തമാശകളും പിന്നീട് പ്രശ്നമായി വന്നിട്ടുണ്ടെന്ന് സുരാജ് വെഞ്ഞാറമൂട്. പണ്ടത്തെ പല തമാശകളും ഇന്ന് പൊളിറ്റിക്കലി ഇൻകറക്ടാണ്. കാലം വരുത്തിയ ഈ മാറ്റം വ്യക്തികളിലും സംഭവിക്കുന്നതിന്റെ ഫലമായാണ് തന്റെ തന്നെ പഴയ തമാശകൾ വെറുപ്പിക്കലായിത്തുടങ്ങിയെന്ന് സ്വയം തിരിച്ചറിഞ്ഞതെന്നും തമാശ കഥാപാത്രങ്ങളിൽ നിന്ന് വിട്ടുനിന്നതെന്നും സുരാജ്.
മുസ്തഫയുടെ സംവിധാനത്തിൽ സുരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'മുറ' എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നൽകിയ ദ ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ചില നല്ല തമാശകളൊക്കെ മനസിൽ വന്നാലും അതിലെ പൊളിറ്റിക്കൽ കറക്ടനസ് സ്വയം പരിശോധിച്ച് പറയേണ്ടെന്ന് തീരുമാനിക്കാറുണ്ട്. ചുറ്റും ക്യാമറകളാണ്. വളരെ സൂക്ഷിച്ച് അളന്നുമുറിച്ചുമാത്രമേ സംസാരിക്കാവൂ
സുരാജ് വെഞ്ഞാറമൂട്
സുരാജ് പറഞ്ഞത്
കാലത്തിനനുസരിച്ചുളള ഒരുപാട് മാറ്റങ്ങൾ സമൂഹത്തിൽ സംഭവിച്ചിട്ടുണ്ട്. അത് സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട്. അന്നത്തെ തമാശകൾ പലതും ഇന്ന് പറയാൻ പറ്റില്ല. കാലഘട്ടവും ആസ്വാദനവും മാറി. അതുകൊണ്ട് പണ്ടത്തെ പല തമാശകളും ഇന്ന് പൊളിറ്റിക്കലി ഇൻകറക്ടാണ്. കാലം വരുത്തിയ ഈ മാറ്റം വ്യക്തികളിലും സംഭവിക്കുന്നുണ്ട്. അതിന്റെ ഫലമായാണ് എന്റെ തന്നെ പഴയ തമാശകൾ വെറുപ്പിക്കലായിത്തുടങ്ങിയപ്പോൾ സ്വയം തിരിച്ചറിഞ്ഞത്. ആ മാറ്റത്തിനൊപ്പമാണ് മുന്നോട്ടുപോകുന്നത്.
പണ്ട് സുഹൃത്തുക്കൾക്കിടയിൽ പരസ്പരം എങ്ങനെ വേണമെങ്കിലും കളിയാക്കാമായിരുന്നു. ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ ബോഡി ഷെയ്മിങ്ങായി. ചില നല്ല തമാശകളൊക്കെ മനസിൽ വന്നാലും അതിലെ പൊളിറ്റിക്കൽ കറക്ടനസ് സ്വയം പരിശോധിച്ച് പറയേണ്ടെന്ന് തീരുമാനിക്കാറുണ്ട്. ചുറ്റും ക്യാമറകളാണ്. വളരെ സൂക്ഷിച്ച് അളന്നുമുറിച്ചുമാത്രമേ സംസാരിക്കാവൂ. അതുകൊണ്ടൊക്കെ അഭിമുഖങ്ങളിലൊക്കെ വന്നിരിക്കുമ്പോൾ എനിക്ക് പേടിയാണ്. മീഡിയക്ക് എല്ലാം ആസ്വദിച്ചാൽ മതിയല്ലോ, സത്യാവസ്ഥ അറിയണമെന്നില്ല.
ഞാൻ ചെയ്തതും പറഞ്ഞതുമായ പല തമാശകളും പിന്നീട് പ്രശ്നമായിട്ടുണ്ട്. എട്ട് വർഷം മുമ്പ് പറഞ്ഞ കാര്യത്തിന്റെ ചില ഭാഗങ്ങൾ മാത്രം കട്ട് ചെയ്ത് ഇപ്പോൾ വലിയ വിവാദമായി വന്ന സാഹചര്യം വരെയുണ്ട്.
'കപ്പേള' എന്ന ചിത്രത്തിനുശേഷം സുരാജിനെ നായകനാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുറ'. സുരാജ് വെഞ്ഞാറമൂടും യുവതാരം ഹൃദ്ധു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റർ ഒരുക്കിയ തഗ്സ്, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ, ആമസോൺ പ്രൈമിൽ ഹിറ്റായ ക്രാഷ് കോഴ്സ് സീരീസ് തുടങ്ങിയവയിലൂടെ ശ്രദ്ധനേടിയ അഭിനേതാവാണ് മലയാളി കൂടിയായ ഹൃദ്ധു.
തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ടീസർ മുമ്പേ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സുരാജ് വെഞ്ഞാറമൂടിനെയും ഹൃദ്ധു ഹാറൂണിനെയും കൂടാതെ മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിർമാണം. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടെ രചന. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബെംഗളുരു എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷനുകൾ.
ഫാസിൽ നാസർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. ക്രിസ്റ്റി ജോബിയാണ് മുറയുടെ സംഗീത സംവിധാനം. ശ്രീനു കല്ലേലിൽ കലാസംവിധാനവും റോണെക്സ് സേവ്യർ മേക്കപ്പും നിസാർ റഹ്മത്ത് വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. പി സി സ്റ്റണ്ട്സാണ് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്യുന്നത്.