അലകടല്‍പ്പാട്ടിന്റെ കഥയുമായി ശ്വേത ; ആദ്യം വിളിച്ചത് സ്‌ക്രാച്ച് പാടാൻ

അലകടല്‍പ്പാട്ടിന്റെ കഥയുമായി ശ്വേത ; ആദ്യം വിളിച്ചത് സ്‌ക്രാച്ച് പാടാൻ

മലയാളത്തില്‍ പാടാനുള്ള ക്ഷണം മാത്രം മതിയായിരുന്നു എല്ലാ നഷ്ടബോധവും മറക്കാന്‍
Updated on
2 min read

മൂന്ന് വര്‍ഷം മുന്‍പ് പൊന്നിയിന്‍ സെല്‍വനിലെ ``അലകടല്‍''പ്പാട്ടിന്റെ സ്‌ക്രാച്ച് ട്രാക്ക് ആദ്യം കേട്ടപ്പോള്‍ പ്രാര്‍ത്ഥിച്ചതാണ് ശ്വേത -- ഈശ്വരാ ഈ പാട്ട് പാടാന്‍ എനിക്ക് ഭാഗ്യമുണ്ടാവണേ എന്ന്. ഭാഗികമായെങ്കിലും ആ മോഹം സഫലമായി എന്നത് ആഹ്ളാദം പകരുന്ന കാര്യം. പടത്തിന്റെ മലയാളം പതിപ്പില്‍ നായികയായ പൂങ്കുഴലിയുടെ ആത്മഗീതമായ ``അലകടലാഴ''ത്തിന് ശബ്ദം പകര്‍ന്നത് ശ്വേത മോഹന്‍ . അന്തര നന്ദി പാടിയ തമിഴ് വേര്‍ഷനോളം തന്നെ ഹൃദ്യം ശ്വേതയുടെ മലയാളം പതിപ്പും. ``പാട്ടിനെക്കുറിച്ച് പലരും നല്ലത് പറഞ്ഞുകേള്‍ക്കുമ്പോള്‍ സന്തോഷം. റഫീക്ക് അഹമ്മദ് സാറിനും റഹ്‌മാന്‍ സാറിനും അവകാശപ്പെട്ടതാണല്ലോ ആ അഭിനന്ദനം..''

കോവിഡ് കാലത്തിനും മുന്‍പേയാണ് മണിരത്‌നം ചിത്രത്തിലെ പാട്ടിന്റെ സ്‌ക്രാച്ച് പാടാന്‍ എ ആര്‍ റഹ്‌മാന്‍ ശ്വേതയെ വിളിച്ചത്. ``പഴയ മട്ടിലുള്ള പാട്ടാണ് എന്നാണ് റഹ്‌മാന്‍ സാര്‍ പറഞ്ഞത്. 1960 -- 70 കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്.'' -- ശ്വേത ഓര്‍ക്കുന്നു. ``റഫ് ആയി എഴുതിയ വരികള്‍ ഉപയോഗിച്ചാണ് സ്‌ക്രാച്ച് പാടുക. ഞാനും സൗണ്ട് എഞ്ചിനീയറും കൂടി തമിഴിലും ഹിന്ദിയിലും ലിറിക്സ് എഴുതി പാടി റെക്കോര്‍ഡ് ചെയ്തു. അന്ന് ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ട്യൂണ്‍ അല്ല. ചെറിയ വ്യത്യാസമുണ്ട്. എന്നാല്‍ പാട്ടിന്റെ രാഗവും ഭാവവും ഒക്കെ ഇതുതന്നെ. എങ്ങനെ ഇതുപോലെ ഒരു റൂട്ടില്‍ പാട്ട് സങ്കല്‍പ്പിക്കാന്‍ കഴിയുന്നു എന്ന് വിസ്മയിക്കുകയായിരുന്നു ഞാന്‍. പാടുമ്പോള്‍ റഹ്‌മാന്‍ സാറിനെ മനസ്സുകൊണ്ട് നമിച്ചുപോയി… ഈ ട്യൂണ്‍ ഓക്കേ ആവണേ, എന്നെത്തന്നെ പാടാന്‍ വിളിക്കണേ എന്നൊക്കെയായിരുന്നു അന്ന് പ്രാര്‍ത്ഥന…''

അന്തരയ്ക്ക് പാടാൻ അവസരം നൽകിയതിൽ സന്തോഷമേയുളളൂ, മലയാളത്തില്‍ പാടാനുള്ള ക്ഷണം മാത്രം മതി നഷ്ടബോധം മറക്കാൻ

ശ്വേത മോഹൻ

പക്ഷേ തമിഴ് വേര്‍ഷന്‍ പാടാന്‍ റഹ്‌മാന്‍ തിരഞ്ഞെടുത്തത് അന്തരയെ. `` വളരെ ടാലന്റഡ് ആയ ഗായികയാണ് അന്തര. യൂട്യൂബിലും റിയാലിറ്റി ഷോയിലും ഒക്കെ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ ഒരു മേജര്‍ ബ്രേക്ക് ആവശ്യമായിരുന്നു ആ കുട്ടിക്ക്. അതുകൊണ്ടുതന്നെ അന്തരയ്ക്ക് ഈ ഗാനം പാടാന്‍ അവസരം കിട്ടിയതില്‍ സന്തോഷമേ ഉള്ളൂ എനിക്ക്.'' മലയാളത്തില്‍ പാടാനുള്ള റഹ്‌മാന്റെ ക്ഷണം ഒന്നു മതിയായിരുന്നു എല്ലാ നഷ്ടബോധവും മറക്കാന്‍ എന്ന് കൂട്ടിച്ചേര്‍ക്കുന്നു ശ്വേത. ``പിന്നെ ഇത്രയും വലിയ ഒരു പ്രോജക്ടിന്റെ ഭാഗമാകാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ലല്ലോ.''

റഫീക്ക് അഹമ്മദിന്റെ വരികളാണ് മലയാളം ഗാനത്തിന്റെ ആത്മാവ്. ``പാടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മലയാളത്തിന് വേണ്ടി പിറന്ന പാട്ടല്ലേ എന്ന് തോന്നി. അത്രയും മലയാളിത്തമുണ്ടായിരുന്നു വരികളിലും ഈണത്തിലും.'' -- ശ്വേതയുടെ വാക്കുകള്‍. പ്രശസ്ത ഗായിക അരുന്ധതിയുടെ മകനും ഗായകനുമായ ശ്രീകാന്ത് ഹരിഹരനാണ് പാട്ട് റെക്കോര്‍ഡ് ചെയ്തതെന്നത് മറ്റൊരു കൗതുകം.

logo
The Fourth
www.thefourthnews.in