ആക്ഷന്‍ ഹീറോയിലെ ആ പാടുന്ന കാമുകന്‍
ആക്‌ഷൻ ഹീറോ എന്നാണ് വിശേഷണം. എങ്കിലെന്ത്? മലയാളത്തിലെ ഏറ്റവും ഹൃദയഹാരിയായ ഭാവഗീതങ്ങൾ പലതും വെള്ളിത്തിരയിൽ അനശ്വരമാക്കിയത് സുരേഷ് ഗോപിയിലെ കാമുകനാണ്; പാട്ടിനൊത്ത് ചുണ്ടനക്കിയും അല്ലാതെയും.
പെട്ടെന്ന് ഓർമവരുന്ന മൂന്ന് പ്രിയഗാനങ്ങൾ ഇവയാണ്: ഒരു രാത്രി കൂടി വിടവാങ്ങവേ (സമ്മർ ഇൻ ബേത്ലഹേം), തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് (സമൂഹം), മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു (രണ്ടാം ഭാവം).
മൂന്ന് പാട്ടുകളും വെള്ളിത്തിരയിൽ പാടി അഭിനയിക്കുന്നില്ല സുരേഷ് ഗോപി. ഗാനരംഗത്തെ നിശബ്ദസാന്നിധ്യം കൊണ്ട് മാത്രം അവയുടെ ചിത്രീകരണം അവിസ്മരണീയമാക്കുന്നു അദ്ദേഹം; ഒതുക്കമാർന്ന ഭാവപ്രകടനങ്ങളുടെ പിന്തുണയോടെ.
ആദ്യം പാടിയഭിനയിച്ചത് 'സായംസന്ധ്യ'യിലെ "പൂന്തെന്നലേ നീ പറന്നു പറന്നു വാ" (ഷിബു ചക്രവർത്തി-ശ്യാം- യേശുദാസ്) എന്ന സൂപ്പർ ഹിറ്റ് ഗാനം. വില്ലൻ പരിവേഷമായിരുന്നു ആ സിനിമയിൽ സുരേഷിന് എന്നതാണ് കൗതുകമുണർത്തുന്ന കാര്യം.
നായകപദവിയിലേക്ക് ഉയർന്നശേഷം വൈവിധ്യമാർന്ന ഗാനങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ആദ്യകാല ഗാനാഭിനയങ്ങളിൽ 'അക്ഷരത്തെറ്റി'ലെ ''ഹൃദയം കൊണ്ടെഴുതുന്ന കവിത'' (ശ്രീകുമാരൻ തമ്പി-ശ്യാം -യേശുദാസ്), 'സാന്ദ്ര'ത്തിലെ ''പൊന്നിതളോരം'' (കൈതപ്രം ജോൺസൺ- വേണുഗോപാൽ), 'വർത്തമാനകാല'ത്തിലെ ''വസന്തത്തിൻ മണിച്ചെപ്പ് തുറക്കുന്നു'' (ശ്രീകുമാരൻ തമ്പി- ജോൺസൺ- വേണുഗോപാൽ), 'സവിധ'ത്തിലെ ''തൂവാനം ഒരു പാലാഴി'' (കൈതപ്രം-ജോൺസൺ-എം ജി ശ്രീകുമാർ, സുജാത) എന്നിവ മറക്കാനാവില്ല.
ഗിരീഷ് പുത്തഞ്ചേരി- വിദ്യാസാഗർ കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ചില ഗാനങ്ങളുടെ അഭ്രാവിഷ്കാരങ്ങളിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞത് മറ്റൊരു സൗഭാഗ്യം. 'സമ്മർ ഇൻ ബെത്ലഹേമി'ലെ "ഒരു രാത്രി കൂടി വിടവാങ്ങവേ" (യേശുദാസ്, ചിത്ര), ''മാരിവില്ലിൻ ഗോപുരങ്ങൾ'' (ശ്രീനിവാസ്, ബിജു നാരായണൻ), 'ഡ്രീംസി'ലെ ''മണിമുറ്റത്താവണിപ്പന്തൽ'' (യേശുദാസ്, സുജാത), ''വാർതിങ്കൾ തെല്ലല്ലേ'' (സ്വർണലത), 'പ്രണയവർണങ്ങളി'ലെ ''കണ്ണാടിക്കൂടും കൂട്ടി'' (യേശുദാസ്, ചിത്ര), 'രണ്ടാം ഭാവ'ത്തിലെ ''മറന്നിട്ടുമെന്തിനോ'' (ജയചന്ദ്രൻ, സുജാത)...
ഏറ്റവും വെല്ലുവിളിയുയർത്തിയ കഥാപാത്രങ്ങളിലൊന്നായിരുന്നു 'സിന്ദൂരരേഖ'യിലെ സംഗീതജ്ഞനായ ബാലചന്ദ്രൻ. പാടി അഭിനയിക്കേണ്ടതെല്ലാം ലളിതമല്ലാത്ത ശാസ്ത്രീയ ഗാനങ്ങൾ: ''പ്രണതോസ്മി ഗുരുവായുപുരേശം'', ''രാവിൽ വീണാനാദം', ''എന്റെ സിന്ദൂരരേഖ'', ''കാളിന്ദിയിൽ തേടി'', ''നാദം''... എങ്കിലും ആസ്വദിച്ചുതന്നെ കൈതപ്രം- ശരത് ടീമിന്റെ ഗാനങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു സുരേഷ് ഗോപി. പടം ഹിറ്റായില്ലെങ്കിലും പാട്ടുകൾ ഒന്നിനൊന്ന് മികവാർന്നത്; ഗാനരംഗങ്ങളും. വരികളുടെയും ഈണത്തിന്റെയും ആർദ്രത പൂർണമായി ഉൾക്കൊള്ളുന്നു 'സമൂഹ'ത്തിലെ തൂമഞ്ഞിൻ (കൈതപ്രം -ജോൺസൺ - യേശുദാസ്) എന്ന ഗാനരംഗത്തെ സുരേഷ് ഗോപിയുടെ സാന്നിധ്യം.
സുരേഷ് ഗോപി എന്ന പേരിനൊപ്പം ഓർമയിൽ ഒഴുകിയെത്തുന്ന ഗാനങ്ങളും ഗാനരംഗങ്ങളും ഇനിയുമുണ്ട്: 'കളിയാട്ട'ത്തിലെ ''വേളിക്ക് വെളുപ്പാൻ കാലം'' (രചന, സംഗീതം: കൈതപ്രം), 'തെങ്കാശിപ്പട്ടണ'ത്തിലെ ''ഒരു സിംഹമലയും കാട്ടിൽ'', ''എന്റെ തെങ്കാശി തമിഴ് പൈങ്കിളീ'', ''കടമിഴിയിൽ'' (കൈതപ്രം-സുരേഷ് പീറ്റേഴ്‌സ്), 'രാഷ്ട്ര'ത്തിലെ ''ഒരു കോടി മംഗളം'' (കൈതപ്രം- ദീപക് ദേവ്) , 'ഭൂമിക'യിലെ ''മനസ്സിനൊരായിരം കിളിവാതിൽ'' (പി കെ ഗോപി- രവീന്ദ്രൻ), 'പൊന്നുച്ചാമി'യിലെ ''കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ'' (ഒ എൻ വി- മോഹൻ സിതാര), 'ലാപ്ടോപ്പി'ലെ ''ഇളം നീല നീല മിഴികൾ'' (റഫീക്ക് അഹമ്മദ്- ശ്രീവത്സൻ മേനോൻ)... ഇനിയും നീളും ഈ പട്ടിക.