സിനിമ ക്ഷേമ വകുപ്പ് ആരംഭിക്കണം;
കമല്‍ഹാസനെ ചുമതലയേല്‍പ്പിക്കണം: അല്‍ഫോണ്‍സ് പുത്രന്‍

സിനിമ ക്ഷേമ വകുപ്പ് ആരംഭിക്കണം; കമല്‍ഹാസനെ ചുമതലയേല്‍പ്പിക്കണം: അല്‍ഫോണ്‍സ് പുത്രന്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ ആവശ്യം തമിഴ്നാട് സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുന്നത്.
Updated on
1 min read

തമിഴ് സിനിമാ മേഖലയെ ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ സൂപ്പര്‍താരം കമല്‍ഹാസന്റെ കഴിവുകള്‍ ഉപയോഗിക്കണമെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തമിഴ്നാട് സര്‍ക്കാരിന് മുന്നില്‍ അല്‍ഫോണ്‍സ് ഇത്തരം ഒരു നിര്‍ദേശം വയ്ക്കുന്നത്. തമിഴ്‌നാട്ടില്‍ സിനിമ ക്ഷേമ വകുപ്പ് ആരംഭിക്കണം, നടന്‍ കമല്‍ഹാസനെ അതിന്റെ ചുമതലയേല്‍പ്പിക്കാണം എന്നിങ്ങനെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, യുവജന ക്ഷേമ- കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിലെ ആവശ്യങ്ങള്‍.

സിനിമ ക്ഷേമ വകുപ്പ് രൂപീകരിക്കുക വഴി ചലച്ചിത്ര മേഖല സാമ്പത്തികപരമായി വളരുമെന്നും, ഈ അഭിവൃദ്ധി സംസ്ഥാനത്തിന് നേട്ടമാകുമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. സിനിമയെന്ന വ്യവസായം ഇപ്പോഴുള്ളതിനേക്കാള്‍ പത്തിരട്ടി വളരും. അത് ജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം കുറിച്ചു. ലോകം മുഴുവന്‍ അറിയപ്പെടുന്ന നടനാണ് കമല്‍ഹാസന്‍, സിനിമയുടെ സമസ്ത മേഖലകളിലും മികവ് തെളിയിച്ച വ്യക്തിയുമാണ് അദ്ദേഹം. എന്തു കൊണ്ട് കമല്‍ഹാസന്‍ എന്ന പേര് താന്‍ നിര്‍ദേശിക്കുന്നു എന്ന് വിശദീകരിച്ച് അല്‍ഫോണ്‍സ് ചൂണ്ടിക്കാട്ടുന്നു.

പാടാനും, നൃത്തം ചെയ്യാനും ഏത് കഥാപാത്രത്തേയും അനായാസം അവതരിപ്പിക്കാനും സിനിമ സംവിധാനം ചെയ്യാനും കമല്‍ഹാസനു സാധിക്കും. ക്ഷമയും സഹിഷ്ണുതയും ഇത്രയേറെയുള്ള ഒരു മഹാ നടന്‍ സിനിമാ മേഖലയെയും സര്‍ക്കാരിനെയും ബന്ധിപ്പിക്കുന്ന സ്ഥാനത്തെത്തുമ്പോള്‍ അത് ഗുണം ചെയ്യുമെന്നും അല്‍ഫോണ്‍സ് പുത്രന്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമാ മോഹം മനസില്‍ സൂക്ഷിക്കുന്ന പുതിയ തലമുറക്ക് നല്ലൊരു വഴിക്കാട്ടിയാകാന്‍ കമല്‍ ഹാസനു സാധിക്കുമെന്ന പ്രത്യാശ പങ്കുവച്ചുകൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്റെ പോസ്റ്റ് അവസാനിക്കുന്നത് .

logo
The Fourth
www.thefourthnews.in