തമിഴ് സിനിമയിൽ പണിമുടക്ക്; നവംബർ ഒന്നു മുതൽ സിനിമാ പ്രവർത്തനങ്ങൾ നിലയ്ക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ
ഓഗസ്റ്റ് 16 മുതൽ തുടങ്ങാനിരിക്കുന്ന എല്ലാ സിനിമാ പ്രൊജക്ടുകളും താത്കാലികമായി തടഞ്ഞുവെയ്ക്കാൻ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ തീരുമാനം. ഒപ്പം നവംബർ ഒന്നു മുതൽ സിനിമാ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെയ്ക്കും. മുൻനിര താരങ്ങളുടെ സിനിമകൾ തിയറ്ററിലെത്തി എട്ടാഴ്‌ച പിന്നിട്ടശേഷം മാത്രമേ ഒടിടി റിലീസിന് നൽകേണ്ടതുളളൂവെന്നും യോഗത്തിൽ തീരുമാനമായി.
തമിഴ്‌നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലെക്‌സ് ഓണേഴ്‌സ് അസോസിയേഷൻ്റെയും തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ്റെയും അംഗങ്ങളുമായി ചേർന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.
അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും മുൻകൂറായി പണം സ്വീകരിക്കുകയും പ്രോജക്ടുകൾ ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത് തങ്ങൾക്കു വരുത്തുന്ന നഷ്ടം വളരെ വലുതാണെന്നു നിർമാതാക്കൾ പറയുന്നു. പുതിയ പ്രോജക്റ്റുകൾ ആരംഭിക്കും മുന്‍പ് അഡ്വാൻസ് വാങ്ങുന്നവർ നിർബന്ധമായും പഴയ പ്രൊജക്ടുകൾ പൂർത്തിയാക്കണമെന്നതാണ് സംഘടനകളുടെ ആവശ്യം.
നടൻ ധനുഷ് നിരവധി നിർമാതാക്കളിൽനിന്ന് പ്രതിഫലം അഡ്വാൻസായി വാങ്ങിയിട്ടുണ്ടെന്നും പുതിയ പ്രൊജക്ടുകളുമായി അദ്ദേഹത്തെ സമീപിക്കുന്ന നിർമാതാക്കൾ അഡ്വാൻസ് തുക നൽകും മുൻപ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലുമായി ബന്ധപ്പെടണമെന്നും സംഘടന അറിയിച്ചു. 2023 ൽ ധനുഷ് മുൻകൂറായി പണം വാങ്ങിയെന്നും ഷൂട്ടിങ്ങിനു വന്നിട്ടില്ലെന്നും ആരോപിച്ചുള്ള ശ്രീ തേനാൻഡൽ ഫിലിംസിന്റെ പരാതിയിലാണ് കൗൺസിലിന്റെ തീരുമാനം.
നിലവിൽ പ്രവർത്തനങ്ങൾ തുടരുന്ന സിനിമകളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പ്രൊഡ്യൂസേഴ്‌സ് കൗൺസിലിനെ അറിയിക്കണമെന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിങ് ഒക്ടോബർ 30 നകം പൂർത്തിയാക്കണമെന്നും നിർമാതാക്കളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ശമ്പളവും മറ്റ് ചെലവുകളും അനിയന്ത്രിതമായി ഉയരുന്നതിനാൽ അതിനെ പുനഃക്രമീകരിക്കാനും നിയന്ത്രിക്കാനും കൗൺസിൽ ലക്ഷ്യമിട്ടിട്ടുണ്ട്.
ഭാവിയിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനായി നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ എന്നിവരടങ്ങുന്ന ഒരു ജോയിൻ്റ് ആക്ഷൻ കമ്മിറ്റി (ജെഎസി) രൂപീകരിച്ചു.