'വണങ്കാന്‍' ചിത്രത്തില്‍ നിന്ന് പിന്മാറി സൂര്യ; ചിത്രം തുടരുമെന്ന് ബാല
പിതാമഹന്‍, നന്ദ തുടങ്ങീ സൂര്യയുടെ കരിയര്‍ ബ്രേക്ക് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ബാല. സൂര്യയും ബാലയും വീണ്ടും ഒന്നിക്കുന്ന 'വണങ്കാന്‍' വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രമാണ്. എന്നാല്‍ ആരാധകരെ നിരാശരാക്കി സൂര്യ വണങ്കാനില്‍ നിന്ന് പിന്മാറുന്ന വിവരം സംവിധായകന്‍ ബാല തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്. തിരക്കഥയില്‍ വന്ന മാറ്റത്തെ തുടർന്ന് തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നും ഭാവിയില്‍ മറ്റൊരു പദ്ധതിക്കായി തീര്‍ച്ചയായും ഒന്നിക്കുമെന്നും ബാല ട്വിറ്ററില്‍ കുറിച്ചു.
' പ്രിയപ്പെട്ട സഹോദരന്‍ സൂര്യയോടൊപ്പം ഒരു പുതിയ ചിത്രം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വന്നതിനാല്‍ സൂര്യയ്ക്ക് ഇപ്പോള്‍ ഈ കഥ ചേരുമോ എന്നതില്‍ സംശയം ഉണ്ട്. സൂര്യയ്ക്ക് എന്നിലും ഈ കഥയിലും വിശ്വാസമുണ്ട്. വളരെ സ്‌നേഹവും ബഹുമാനവും വിശ്വാസവും ഉള്ള അനുജന് ചെറിയൊരു ബുദ്ധിമുട്ട് പോലും ഉണ്ടാക്കരുതെന്നത് ഒരു സഹോദരനെന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണ്. ഏറെ ദുഃഖമുണ്ടെങ്കിലും ഏറ്റവും നല്ല താല്‍പര്യം മുന്‍നിര്‍ത്തി സൂര്യ എടുത്ത തീരുമാനമാണിത്. 'നന്ദ'യില്‍ ഞാന്‍ കണ്ട സൂര്യയും പിതാമഹനില്‍ നിങ്ങള്‍ കണ്ട സൂര്യയും മറ്റൊരു നിമിഷത്തില്‍ നമ്മോടൊപ്പം ചേരും. വണങ്കാന്റെ ഷൂട്ടിംഗ് തുടരും...' ബാല ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു.
മെയ് മാസത്തില്‍ വാണങ്കാന്‍ നിര്‍ത്തിവെച്ചു, ചിത്രം മുടങ്ങി തുടങ്ങിയ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. കിംവദന്തികളോട് പൊതുവെ പ്രതികരിക്കാത്ത താരമാണ് സൂര്യ. എന്നാല്‍ ബാലയുമായുള്ള ചിത്രം മുടങ്ങിയെന്ന വാര്‍ത്തകള്‍ വന്നതോടെ താരം സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു.
20 കൊല്ലത്തിന് ശേഷം വീണ്ടും സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രമായിരുന്നു വണങ്കാന്‍. സൂര്യയുടെ 2ഡി എന്റര്‍ടെയ്‌മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരുന്നത്. സിനിമയുടെ കുറേ ഭാഗങ്ങള്‍ മുമ്പ് തന്നെ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. സിനിമയില്‍ നിന്ന് സൂര്യ പിന്മാറിയതോടെ വണങ്കാന്‍ ആരു നിര്‍മ്മിക്കും എന്നതിനെ പറ്റി സംവിധായകന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൃതി ഷെട്ടിയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജി വി പ്രകാശാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്