നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ; പോക്സോ കേസും രജിസ്റ്റർ ചെയ്ത് തെലങ്കാന പോലീസ്

നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ; പോക്സോ കേസും രജിസ്റ്റർ ചെയ്ത് തെലങ്കാന പോലീസ്

നൃത്തസംവിധാന സഹായിയായി പ്രവർത്തിച്ചുവരികയായിരുന്ന ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് അറസ്റ്റ്
Updated on
1 min read

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്ററെ അറസ്റ്റ് ചെയ്ത് തെലങ്കാന പോലീസ്. നൃത്തസംവിധാന സഹായിയായി പ്രവർത്തിച്ചുവരികയായിരുന്ന ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് നടപടി.

ബെംഗളൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ ഹൈദരാബാദ് പോലീസിനു കൈമാറിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. തെലങ്കാനയിലെ റായ്‌ദുർഗം പോലീസ് സ്റ്റേഷനിലെത്തിയായിരുന്നു യുവതി പരാതി നൽകിയത്.

ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വർഷങ്ങളായി ഇത് തുടർന്നുവരികയാണെന്നുമാണ് യുവതിയുടെ മൊഴി. പ്രായപൂർത്തിയാവും മുമ്പേ തുടർന്ന അതിക്രമമെന്ന് ബോധ്യപ്പെട്ടതിനാൽ ജാനി മാസ്റ്റർക്കെതിരെ പോക്സോ നിയമപ്രകാരമുളള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ യുവതിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ.

നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ; പോക്സോ കേസും രജിസ്റ്റർ ചെയ്ത് തെലങ്കാന പോലീസ്
നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെ ലൈംഗികാരോപണം; ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്ന് സഹപ്രവർത്തകയുടെ മൊഴി

ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഉൾപ്പെടെ വിവിധ നഗരങ്ങളിലെ ഷൂട്ടിങ്ങിനിടെ ഇയാൾ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരി പറയുന്നു. നർസിങ്ങിലെ തന്റെ വീട്ടിൽവെച്ച് പലതവണ ഉപദ്രവിച്ചതായും മൊഴിയിലുണ്ട്. യുവതി നർസിങ്ങിൽ താമസിക്കുന്നതിനാൽ, കേസ് അവിടത്തെ പോലീസിന് കൈമാറിയെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം ആഭ്യന്തര അന്വേഷണം നടത്താനും പോലീസിൽ പരാതിപ്പെടാനും തെലങ്കാനയിലെ വനിതാ സുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ ശിഖ ഗോയൽ സിനിമാ സംഘടനകളോട് നിർദേശിച്ചിരുന്നു. തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും തൊഴിലാളി യൂണിയനും ജാനി മാസ്റ്ററുടെ അം​ഗത്വം സസ്‌പെൻഡ് ചെയ്‌തതായി അറിയിച്ചു.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി അനേകം മികച്ച ചിത്രങ്ങൾക്കുവേണ്ടി കൊറിയോ​ഗ്രാഫി ചെയ്തിട്ടുണ്ട് ഷെയ്ഖ് ജാനി. ജെയ്ലർ, മാരി 2, സ്ത്രീ 2, പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം തുടങ്ങിയവ അവയിൽ ചിലത്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയുടെ നേതാവുമാണ്.

logo
The Fourth
www.thefourthnews.in