'ജോറ കയ്യെ തട്ടുങ്കെ'; മലയാളി സംവിധായകന്‍റെ ചിത്രത്തില്‍ നായകനായി യോഗി ബാബു
മലയാളി സംവിധായകന്‍റെ ചിത്രത്തില്‍ തമിഴിലെ സൂപ്പര്‍ഹിറ്റ് കോമഡി താരം യോഗി ബാബു നായക വേഷത്തില്‍. കോഴിക്കോട് സ്വദേശി വിനീഷ് മില്ലെനിയം ഒരുക്കുന്ന 'ജോറ കയ്യെ തട്ടുങ്കെ' എന്ന ചിത്രത്തിലാണ് യോഗി ബാബു നായകവേഷത്തില്‍ എത്തുന്നത്. വാമ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ കോഴിക്കോട്ടെ ടെക്സ്റ്റൈല്‍ ബിസിനസ്സുകാരനായ സാക്കീര്‍ അലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് സിനിമ ഒരുക്കുക
ചിത്രത്തില്‍ യോഗി ബാബുവിന്‍റേത് തികച്ചും വ്യത്യസ്തമായ വേഷമായിരിക്കുമെന്ന് സംവിധായകന്‍ വിനീഷ് മില്ലീനിയം പറയുന്നു. പ്രതിസന്ധിയില്‍പ്പെടുമ്പോൾ ഒരു സാധാരണക്കാരന്‍ എങ്ങനെ അസാധാരണക്കാരനായി മാറുന്നുവെന്നതാണ് സിനിമ പറയുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. തേനിയും മൂന്നാറുമാണ് മറ്റ് ലൊക്കേഷനുകള്‍. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.
ശ്രീനിവാസനും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കല്ലായി എഫ് എം, തമിഴ് ചിത്രമായ 'തീ കുളിക്കും പച്ചൈ മരം' എന്നിവയ്ക്ക് ശേഷം വിനീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോറ കയ്യെ തട്ടുങ്കെ.
പ്രകാശ് പയ്യോളിയും വിനീഷ് മില്ലെനിയവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാമകളഭം എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിലെ നായികയായ ശാന്തി റാവുവാണ് ജോറ കയ്യെ തട്ടുങ്കയിലെ നായിക. ഹരീഷ് പേരടി, കള ഫെയിം മൂര്‍, വിക്രം ഫെയിം വാസന്തി, കല്‍ക്കി, അരുവി ബാല, നൈറ, മേനക, മണിമാരന്‍, സാക്കിര്‍ അലി, അന്‍വര്‍, രവി മുത്തു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധു അമ്പാട്ടാണ് ഛായാഗ്രഹണം.