അഭിനയം പാഷൻ, അതുവിട്ടൊരു കളിയുമില്ല, മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ രക്ഷപ്പെട്ടു: സുരേഷ്ഗോപി
കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സിനിമാ ചിത്രീകരണത്തിന് തയാറെടുത്ത് സുരേഷ് ഗോപി. സിനിമ ചെയ്യാതെ പറ്റില്ലെന്നും അത് പാഷനാണെന്നും അതിനായി മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാൽ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിപദവിയിലെത്തിയ ശേഷമുളള താരത്തിന്റെ ആദ്യ സിനിമയാണ് മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന ‘ഒറ്റക്കൊമ്പൻ’. സെപ്റ്റംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ആറാം തിയതിയോടു കൂടി സുരേഷ് ഗോപി ഒറ്റക്കൊമ്പൻ ടീമിനൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന വിവരം. പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന സിനിമയുമായി ഒറ്റക്കൊമ്പനു സമാനതകൾ ഉണ്ടെന്ന ആരോപണത്താൽ ചിത്രീകരണം വൈകിയ ചിത്രമാണ് ഒറ്റക്കൊമ്പൻ. 2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.
കേന്ദ്രമന്ത്രി സ്ഥാനത്ത് ഇരിക്കെത്തന്നെ മറ്റ് നാല് ചിത്രങ്ങളിൽ കൂടി ഒപ്പു വെച്ചിരിക്കുയാണ് താരം. സിനിമാ ചിത്രീകരണവും മന്ത്രിയുടെ ചുമതലകളും ഒരേസമയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന് സിനിമ ഇല്ലെങ്കിൽ താൻ ചത്തുപോകുമെന്നാണ് സുരേഷ് ഗോപിയുടെ മറുപടി. സിനിമ തന്റെ പാഷനാണെന്നും അതിന്റെ പേരിൽ കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാൽ രക്ഷപെട്ടെന്നും അദ്ദേഹം പറയുന്നു. സിനിമ ചെയ്യാനുളള അനുവാദം അമിത് ഷാ അടങ്ങുന്ന നേതാക്കളോട് പ്രകടിപ്പിച്ചിട്ടുണ്ടെന്നും തമ്മിൽ ബാധിക്കാത്തവിധം രണ്ടും കൊണ്ടുപോകാനാവുമെന്ന് കരുതുന്നു എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സിനിമാ സെറ്റുകളിൽ മന്ത്രിയായി പ്രവർത്തിക്കാനുളള ഇടവും ഒരുക്കിത്തരണമെന്ന് നിർമ്മാതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്രം എഴുതിയ തൃശൂര്‍ക്കാരോട് കടപ്പാടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടുകൂടിയാണ് ഇന്നീ കേന്ദ്രമന്ത്രി സ്ഥാനത്ത് വഴങ്ങിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. എല്ലാ സമ്പ്രദായത്തിനും ശുദ്ധി വേണമെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുടെ പ്രതികരണം. അത് സിനിമയിൽ മാത്രമല്ല, എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്ന അഭിപ്രായക്കാരനാണ് താനെന്നും സുരേഷ് ഗോപി വ്യക്തമാക്കി