തേജസും ബോക്‌സോഫീസ് ബോംബ്, നഷ്ടം കോടികള്‍; 8 വര്‍ഷത്തിനിടെ 11 പരാജയ ചിത്രങ്ങളുമായി കങ്കണ
ഏറെ പ്രതീക്ഷകളോടെയായിരുന്നു കങ്കണ നായികയായി എത്തിയ തേജസ് തിയേറ്ററുകളില്‍ എത്തിയത്. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ബോക്‌സോഫീസില്‍ ദയനീയമായി തകര്‍ന്നുവീഴുകയായിരുന്നു. 2023 ഒക്ടോബര്‍ 27-ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസത്തില്‍ തന്നെ പരാജയം നേരിടുകയായിരുന്നു. പല തിയേറ്ററുകളും ചിത്രം കാണാന്‍ ആളില്ലാതെ ഷോകള്‍ വെട്ടികുറയ്ക്കുകയും ചെയ്തു.
ആദ്യമായിട്ടല്ല കങ്കണയുടെ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെടുന്നത്. കഴിഞ്ഞ 8 വര്‍ഷത്തിനിടെ കങ്കണയുടെ 11 ചിത്രങ്ങളാണ് തുടര്‍ച്ചയായി ബോക്‌സോഫീസില്‍ തകര്‍ന്നുവീണത്. മണികര്‍ണിക എന്ന ചിത്രം മാത്രമാണ് കൂട്ടത്തില്‍ കുറച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചത്.
2006 ല്‍ 'ഗാങ്സ്റ്റര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ കങ്കണ ക്വീന്‍ അടക്കം നിരവധി മികച്ച ചിത്രങ്ങള്‍ ചെയ്തിരുന്നു. 17 വര്‍ഷമായി കങ്കണ സിനിമയില്‍ എത്തിയിട്ട്. ഇതിനിടെ 40 ചിത്രങ്ങളാണ് കങ്കണയുടെതായി തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ 2015 മുതല്‍ ചെയ്ത ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ പരാജയമാവുകയായിരുന്നു.
2015 ഐ ലവ് ന്യൂ ഇയര്‍ എന്ന ചിത്രമാണ് ആദ്യം പരാജയമായത്. പിന്നീട് കട്ടി ബട്ടി, റങ്കൂണ്‍, സിമ്രാന്‍ തുടങ്ങിയ ചിത്രങ്ങളും കനത്ത പരാജയം നേടി. 91.9 കോടി നേടിയ മണികര്‍ണിക മാത്രമാണ് ബോക്‌സോഫീസില്‍ നേരിയ ചലനം സൃഷ്ടിച്ച കങ്കണ ചിത്രം. ജഡ്ജ്‌മെന്റല്‍ (33.11 കോടി), 'പംഗ' (28.9 കോടി), ധാക്കഡ് (2.58 കോടി) എന്നീ ചിത്രങ്ങളും വലിയ പരാജയമായി മാറി.
ഇതിനിടെ രണ്ട് തമിഴ് ചിത്രങ്ങളിലും കങ്കണ അഭിനയിച്ചു. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി, രജനീകാന്ത് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായി ഇറങ്ങിയ ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളായിരുന്നു അത്. എന്നാല്‍ ഇരു ചിത്രങ്ങളും ബോക്‌സോഫീസില്‍ പരാജയമായി മാറി. ഇതിനിടെ കങ്കണ നിര്‍മിച്ച ടികു വെഡ്‌സ് ഷേരുവും ബോക്‌സോഫീസില്‍ പരാജയമായി.
അതേസമയം കങ്കണയുടെ ഉയര്‍ന്ന പ്രതിഫലമാണ് ചിത്രങ്ങളുടെ പരാജയങ്ങളുടെ ആഘാതം കൂട്ടുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. 12 കോടി രൂപയിലധികമാണ് തേജസ് സിനിമയില്‍ പ്രതിഫലമായി കങ്കണ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 100 കോടി രൂപയിലധികം മുതല്‍ മുടക്കിയാണ് തേജസ് ഒരുക്കിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്ത ഒരാഴ്ച കഴിയുമ്പോള്‍ 5 കോടിയോളം രൂപ മാത്രമാണ് തേജസ് കളക്ട് ചെയ്തിരിക്കുന്നത്.
തിയേറ്ററുകള്‍ നശിപ്പിക്കരുത്, അഭ്യര്‍ത്ഥനയുമായി കങ്കണ
ഇതിനിടെ തേജസ് കുടുംബവുമായി തിയേറ്ററുകളില്‍ പോയി കാണണമെന്നര്‍ഭ്യര്‍ത്ഥിച്ച് കങ്കണയെത്തി.
'കോവിഡിന് മുമ്പും കോവിഡിന് ശേഷവുമെല്ലാം തിയറ്ററുകളിലെക്കുള്ള ആളുകളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു, പല തീയറ്ററുകളും അടച്ചുപൂട്ടുന്നു, സൗജന്യ ടിക്കറ്റുകള്‍ക്കും ന്യായമായ നിരവധി ഓഫറുകള്‍ക്കും ശേഷവും ആളുകള്‍ എത്തുന്നത് കുറയുന്നത് തുടരുകയാണ്. തീയേറ്ററുകളില്‍ സിനിമകള്‍ കാണാനും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ആസ്വദിക്കാനും ആളുകളോട് അഭ്യര്‍ത്ഥിക്കുകയാണ്. അല്ലെങ്കില്‍ അവര്‍ക്ക് (തീയറ്ററുകള്‍) അതിജീവിക്കാന്‍ കഴിയില്ല. നന്ദി.' എന്നായിരുന്നു കങ്കണയുടെ പ്രതികരണം.
കങ്കണയെ പരിഹസിച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയത് നടന്‍ പ്രകാശ് രാജും പരിഹാസമായി രംഗത്ത് എത്തി.'ഇന്ത്യയ്ക്ക് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. ഒന്നു കാത്തിരിക്കൂ. പതുക്കെ കയറിവരും'' എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. മുമ്പ് ഇന്ത്യയ്ക്ക് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമായിരുന്നെന്ന് കങ്കണ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശം മുന്‍നിര്‍ത്തിയായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം.
അതേസമയം ഇന്ദിരാഗാന്ധിയുടെ ജീവിതവും ഇന്ത്യയിലെ അടിയന്തരാവസ്ഥയും അടിസ്ഥാനമാക്കി കങ്കണ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന എമര്‍ജന്‍സി ആണ് അണിയറയില്‍ ഒരുങ്ങുന്ന കങ്കണ ചിത്രം. ചിത്രത്തിന്റെ നിര്‍മാണവും കങ്കണ തന്നെയാണ്.